കാലവർഷം പകുതി പിന്നിട്ടു; കേരളത്തിൽ 28 ശതമാനം മഴക്കുറവ്
text_fieldsപാലക്കാട്: സംസ്ഥാനത്ത് കാലവർഷം പകുതി പിന്നിട്ടപ്പോൾ 28 ശതമാനം മഴക്കുറവ്. ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന് ലഭിക്കേണ്ടത് 1363 മില്ലിമീറ്റർ മഴയാണ്. എന്നാൽ, ഇതുവരെ 985.9 മില്ലിമീറ്റർ മാത്രമാണ് പെയ്തത്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് കാലവർഷത്തിെൻറ ദൈർഘ്യം.
കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ കണക്കനുസരിച്ച് ജൂണിലും ജൂലൈയിലും ശരാശരിയേക്കാൾ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണിൽ 36 ശതമാനം കുറവായിരുന്നു. ജൂണിൽ ലഭിക്കേണ്ട 643 മില്ലിമീറ്റർ സ്ഥാനത്ത് ലഭിച്ചത് 408.4 മില്ലിമീറ്റർ. ജൂലൈയിൽ സാധാരണയായി 726.1 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടതെന്നിരിക്കെ ഇതുവരെ പെയ്തത് 575.5 മില്ലിമീറ്റർ -20 ശതമാനത്തിെൻറ കുറവ്.
എല്ലാ ജില്ലകളിലും ശരാശരിയേക്കാൾ കുറവ് മഴയാണ് ലഭിച്ചത്. കാലവർഷത്തിൽ കുറവ് മഴ ലഭിച്ചത് പാലക്കാടാണ്. ശരാശരി 1022.7 മില്ലിമീറ്റർ മഴ ലഭിേക്കണ്ട ജില്ലയിൽ ഇതുവരെ ലഭിച്ചത് 633.5 മില്ലിമീറ്റർ ആണ്, -38 ശതമാനത്തിെൻറ കുറവ്. കൂടുതൽ മഴ ലഭിച്ച കാസർകോട് ജില്ലയിൽ (1415.1 മില്ലിമീറ്റർ) സാധാരണ ലഭിക്കേണ്ട (2040.6 മില്ലിമീറ്റർ) മഴയേക്കാൾ 31 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കാലവർഷം തുടങ്ങി രണ്ടുമാസം പിന്നിട്ടിട്ടും തുടർച്ചയായി മൺസൂൺ കാറ്റ് ശക്തി പ്രാപിക്കാത്തതാണ് മഴ കുറയാനുള്ള പ്രധാന കാരണമായി കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ജൂൺ, ജൂലൈയിൽ മഴ കുറവും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ സാധാരണയെക്കാൾ കൂടുന്നതുമാണ് പ്രവണതയെന്ന് കാലാവസ്ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. ഇത്തവണയും ആഗസ്റ്റ്-, സെപ്റ്റംബർ കാലയളവിൽ സാധാരണയിൽ കൂടുതൽ മഴക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. എന്നാൽ, പ്രളയസാധ്യത സാധൂകരിക്കുന്ന വിവരങ്ങളില്ലെന്നും രാജീവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.