തമിഴ് നാട്ടിലെ ഗ്രാമം പലായനത്തിന്‍റെ വക്കിൽ, കാരണം ഉറുമ്പുകൾ!
text_fieldsദിന്ദിഗുൾ: തമിഴ് നാട്ടിലെ ഏഴ് ഗ്രാമങ്ങളിലെ നൂറോളം പേർ ദുരന്തത്തിലാണ്. കാരണക്കാർ മറ്റാരുമല്ല; ചോണനുറുമ്പുകൾ! ഇവയുടെ കൂട്ട ആക്രമണം കാരണം കന്നുകാലികളും മുയലുകളും, എന്തിന് പാമ്പുകൾ പോലും ചത്തുവീഴുകയാണ്!
ആരെയും കുത്തി നോവിക്കാത്ത ഇവർ ഉപദ്രവകാരികളാകുന്നത് ശരീരത്തിൽ അടങ്ങിയിരിക്കുന്ന ഫോമിക് ആസിഡ് കാരണമാണ്. ആസിഡ് ചീറ്റുന്നത് കാരണം ജനങ്ങൾക്കും മൃഗങ്ങൾക്കും ത്വക്ക് രോഗങ്ങളും അണുബാധയും പടരുകയാണ്.
തമിഴ് നാട്ടിലെ ദിന്ദിഗുൾ ജില്ലയിലെ കരന്തമലൈ കാട്ടിലാണ് പ്രശ്നം രൂക്ഷമാകുന്നത്. ഇവിടെ മിക്കവരും കർഷകരും കന്നുകാലികളെ മേച്ച് ജീവിക്കുന്നവരുമാണ്. അതിവേഗത്തിൽ ശരീരത്തിലേക്ക് ഇരച്ച് കയറുന്നത് കാരണം കാലി മേക്കാനായി കാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു.
കരന്തമലൈ കാടിനടുത്ത് താമസിക്കുന്നവർ ചോണനുറുമ്പിന്‍റെ ശല്യം കാരണം പ്രദേശത്ത് നിന്ന താമസം മാറി. "ഇവയുടെ പെരുപ്പം ഞങ്ങൾക്ക് നിയന്ത്രിക്കാനാകുന്നില്ല. താമസം മാറുക മാത്രമായിരുന്നു വഴി," പ്രദേശവാസിയായ നാഗമ്മാൾ പറഞ്ഞു. ഇവരുടെ വരുമാന മാർഗം കൂടിയായിരുന്ന ആടിനെ ചോണനുറുമ്പുകൾ കൂട്ടമായി ആക്രമിച്ചിരുന്നു.
എന്തുകൊണ്ടാണ് ചോണനുറുമ്പുകളുടെ എണ്ണം ഭീതിതമായ രീതിയിൽ പെരുകുന്നതെന്ന് അറിയില്ലെന്ന് വെറ്ററിനറി ഡോക്ടറായ സിങ്കമുത്തു പറഞ്ഞു. "കാട്ടിലേക്ക് കാലികളെ മേയാൻ വിടരുതെന്നാണ് നിലവിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇവയുടെ ആസിഡ് മൃഗങ്ങളുടെ കണ്ണിൽ പതിക്കുന്നത് അപകടമാണ്," അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാണപ്പെട്ടതിലും കൂടുതൽ കൂട്ടങ്ങളായാണ് ഇത്തവണ ചോണനുറുമ്പുകൾ എത്തിയിരിക്കുന്നത്. അന്തരീക്ഷ താപം ഉയർന്നതും പ്രതികൂലമായി. കാരണം, ഈ സമയത്ത് ഇവക്ക് വിശപ്പ് കൂടുതലായിരിക്കുമെന്നതിനാൽ ആക്രമണവും കടുക്കുമെന്ന് എന്‍റോമോളജിസ്റ്റായ ഡോ. ധർമരാജൻ പറയുന്നു.
മുമ്പ് ആസ്ത്രേലിയയിൽ ചോണനുറുമ്പുകൾ നടത്തിയ ആക്രമണത്തിൽ ലക്ഷക്കണക്കിന് ഞണ്ടുകളാണ് ചത്തത്. അനോപ്ലോലെപിസ് ഗ്രാസിലിപ്സ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവര്‍ ലോകത്തിലെ ഏറ്റവും അക്രമണാത്മക അധിനിവേശക്കാരായ നൂറു ജീവികളില്‍ ഒന്നായാണ് ഇന്‍റർനാഷണൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പരിഗണിച്ചിരിക്കുന്നത്.
ചിതറിയുള്ള ഓട്ടമാണിവയുടെ പ്രത്യേകത. അതുകൊണ്ട് യെലോ ക്രേസി ആന്‍റ് എന്നും ഇവ അറിയപ്പെടാറുണ്ട്. മറ്റ് ഉറുമ്പുകള്‍ക്ക് മേല്‍കൈയുള്ള പ്രദേശങ്ങളില്‍ എത്തിയാല്‍ അവരെ പതുക്കെ ഒഴിവാക്കി അവിടം സ്വന്തമാക്കാന്‍ സമർഥരാണിവര്‍. കൂടാതെ തദ്ദേശ സസ്യ ജന്തുജാലങ്ങള്‍ക്ക് വന്‍ ഭീഷണിയുമാണ്.
ഇവക്ക് കൃത്യമായ ഭക്ഷണ മുൻഗണനകൾ ഇല്ല. വിത്ത്, ധാന്യങ്ങൾ, ഷഡ്പദങ്ങൾ, ജീര്‍ണ്ണാവശിഷ്ടം എന്നിവയെ ഭക്ഷണമാക്കാറുണ്ട്. കൂടകാതെ ഒച്ചുകള്‍, ഞണ്ടുകള്‍, മണ്ണിരകള്‍, പ്രാണികള്‍ തുടങ്ങിയവയെ ആക്രമിച്ച് കൊന്ന് തിന്നുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.