'മിയാവാക്കി കാടു'കളുടെ പിതാവ് അകിര മിയാവാക്കി വിടവാങ്ങി
text_fieldsജാപ്പനീസ് പരിസ്ഥിതി, സസ്യ ശാസ്ത്രജ്ഞൻ അകിര മിയാവാക്കി (93) വിടവാങ്ങി. മസ്തിഷ്കാഘാതത്തെ തുടർന്ന് ദീർഘനാളായി കിടപ്പിലായിരുന്നു. ജൂലൈ 16ന് മരിച്ച മിയാവാക്കിയുടെ മൃതദേഹം 23ന് സംസ്കരിച്ചതായി കുടുംബം അറിയിച്ചു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 'മിയാവാക്കി കാടുകൾ' എന്ന പേരിൽ ചെറുവനങ്ങൾ സൃഷ്ടിക്കുന്നതിന് പ്രഫ. അകിര മിയാവാക്കി നേതൃത്വം നൽകിയിരുന്നു. 150 മുതൽ 200 വർഷങ്ങൾ കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ പരമാവധി 30 വർഷം കൊണ്ട് സൃഷ്ടിക്കാമെന്നാണ് മിയാവാക്കി മുന്നോട്ടുവെച്ച ആശയം. 1992ലെ ഭൗമ ഉച്ചകോടിയാണ് അവതരിപ്പിച്ച ഈ ആശയത്തിന് 94ലെ പാരിസ് ജൈവ വൈവിധ്യ കോൺഗ്രസ് മികച്ച പരിസ്ഥിതി മാതൃകയായി രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടു.
17 രാജ്യങ്ങളിൽ സ്വാഭാവിക വനമാതൃകകൾ ഉണ്ടാക്കുന്നതിൽ മിയാവാക്കി മേൽനോട്ടം നൽകി. ജപ്പാനിൽ മാത്രം 2700 സ്ഥലങ്ങളിലായി മൂന്നു കോടിയിലധികം (3,37,57,000) ചെടികളും ജപ്പാന് പുറത്ത് അഞ്ചു ലക്ഷത്തിലധികം (5,02,200) ചെടികളും നട്ടുപിടിപ്പിച്ചു.
2018ലാണ് കേരളത്തിൽ ആദ്യമായി മിയാവാക്കി കാടുകൾക്ക് തുടക്കമിട്ടത്.തിരുവനന്തപുരം പുളിയറക്കോണത്തെ മൂന്നാംമൂട്ടിൽ അടക്കം കേരളത്തിൽ മിയാവാക്കി മാതൃകാ വനവൽകരണ പരിപാടികൾ ഫലപ്രാപ്തിയിൽ എത്തിയിരുന്നു. തുടർന്ന് ടൂറിസം വകുപ്പ് ഏറ്റെടുത്ത പദ്ധതി നേച്ചാഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ, ഒാർഗാനിക് കേരള മിഷൻ സൊസൈറ്റി, കൾച്ചറൽ ഷോപ്പെ എന്നീ സംഘടനകളാണ് നടപ്പാക്കുന്നത്.
2020 ജനുവരി 29ന് തിരുവനന്തപുരം ചാല ബോയ്സ് ഹൈസ്കൂളിൽ മാതൃകാവനം നട്ടുപിടിപ്പിച്ച് മിയാവാക്കിയുടെ 92ാം ജന്മദിനം ആഘോഷിച്ചിരുന്നു. മിയാവാക്കിയും വിഡിയോ കോൺഫറൻസിങ് വഴി ചടങ്ങിൽ പങ്കെടുത്തിരുന്നു.
1928 ജനുവരി 29ന് ജപ്പാനിലെ തകഹാഷിയിലായിരുന്നു മിയാവാക്കിയുടെ ജനനം. 1993 മുതൽ യൊക്കോഹോമ ദേശീയ സർവകലാശാലയിലെ പ്രഫസർ, ജാപ്പനീസ് സെന്‍റർ ഫോർ ഇന്‍റർനാഷണൽ സ്റ്റഡീസ് ഇൻ ഇക്കോളജി ഡയറക്ടറുമായിരുന്നു.
ദി ഹീലിങ് പവേഴ്സ് ഓഫ് ഫോറസ്റ്റ്, പ്ലാന്‍റ്സ് ആൻഡ് ഹ്യൂമൻസ്, ടെസ്റ്റിമണി ബൈ ഗ്രീൻ പ്ലാന്‍റ്സ്, ദ ലാസ്റ്റ് ഡേ ഫോർ മെൻ എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന രചനകൾ. 1990ൽ അസഹി, 2006ൽ ബ്ലൂ പാനറ്റ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.