സുരേന്ദ്രന്റെ കണ്ടൽഗ്രാമം
text_fieldsകാൽ നൂറ്റാണ്ടായി കേരളത്തിൽ അങ്ങോളമിങ്ങോളം കണ്ടൽച്ചെടികൾ നട്ടുവളർത്തി പരിപാലിക്കുന്ന ഒരാളുണ്ട്, തലശ്ശേരി ധർമടത്തെ സുരേന്ദ്രൻ. അഞ്ചു ലക്ഷത്തോളം വിവിധതരം കണ്ടൽച്ചെടികൾ അദ്ദേഹം നട്ടുകഴിഞ്ഞു. നാലുവശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട ധർമടം ദ്വീപുകാരനായ സുരേന്ദ്രൻ ഈ പ്രദേശത്തെ കണ്ടൽഗ്രാമംതന്നെയാക്കി മാറ്റിയിരിക്കുകയാണ്.
വനവൃക്ഷങ്ങൾ തടിയിലും ശിഖരങ്ങളിലും കാർബൺ പിടിച്ചുവെക്കുമ്പോൾ കണ്ടലുകൾ ജലാശയത്തിന്റെ അടിത്തട്ടിലുള്ള അവയുടെ വേരുകൾക്ക് സമീപത്തായാണ് കാർബണുകൾ സംഭരിക്കുന്നത്. 1996-97 കാലഘട്ടത്തിലാണ് കേരളത്തിൽ കണ്ടൽക്കാടുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രകൃതിദുരന്തങ്ങളെ നേരിട്ട് മണ്ണൊലിപ്പ് തടയാനും കാറ്റിനെ ഒരു പരിധി വരെ തടഞ്ഞുനിർത്താനും മത്സ്യങ്ങളുടെ പ്രജനനത്തിനും പ്രകൃതിയുടെ വരദാനമായ കണ്ടൽക്കാടുകൾക്ക് കഴിയും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ വനം വന്യജീവി വകുപ്പ് പരീക്ഷണാർഥം കണ്ടൽ നട്ടുവളർത്തൽ പദ്ധതിക്കു തുടക്കമിട്ടു.
ഈ പ്രവർത്തനങ്ങൾ നടത്തുന്നതിനായി വനം വകുപ്പ് കണ്ടെത്തിയ രണ്ട് വ്യക്തികൾ കല്ലേൻ പൊക്കുടനും ധർമടം സുരേന്ദ്രനുമായിരുന്നു.
കണ്ടലുകൾ വളരുന്നു
കണ്ണൂർ ഫോറസ്റ്റ് ഡിവിഷനു കീഴിൽ വരുന്ന കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസറും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന കെ.വി. ഉത്തമന്റെ നിർദേശപ്രകാരം പഴയങ്ങാടി പ്രദേശത്തുനിന്ന് കല്ലേൻ പൊക്കുടൻ കണ്ടൽവിത്തുകൾ ശേഖരിച്ചു നൽകുകയും ധർമടം സുരേന്ദ്രൻ അത് തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളിൽ നട്ടുവളർത്തുകയും ചെയ്തു. അതേ കാലഘട്ടത്തിൽ നാട്ടിൽനിന്ന് കിട്ടിയ വിത്തുകൾ ഉപയോഗിച്ച് പരീക്ഷണാർഥം നഴ്സറികളും ഉണ്ടാക്കി. ആരംഭഘട്ടത്തിൽ ഒട്ടേറെ നഴ്സറികൾ നഷ്ടപ്പെട്ടെങ്കിലും പിന്നീട് കണ്ടലിന്റെ ആവാസവ്യവസ്ഥകൾ മനസ്സിലാക്കി നഴ്സറികളുണ്ടാക്കി കേരളത്തിന്റെ പല പ്രദേശങ്ങളിലും കണ്ടലുകൾ നട്ടുവളർത്തി.
ഇതോടൊപ്പം കണ്ടലിന്റെ നാട്ടറിവ് ശേഖരിച്ചു. ഇന്ത്യയുടെ വിവിധഭാഗങ്ങളിലുള്ള ഗവേഷക വിദ്യാർഥികളും ശാസ്ത്രജ്ഞരും സ്കൂൾ, കോളജ് വിദ്യാർഥികളും തലശ്ശേരിയിലെ കണ്ടൽപ്രദേശങ്ങളിൽ പഠനത്തിനായി വരാറുണ്ട്. ഏത് കണ്ടലും അനുബന്ധ സസ്യങ്ങളും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സുരേന്ദ്രനു കഴിയും. കണ്ടൽക്കാടുകളിലെ ആവാസവ്യവസ്ഥയും നാട്ടറിവുകളും ജീവജാലങ്ങളും സസ്യങ്ങളും എല്ലാം അദ്ദേഹത്തിന് അറിയാം. ഓട്ടോ തൊഴിലാളികൂടിയായ സുരേന്ദ്രൻ അതോടൊപ്പം പരിസ്ഥിതി പ്രവർത്തനവും കണ്ടൽ സംരക്ഷണവും ഒരുമിച്ചുകൊണ്ടുപോവുന്നു. കണ്ടലിനെക്കുറിച്ചുള്ള അറിവുകൾ ജനങ്ങളെ ബോധ്യപ്പെടുത്തി പരിസ്ഥിതി നശീകരണം തടയുകയും പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യാറുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ഒട്ടേറെ പുരസ്കാരങ്ങളും സുരേന്ദ്രന് ലഭിച്ചിട്ടുണ്ട്.
'കണ്ടൽക്കാടുകൾ ഏറ്റെടുക്കണം'
''കണ്ടൽക്കാടുകൾക്ക് പ്രാധാന്യം നൽകി സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണം. കേരളത്തിൽ ഒരുകാലത്ത് നല്ല കൃഷിസ്ഥലങ്ങളായിരുന്ന ചെമ്മീൻപാടങ്ങളും കൈപ്പാട്നിലങ്ങളും അശാസ്ത്രീയ ബണ്ട് നിർമാണം, കീടനാശിനി പ്രയോഗം,രാസമാലിന്യങ്ങളുടെ അതിപ്രസരം എന്നിവമൂലം നാശത്തിലായി. ഇങ്ങനെയുള്ള സ്ഥലങ്ങൾ ഇപ്പോൾ കണ്ടൽക്കാടുകളാൽ സമൃദ്ധമാണ്. ഇവ അർഹമായ പണം നൽകി സർക്കാർ എറ്റെടുക്കണം. കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത് തടയാൻ ശക്തമായ നിയമനിർമാണം നടത്തണം'' -ധർമടം സുരേന്ദ്രൻ പറയുന്നു.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.