പാടം നിറയെ വെള്ളരികൊക്കുകൾ
text_fieldsതുറവൂർ: നോക്കത്താദൂരത്ത് വിസ്തൃതമായി കിടക്കുന്ന പാടങ്ങളിൽ കൂട്ടമായി പറന്നുപൊങ്ങുകയും താഴ്ന്നിറങ്ങുകയും ചെയ്യുന്ന വെള്ളരികൊക്കുകൾ തുറവൂരിലെ ഭംഗിയുള്ള കാഴ്ചയാണ്. തുറവൂരിൽനിന്ന് പടിഞ്ഞാറോട്ട് പോകുമ്പോൾ കടലിൽനിന്ന് അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഏക്കറുകണക്കിന് കതിരുകാണാപ്പാടങ്ങൾ കാണാം.
വർഷങ്ങൾക്കു മുമ്പുവരെ കീർത്തികേട്ട പൊക്കാളി നിലങ്ങളായിരുന്നു ഇത്. നിലവിൽ മത്സ്യകൃഷി മാത്രമാണ് നടക്കുന്നത്. വേനൽ കടുക്കുന്നതോടെ വെള്ളം വറ്റിക്കിടക്കുന്ന പാടശേഖരങ്ങളിലാണ് കൂട്ടംകൂട്ടമായി പറന്നിറങ്ങുന്ന വെള്ളരികൊക്കുകളുടെ കാഴ്ച നയനമനോഹരമാണ്.
തുറവൂരിൽ തുടങ്ങി കടലോരം വരെയെത്തുന്ന തുറവൂർ-പള്ളിത്തോട് റോഡിന്റെ ഇരുവശത്തും പരന്നുകിടക്കുന്ന പാടശേഖരങ്ങളിൽ എണ്ണിയാൽ ഒടുങ്ങാത്ത പറവകളാണ് എത്തുന്നത്. വെള്ളം വറ്റിക്കിടക്കുന്ന പാടശേഖരങ്ങളിലെ ചെറുജീവികളും മത്സ്യക്കുഞ്ഞുങ്ങളും തവളകളുമാണ് ഇവരെ ആകർഷിക്കുന്നത്.
അന്ധകാരനഴിയിൽ കടൽ കാഴ്ചക്ക് പോകുന്നവരും തീരദേശറോഡിലേക്ക് എത്താൻ പായുന്നവരും പക്ഷിക്കൂട്ടങ്ങളെ കണ്ടാൽ ഒന്നുനിൽക്കും. അത്രക്ക് ആകർഷകമാണ് ആ കാഴ്ച. പക്ഷികളെ കാണാൻ കാഴ്ചക്കാരും പക്ഷിനിരീക്ഷകരും ധാരാളമായി എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.