Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightമഴക്കാല...

മഴക്കാല തയാറെടുപ്പുപ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കണമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
മഴക്കാല തയാറെടുപ്പുപ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കണമെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം : മഴക്കാല തയാറെടുപ്പുപ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് അദ്ദേഹം നിർദേശം നൽകിയത്.

ജൂണ്‍ നാലിന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യആഴ്ചയില്‍ പ്രത്യേകമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ കലക്ടര്‍മാരുടെയോ നേതൃത്വത്തില്‍ ഇത്തരത്തില്‍ യോഗം ചേരണം. അതില്‍ ഓരോപ്രവര്‍ത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആപതാമിത്ര, സിവില്‍ ഡിഫന്‍സ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവര്‍ക്ക് പ്രാദേശികമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കണം.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരുസ്ഥലം/കെട്ടിടം കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ വാങ്ങിയോ, മഴക്കാലത്തേക്ക് വാടകക്ക് എടുത്തോ ശേഖരിച്ച് വെക്കണം. ആപതാമിത്ര, സിവില്‍ ഡിഫന്‍സ് തുടങ്ങിയ പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരെ അഗ്നി സുരക്ഷാ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ഈ കേന്ദ്രവുമായി ബന്ധിപ്പിക്കണം.

ഈ കേന്ദ്രത്തിന്‍റെ ദൈനംദിന മേല്‍നോട്ടം തദ്ദേശ സ്ഥാപനത്തിനായിരിക്കും. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ സമയനഷ്ടംകൂടാതെ പ്രാദേശികമായി രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ ഇത് ഗുണകരമാവും. ഇതിനാവശ്യമായ തുക ദുരന്തപ്രതികരണനിധിയില്‍ നിന്ന് അനുവദിക്കും. ഓരോ ഗ്രാമപഞ്ചായത്തിനും ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്ന ലക്ഷംരൂപയും കോര്‍പറേഷന് അഞ്ചു ലക്ഷംരൂപ വരെയും സംസ്ഥാന ദുരന്തനിവാരണഅതോറിറ്റി നിര്‍ദേശിക്കുന്ന ഉപകരണങ്ങള്‍ വാങ്ങുവാനും സംഭരണകേന്ദ്രം ആരംഭിക്കുന്നതിനും, ഈ വര്‍ഷം നടത്തുന്നതിനുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് ആവശ്യാനുസരണം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു..

കൂടുതലായി ഉപകരണങ്ങള്‍ ആവശ്യമായി വന്നാല്‍ തദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ സ്വരൂപിക്കണം. ഉപകരണങ്ങള്‍ വാങ്ങുന്നുവെങ്കില്‍ മഴക്കാല ശേഷം അഗ്നി സുരക്ഷാ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ പുനരുപയോഗിക്കാവുന്ന തരത്തില്‍ സൂക്ഷിക്കണം. അതിതീവ്രമഴ ലഭിച്ചാല്‍ നഗരമേഖകളില്‍ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത മുന്‍കൂട്ടികണ്ട് ഡ്രെയിനേജ് സംവിധാനങ്ങള്‍ വൃത്തിയാക്കി വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം. ഇവ മോണിറ്റര്‍ ചെയ്യാന്‍ എല്ലാ ജില്ലകളിലും പ്രത്യേകം സംവിധാനം രൂപീകരിക്കണം.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങൾ അതിതീവ്രമഴ പെയ്താല്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപം കൊള്ളാന്‍ സാധ്യതയുള്ളവയാണ്. ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ, ഓപ്പറേഷന്‍ അനന്ത തുടങ്ങിയവക്ക് തുടര്‍ച്ചയുണ്ടാവണം. അവയുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അടിയന്തരമുന്‍കരുതലുകള്‍ എടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍, ഹോര്‍ഡിങ്ങുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കുന്ന പ്രവര്‍ത്തനം ക്യാമ്പയിന്‍ മോഡില്‍ ഡ്രൈവ് നടത്തി മഴക്ക് മുന്നോടിയായി പൂര്‍ത്തീകരിക്കണം. റോഡില്‍ പണിനടക്കുന്നയിടങ്ങളില്‍ സുരക്ഷാബോര്‍ഡുകള്‍ ഉറപ്പാക്കണം. റോഡിലുള്ള കുഴികള്‍ അടക്കാനുള്ള നടപടിയും അടിയന്തരമായി സ്വീകരിക്കണം. കുഴികളും മറ്റും രൂപം കൊണ്ട സ്ഥലങ്ങളില്‍ ആളുകള്‍ക്ക് അപകടം പറ്റാതിരിക്കാന്‍ മുന്നറിയിപ്പ്ബോര്‍ഡുകള്‍ വെക്കണം.

കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വവും ഉറപ്പാക്കണം. ഓടകള്‍ വൃത്തിയാക്കാന്‍ തുറന്നിടുകയോ, സ്ലാബുകള്‍ തകരുകയോ ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ അപകടമുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണം. ഇവയുടെ അറ്റകുറ്റപണികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് നടപ്പാതകള്‍ സുരക്ഷിതമാക്കണം.

ക്യാമ്പുകളില്‍ ശുചിമുറികള്‍, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണം. ക്യാമ്പുകള്‍ നടത്താന്‍ കണ്ടെത്തിയ കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രാദേശികസര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പരസ്യപ്പെടുത്തണം. ക്യാമ്പിലേക്കുള്ള വഴികള്‍ ഉള്‍പ്പെടെ മാര്‍ക്ക് ചെയ്തുകൊണ്ടായിരിക്കണം ഇത് പ്രസിദ്ധീകരിക്കുന്നത്. ഈ പ്രവര്‍ത്തനം നടന്നു എന്ന് തദ്ദേശ വകുപ്പ് ജില്ലാജോയിന്‍റ് ഡയറക്ടര്‍ ഉറപ്പ് വരുത്തുകയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുകയും ചെയ്യണം.

ഉരുള്‍പൊട്ടല്‍ സാധ്യതകണക്കാക്കുന്ന മലയോരമേഖലയില്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണ കാമ്പയിനും പരിശീലനവും നല്‍കണം. ആളുകള്‍ക്ക് അപകടസാധ്യത മനസ്സിലാക്കി ക്യാമ്പുകളിലേക്ക് സ്വയം മാറാന്‍ സാധിക്കുന്നതരത്തില്‍ പരിശീലനം നല്‍കണം.

വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ അപകടസാധ്യത മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കണം.മലവെള്ളപ്പാച്ചില്‍ ഉണ്ടാവാന്‍ ഇടയുള്ള ജലാശയങ്ങളില്‍ സുരക്ഷാമുന്നറിയിപ്പ് നല്‍കാന്‍ ആവശ്യമായ സംവിധാനം ഒരുക്കും. ഇത്തരം കേന്ദ്രങ്ങളില്‍ ഗാര്‍ഡുമാര്‍ക്കും വനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അടിയന്തിരബന്ധപ്പെടലുകള്‍ക്കായി ഉപകരണങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023 ലെ ഓറഞ്ച് ബുക്ക് യോഗം അംഗീകരിച്ചു.

യോഗത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വൈസ് ചെയര്‍മാനായ മന്ത്രി കെ രാജന്‍, അംഗങ്ങളായ മന്ത്രി പി പ്രസാദ്, ചീഫ് സെക്രട്ടറി വി. പി ജോയ്, ആഭ്യന്തരസെക്രട്ടറി ഡോ. വി വേണു, ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, വകുപ്പ് സെക്രട്ടറിമാര്‍, സംസ്ഥാന പൊലീസ് മേധാവി, ഫയര്‍ഫോഴ്സ് മേധാവി, വിവിധ കേന്ദ്രസേനാ പ്രതിനിധികള്‍, ജില്ലാ കലക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:preparations for the rainy season
News Summary - The chief minister wants to intensify the preparations for the rainy season
Next Story