ഹിമാചൽ പ്രദേശിൽ രാജവെമ്പാലയെ ആദ്യമായി കണ്ടെത്തി
text_fieldsഷിംല: ലോകത്തിലെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ രാജവെമ്പാലയെ സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയതായി ഹിമാചൽ പ്രദേശ് വനം-വന്യജീവി വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച ഹിമാചലിലെ സിർമോർ ജില്ലയിലെ കോലാർ വനത്തോട് ചേർന്ന ഗിരിനഗറിനടുത്താണ് പാമ്പിനെ കണ്ടത്.
പ്രദേശവാസിയായ പ്രവീൺ താക്കൂർ മൊബൈൽ ഫോണിലെടുത്ത ചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് രാജവെമ്പാലയാണെന്ന് മനസ്സിലായത്. തുടർന്ന് പോണ്ട സാഹിബ് ഡി.എഫ്.ഒ കുനാൽ ആംഗ്രിഷിൻെറ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിക്കുകയും പാമ്പിൻെറ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.
'മുമ്പുള്ള രേഖകൾ പരിശോധിച്ചപ്പോൾ, ഹിമാചൽ പ്രദേശിൽ ഇതുവരെ രാജവെമ്പാലയെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് മനസ്സിലായി. ഹിമാചലിലെ ശിവാലിക്ക് മലയിലാണ് ഇപ്പോൾ പാമ്പിനെ കണ്ടത്. നേരത്തെ സമീപത്തുള്ള മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡിൽ ഇതിൻെറ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നു. ഹിമാചൽ പ്രദേശിൽ ഇവയെ കണ്ടെത്തിയെന്നത് പ്രധാനപ്പെട്ട കാര്യമാണ്' -ഹിമാചൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അർച്ചന ശർമ പറഞ്ഞു.
ഹിമാചലിലെ സിർമോർ ജില്ലയിലെ പോണ്ട സാഹിബ് പ്രദേശം ഉത്തരാഖണ്ഡുമായി അതിർത്തി പങ്കിടുന്നുണ്ട്. അതേസമയം, 2017ൽ ഹിമാചലിലെ ചമ്പ ജില്ലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു.
'മൂർഖൻ പാമ്പിനെ സംസ്ഥാനത്ത് കണ്ടെത്തിയതായി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ രാജവെമ്പാലയുടെ സാന്നിധ്യം ആദ്യമായിട്ടാണ് രേഖപ്പെടുത്തുന്നത്. അടിസ്ഥാനപരമായി ഇവയെ പശ്ചിമഘട്ട മലനിരകൾ, ഒഡീഷ, അസം, ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിലാണ് കാണപ്പെടുന്നത്' -അനിത താക്കൂർ കൂട്ടിച്ചേർത്തു.
'പ്രദേശവാസിയായ പ്രവീൺ താക്കൂറാണ് ഈ പാമ്പിൻെറ ചിത്രം പകർത്തിയത്. സാധാരണ പാമ്പാണെന്ന് കരുതിയാണ് അയാൾ പകർത്തുന്നത്. തുടർന്ന് അദ്ദേഹം ചിത്രം ഗ്രൂപ്പുകളിൽ പങ്കുവെച്ച്. ചിത്രം കണ്ട ചിലർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും വന്യജീവി വിഭാഗത്തിനും അയച്ചുതരികയായിരുന്നു. ഞങ്ങൾ പരിശോധിച്ചപ്പോൾ അത് രാജവെമ്പാലയാണെന്ന് മനസ്സിലായി.
തുടർന്ന് പ്രവീൺ താക്കൂറിനെ ബന്ധപ്പെട്ട് സംഭവം സ്ഥലം സന്ദർശിച്ചു. അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും പാമ്പിനെ നേരിട്ട് കാണാൻ സാധിച്ചില്ല. പ്രദേശത്ത് പരിശോധന തുടരുന്നുണ്ട്' - ഡി.എഫ്.ഒ കുനാൽ ആംഗ്രിഷ് പറഞ്ഞു.
രാജവെമ്പാല പ്രധാനമായും മറ്റു ചെറു പാമ്പുകളെയും പല്ലി, എലി പോലുള്ള ഇഴജന്തുക്കളെയുമാണ് ഇരയാക്കുന്നത്. ഏറെ വിഷമുള്ള ഇവയെ പ്രകോപിപ്പിച്ചാൽ അപകടകാരിയായി മാറും. അതേസമയം, മനുഷ്യരെ കണ്ടാൽ ഒഴിഞ്ഞുമാറുന്ന സ്വഭാവക്കാരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.