വിഴിഞ്ഞം സമര നേതൃത്വത്തിലുള്ള ചിലരെ നയിക്കുന്നത് ഏതെങ്കിലും ബാഹ്യ ശക്തികളാണോയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള സമര നേതൃത്വത്തിലുള്ള ചിലരെ നയിക്കുന്നത് ഏതെങ്കിലും ബാഹ്യ ശക്തികളാണോ എന്ന് സംശയിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലത്തീന്‍ സഭയുടെ പൊതുനിലപാടല്ല വിഴിഞ്ഞം സമരസമിതിയുടേത്. സഭയുടെ പൊതുനിലപാടിന് വിരുദ്ധമായി പോകുന്ന ആളുകള്‍ ആരുടെ നാവായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സ്വാഭാവികമായും ജനങ്ങള്‍ക്ക് സംശയം തോന്നും. ചിലരുടെ പ്രവര്‍ത്തനം സദുദ്ദേശത്തോടെയല്ല. ചിലര്‍ക്കെങ്കിലും സങ്കുചിത രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് സ്റ്റേഷന്‍ ആക്രമണം പൊടുന്നനെ ഉണ്ടായ ഒരു സംഭവമല്ല. ജൂലായില്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേത് തുടര്‍ച്ചയായ ആക്രമണ പരമ്പരയുടെ ഭാഗമായിരുന്നു. ആഗസ്റ്റ് എട്ടിന് കാല്‍നട യാത്രക്കാരെയും വാഹനങ്ങളെയും തടസപ്പെടുത്തുന്ന രീതിയിലേക്ക് സമരം മാറിയിരുന്നു. ആഗസ്റ്റ് 20 ന് പോലീസിന്റെ ബാരിക്കേഡുകളും ഫൈബര്‍ ലാത്തികളും ഹെല്‍മെറ്റുകളും നശിപ്പിക്കുന്ന അനുഭവമുണ്ടായി.
ആഗസ്റ്റ് 22 ന് തുറമുഖ നിര്‍മ്മാണ സ്ഥലത്തേക്കുള്ള പൂട്ട് ബലമായി പൊട്ടിച്ച് പോര്‍ട്ടിനകത്തെ ടവറില്‍ അതിക്രമിച്ചു കയറി. തൊട്ടടുത്ത ദിവസം വീണ്ടും പോര്‍ട്ടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറുകയും കസേരകളും ഹാലജന്‍ ലൈറ്റുകളും നിശിപ്പിക്കുകയുണ്ടായി. ആഗസ്റ്റ് 31 ന് അവിടെയുണ്ടായിരുന്ന ലോറിയുടെ ഗ്ലാസ് തകര്‍ത്തു. സെപ്റ്റംബര്‍ ഒന്നിന് പോലീസിന്റെ ഡ്രോണ്‍ തകര്‍ത്തു. ഒരു പോലീസുകാരന് പരിക്കേല്‍പ്പിച്ചു.
ബാരിക്കേഡുകള്‍ അടക്കമുള്ള പൊതുമുതല്‍ നശീകരണം പതിവാക്കി മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ ഒമ്പതിന് വനിതാ പോലീസുകാരെ ആക്രമിക്കുകയും പ്രധാന റോഡില്‍ ഷെഡ് കെട്ടി പ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്തു. ഒക്‌ടോബര്‍ 10 ന് പോലീസിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ ആക്രമിച്ചു. ഇതിനെല്ലാം പുറമെയാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചും ബോട്ടുകത്തിക്കല്‍ അടക്കമുള്ള പദ്ധതിയും അരങ്ങേറിയത്.
കോടതി വിധി ധിക്കരിച്ചു അക്രമസമരം നടത്തുക, വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണം നടത്തുക, പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു നശിപ്പിക്കുക, ക്രമസമാധാനം പാലിക്കാന്‍ എത്തിയ പൊലീസുദ്യോഗസ്ഥരെ മാരകമായ രീതിയില്‍ ആക്രമിക്കുക, പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുക, മണിക്കൂറുകളോളം തെരുവില്‍ അഴിഞ്ഞാടുക ഇതാണ് സമരത്തിന്റെ പേരില്‍ അവിടെ ഉണ്ടായത്.
നാടിനെയും ജനങ്ങളെയും സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ സ്ഥിതിയാണിത്. ഇത്തരം അക്രമങ്ങള്‍ ഒരു ജനാധിപത്യ സംവിധാനത്തിലും അനുവദിക്കപ്പെട്ടുകൂടാ. ഇപ്പോള്‍ ഏകപക്ഷീയമായ ആക്രമണങ്ങളാണുണ്ടായത്. പൊലീസിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ് അത് ഏറ്റുമുട്ടലിലേക്ക് പോകാതിരുന്നത്. തുറമുഖ പദ്ധതിക്കെതിരായ സമരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അണിചേര്‍ന്നിട്ടില്ല.
മൂലധനനിക്ഷേപവും പശ്ചാത്തല സൗകര്യവികസനവും കേരളത്തില്‍ എങ്ങനെ എത്താതിരിക്കാമെന്നാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവരുടെ ചില സംസ്ഥാന നേതാക്കള്‍ ആചോലിക്കുന്നത്. ഇവര്‍ക്ക് ശക്തിപകരാന്‍ കോണ്‍ഗ്രസും യു.ഡി.എഫും ഇതുവരെ സ്വീകരിച്ച സമീപനത്തില്‍ നിന്നും ഇനിയെങ്കിലും പിന്തിരിയണം. നാടിന്റെ വികസന കാര്യത്തിൽ ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.