തോട്ടങ്ങള്‍ 2024-ഓടെ ഘട്ടംഘട്ടമായി ഇല്ലാതാക്കി വനങ്ങളിലേക്ക് മാറണമെന്ന് വികസന റിപ്പോര്‍ട്ട്
text_fieldsതിരുവനന്തപുരം: തോട്ടങ്ങള്‍ 2024-ഓടെ ഘട്ടംഘട്ടമായി ഇല്ലാതാക്കി സ്വാഭാവിക വനങ്ങളിലേക്ക് പുനസ്ഥാപിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തുവെന്ന് വികസന റിപ്പോര്‍ട്ട്. വ്യവസായിക മേഖലയിലുള്ള ആവശ്യകത കുറയുകയും, കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനും ജലസുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി വനങ്ങളെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് ഇത് ചെയ്യുന്നത്.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് 'കേരള ഡെവലപ്പ്‌മെന്റ് റിപ്പോര്‍ട്ട്' പുറത്തിറക്കിയത് 2021 ഫെബ്രുവരിയിലാണ്. 320ഓളം പേജുകള്‍ വരുന്ന ഈ റിപ്പോര്‍ട്ടിലെ പേജ് നമ്പര്‍ 52 മുതല്‍ 62 വരെയുള്ള ഭാഗങ്ങള്‍ 'വന പരിപാലന'വുമായി ബന്ധപ്പെട്ടതാണ്. പരിസ്ഥിതി പ്രവർത്തകനായ കെ.സഹദേവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത്തരമൊരു നീക്കം മണ്ണിന്റെ ജലം നിലനിര്‍ത്താനുള്ള ശേഷി ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് കരുതുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതിനാല്‍ നശിച്ചതും ഉപേക്ഷിക്കപ്പെട്ടതുമായ വ്യാവസായിക തോട്ടങ്ങള്‍ വീണ്ടും സ്വാഭാവിക വനങ്ങളിലേക്ക് പുനഃസ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇതിലൂടെ 66,700 ഏക്കർ (27,000 ഹെക്ടര്‍) വ്യാവസായിക തോട്ടങ്ങള്‍ സ്വാഭാവിക വനങ്ങളാക്കി പുനസ്ഥാപിക്കാന്‍ കഴിയുമെന്നും റിപ്പോർട്ട് പറയുന്നു.
വ്യാവസായിക തോട്ടങ്ങള്‍ സ്വാഭാവിക വനങ്ങളായി മാറ്റേണ്ടതിന്റെ അനിവാര്യത സംബന്ധിച്ച് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. വനമേഖല നേരിടുന്ന മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും അക്കമിട്ട് നിരത്തുന്നുണ്ട്.
മൂന്ന് പതിറ്റാണ്ട് മുമ്പ് കേരളത്തിന്റെ ജലസുരക്ഷയും വനമേഖലയുടെ നാശവും സംബന്ധിച്ച് പരിസ്ഥിതി വാദികളും മരക്കവികളും നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ കടന്നുവരുമ്പോഴേക്കും കേരളത്തിന്റെ പശ്ചിമഘട്ട മേഖലയില്‍ ആയിരക്കണക്കിന് ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.
സ്വാഭാവിക വനങ്ങള്‍ വെട്ടിമാറ്റി ഏകവിള തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നത് കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷിതത്വത്തിന് ഹാനികരമായിരിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുറവിളി കൂട്ടി. ബ്ലാക് വാറ്റില്‍ എന്നറിയപ്പെടുന്ന അക്കേഷ്യ പോലുള്ള മരങ്ങള്‍ കേരളത്തിന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും സ്വാഭാവിക വനമേഖലയ്ക്ക് ഭീഷണിയാകുമെന്നും ലഘുലേഖകളിലൂടെയും തെരുവു പ്രസംഗങ്ങളിലൂടെയും മുന്നറിയിപ്പ് നല്‍കി. അതിലും കടന്ന് മറ്റ് ചിലര്‍ വയനാട്ടിലെയും കണ്ണൂരിലെയും പ്ലാന്റേഷന്‍ നഴ്‌സറികള്‍ നശിപ്പിച്ച് കേസില്‍ പ്രതികളായി. കോടതികള്‍ കയറിയിറങ്ങി. എന്നിട്ടും സര്‍ക്കാരിനെയോ വികസന രീതികളെയോ ചോദ്യം ചെയ്യാന്‍ കെല്പില്ലത്തവർ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുകയാണെന്നും സഹദേവൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.