ആൻവിക്ക് അഥവാ വിഷം വളരുന്ന പടിഞ്ഞാറൻ ഉദ്യാനം
text_fieldsനോർദംബർലാന്‍റ്: യു.കെ, നോർദംബർലാന്‍റിലെ ആൻവിക്ക് പൂന്തോട്ടം മനം മയക്കുന്നതാണ്. എന്നാൽ അവിടെ പോകുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പലതരം ശാരീരിക അസുഖങ്ങളുമായായിരിക്കും തിരികെ വരാനാവുക. വിശാലമായ ഉദ്യാനത്തിൽ പരിപാലിക്കപ്പെടുന്നത് നൂറിൽ പരം വിഷച്ചെടികളാണ് എന്നതുതന്നെ കാരണം. വിഷച്ചെടികളും മരങ്ങളുമാണെങ്കിലും ഒട്ടും വിരസമായ കാഴ്ചയല്ല ആൻവിക്കിലേത്. പുഷ്പിക്കുന്ന ചെടികളും ഇവിടെ ധാരാളമുണ്ട്. പ്രത്യേക രീതിയിൽ രൂപകൽപന ചെയ്ത ഈ ഉദ്യാനത്തിലേക്ക് വിനോദസഞ്ചാരികൾക്ക് എപ്പോഴും സ്വാഗതം.
ശ്രദ്ധിച്ചില്ലെങ്കിൽ അത് വിനയാകും. വിഷമുള്ളതും മയക്കുമരുന്നുകൾക്ക് ഉപയോഗിക്കുന്നതും സാന്നിധ്യമേറ്റാൽ വിഷബാധ ഏൽക്കുന്നതുമായ പലവിധത്തിലുള്ള ചെടികൾ ഇവിടെ തഴച്ച് വളരുന്നുണ്ട്. എന്നാൽ പുറംലോകം അറിയാത്ത അപൂർവ ഇനം വിഷച്ചെടികളുമല്ലതാനും. തോട്ടങ്ങളിൽ കണ്ട് വരുന്നതും പലപ്പോഴും നമ്മൾ അറിയാതെ പോകുന്നതുമായ വളരുന്ന ചെടികളും കൂട്ടത്തിലുണ്ട്. അതിനാൽ, സഞ്ചാരികളെ ശരീരം മുഴുവൻ ആവരണം ചെയ്യുന്ന സുരക്ഷ വസ്ത്രം ധരിപ്പിച്ചാണ് ഉദ്യാനത്തിന് അകത്ത് കയറ്റുക.
ഇവിടെയുള്ളതിൽ ഏറ്റവും വിഷമുള്ളത് റൈസിൻ (റൈസിനസ് കമ്മ്യൂണിസ്) എന്ന ചെടിയാണ്. ഗിന്നസ് ബുക്ക് പ്രകാരം ലോകത്ത് ഏറ്റവും വിഷമുള്ള ചെടിയാണിത്.
യു.കെയിലെ ഏറ്റവും വിഷമയമായ മരമാണ് യൂ മരങ്ങൾ. ടാക്സിൻ എന്ന വിഷം ഉത്പാദിപ്പിക്കുന്നവയാണിവ. 20 മിനിറ്റ് കൊണ്ട് നിങ്ങളെ കൊല്ലാൻ കഴിയുന്ന വിഷം. അതേസമയം, ഈ മരത്തിൽ നിന്ന് സ്തനാർബുദത്തിന് ഉപയോഗിക്കുന്ന ടാക്സോൾ എന്ന മരുന്നും വേർതിരിച്ചെടുക്കുന്നുണ്ട്.
യു.കെയിലെ രണ്ടാമത്തെ ഏറ്റവും കൂടിയ വിഷമുള്ള മരമായ ലബേർണം ഇവിടെ തളിർത്ത് നിൽക്കുന്നതും കാണാം. വസന്തം കഴിഞ്ഞ് വേനൽ തുടങ്ങുന്നതോടെ മഞ്ഞ പൂക്കൾ കുലയായി വിരിഞ്ഞ് നിൽക്കുന്ന ഈ മരം യു.കെയിൽ പലയിടത്തും കാണാം. സിറ്റിസിൻ എന്ന മാരക വിഷത്തിന്റെ കലവറയാണീ മരമെന്നത് എത്ര പേർക്കറിയാം.
