വംശനാശഭീഷണിയില്‍ തായ്‌വാന്‍ ജനതയുടെ 'ഗോഡ് ഫ്ളവർ'
text_fieldsമധ്യ തായ്‌വാന്‍ ഗോത്രവര്‍ഗക്കാരുടെ ആഘോഷചടങ്ങുകളിലെ പ്രധാന ഘടകമാണ് ഗോള്‍ഡന്‍ ഗ്രാസ് ഓര്‍ക്കിഡെന്ന സസ്യം. പേര് പോലെ സ്വര്‍ണനിറത്തിലാണ് പൂവിന്റെ ഇതളുകള്‍ കാണപ്പെടുക. കാഴ്ചക്ക് മനോഹരമാണെങ്കിലും ഇവയ്ക്ക് മണമില്ല. 'ഗോഡ് ഫ്‌ളവറെ'ന്നും ഇവ അറിയപ്പെടുന്നു. പ്രധാനമായും അലിഷൻ മലനിരകളിലാണ് ഇവ കാണപ്പെടുന്നത്. ഇപ്പോൾ ഇവയുടെ എണ്ണത്തിൽ കാര്യമായ കുറവാണ് സംഭവിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമെന്നാണ് ഗോത്രവര്‍ഗക്കാരായ സോ ജനത പറയുന്നത്.
അലിഷന്‍ വെതര്‍ സ്റ്റേഷനിലെ പ്രാദേശിക താപനില റിപ്പോര്‍ട്ടുകള്‍ പ്രകാരം ശരത്ക്കാലത്തും ശീതകാലത്തും കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ മേഖലയിലെ താപനിലയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സസ്യത്തിന്റെ അതിജീവനത്തിന് തടസ്സമാകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശീതക്കാലത്ത് 12 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് പൂമൊട്ടുകള്‍ ഉണ്ടാകുന്നത്. പിന്നീട് വസന്തക്കാലം എത്തുമ്പോഴേക്കും പൂക്കൾ വിരിയും. എന്നാല്‍ ആഗോളതാപനത്തിന്റെ ഫലമായി നവംബര്‍ മാസത്തിലെ താപനില പ്രദേശത്ത് 12 ഡിഗ്രി സെല്‍ഷ്യസിലും കൂടുതലാണ്. 2050-ഓടെ ഇത് 16 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നും അലിഷന്‍ വെതര്‍ സ്റ്റേഷന്‍ മുന്നറിയിപ്പ് നല്‍കി.
ഇന്നിപ്പോള്‍ മലനിരകളിൽ വളരെ ഉയരമുള്ള മേഖലകളില്‍ മാത്രം കാണാവുന്ന അത്യപൂര്‍വ സസ്യമായി ഇവ മാറി കഴിഞ്ഞു. ദൈവത്തിന്റെ അതിര്‍ത്തി ഈ സസ്യത്തിന്റെ സാന്നിധ്യത്താല്‍ സമ്പന്നമാണെന്നും തായ്‌വാന്‍ ജനത വിശ്വസിക്കുന്നു. പൂവ് ഇല്ലാതാവുന്ന സാഹചര്യത്തിൽ ചടങ്ങുകള്‍ക്ക് പകരം എന്ത് ഉപയോഗിക്കുമെന്ന ആശങ്കയിലാണ് തായ്‌വാന്‍ ജനത. ചിലരാകട്ടെ പൂവിന്റെ എണ്ണത്തിലുണ്ടായ കുറവിനെ ഇനിയും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. അടിക്കടിയുള്ള വരള്‍ച്ചയും വര്‍ധിക്കുന്ന താപനിലയും മധ്യ തായ്‌വാന്‍ ജനത അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ്. ഇവയൊക്കെയും 'ഗോഡ് ഫ്ളവറിന്‍റെ' നിലനിൽപ്പിനെ ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.