നാഡീവ്യൂഹത്തിന് പരിക്കേൽപ്പിക്കുന്ന ഗ്രയാനോടോക്സിൻ ഉത്പാദിപ്പിക്കുന്ന ചെടിയാണ് റോഡോഡെന്‍ട്രോൺ. ഇത് ബ്രിട്ടനിൽ സാധാരണയായി കണ്ട് വരുന്നതാണ്. ഇതിന്‍റെ ഇലയാണ് വിഷം. എന്നാൽ കൂട്ടമായി റോഡോഡെന്‍ട്രോണുകൾ വളർന്നാൽ അവ നിൽക്കുന്ന മണ്ണ് കൂടി വിഷമയമായിപ്പോകുന്നതിനാൽ മറ്റ് ചെടികൾ ഒപ്പം വളരില്ല. റോഡോഡെന്‍ട്രോണുകൾ ഒരു പ്രദേശത്ത് കൂട്ടമായി വ്യാപിക്കുന്നതിന്‍റെ കാരണവുമിതാണ്.
സുന്ദരമായ പൂക്കളുള്ള റോഡോഡെന്‍ട്രോണുകളെ തേടി തേനീച്ചകൾ എത്താറുണ്ട്. എന്നാൽ ഇത്തരത്തിൽ ശേഖരിക്കുന്ന തേനിൽ അൽപം വിഷാംശം ഉണ്ടാകും. തേൻ ചുവന്നതാകും. ഇത് കഴിച്ചാൽ മയങ്ങിപ്പോയേക്കാം. ഒരുപാട് കഴിക്കുന്നത് മരണകാരണവുമാകും. പ്രൂണസ് ലോറോസെറാസസ് എന്നതാണ് മറ്റൊന്ന്. സയനൈഡ് വാതകം ഉത്പാദിപ്പിക്കാൻ കഴിയുന്ന ചെടിയാണിത്. ഇല കഴിക്കാനെത്തുന്ന മൃഗങ്ങളെ അപായപ്പെടുത്താൻ ചെടി സ്വയം സൃഷ്ടിച്ച പ്രതിരോധ മാർഗമാണിത്. ഇല വെട്ടാനോ മറ്റോ ആയി അടുത്ത് ചെന്നാൽ നമ്മളെയും ഈ ചെടി ഓടിക്കുമെന്നർത്ഥം.
ക്രിസ്തുമസ് റോസ് എന്നറിയപ്പെടുന്ന ചെടിയും ബ്രിട്ടനിൽ പലയിടത്ത് കാണപ്പെടുന്നതാണ്. ഇവയുടെ വേരിലുള്ളത് ഹൃദയസ്തംഭനം ഉണ്ടാക്കാനിടയുള്ള ഹെല്ലബോറിൻ എന്ന വിഷമാണ്. മെഡോസ്വീറ്റ്, വില്ലോ മരം, പെരിവിങ്കിൾ ചെടികൾ...അങ്ങനെ നീളുന്നു ആൻവിക്കിലെ ചെടിവിശേഷങ്ങൾ.
എന്നാൽ ഇത് കൊണ്ടൊന്നും തീരുന്നില്ല ഇവിടുത്തെ കഥകൾ. കുട്ടികൾക്കും മുതിർന്നവർക്കും മയക്കുമരുന്നുകളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ ഇവിടെ നടത്താറുണ്ട്. പൂന്തോട്ടം നിലനിർത്തുന്നതിന് പിന്നിൽ ഒരു കൂട്ടം ആളുകൾ പ്രവർത്തിക്കുന്നുണ്ട്. ഓപിയം പോപ്പികൾ, കഞ്ചാവ്, കാത്താ എഡുലിസ് തുടങ്ങിയ മയക്കുമരുന്ന് ചെടികളും ഇവിടെ വളർത്താനുള്ള ലൈസൻസ് ലഭിച്ചിട്ടുള്ളതായി ഉദ്യാനത്തിന്‍റെ മേൽനോട്ടക്കാരൻ റോബർട്ട് ടെർനന്‍റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.