സൗദിയിൽ ഈയാഴ്ച കാലാവസ്ഥ മാറിയേക്കും
text_fieldsയാംബു: സൗദി അറേബ്യയിൽ നാലു ദിവസം കഴിഞ്ഞാൽ വേനൽക്കാലം അവസാനിക്കാനും കാലാവസ്ഥ മാറാനും സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ. സെപ്റ്റംബറോടെ ശരത്കാലത്തിന് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് അഖീൽ അൽ അഖീൽ അഭിപ്രായപ്പെട്ടു.
ഈ മാസം അവസാനവാരം ഒരു പരിവർത്തന കാലഘട്ടമായി കണക്കാക്കുന്നുവെന്നും വരും ദിവസങ്ങളിൽ പ്രകടമാകുന്ന കാലാവസ്ഥ മാറ്റങ്ങൾ താപനില ക്രമേണ കുറയുന്ന ഘട്ടമായിരിക്കുമെന്നും അദ്ദേഹം പ്രാദേശിക പത്രത്തോട് പറഞ്ഞു.
ഈ കാലയളവിൽ, രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. സൗദിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രത്യേകിച്ച് മക്ക, മദീന, തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും സജീവമായ പൊടിക്കാറ്റും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ശരത്കാലത്തിന്റെ തുടക്കവും ദക്ഷിണാർധഗോളത്തിൽ വസന്തത്തിന്റെ തുടക്കവും ആയിരിക്കും അടുത്ത മാസം പ്രകടമാകുക എന്ന സൂചനയും കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നു.
ശരത്കാലം പടിഞ്ഞാറു ഭാഗങ്ങളിലെ രാജ്യങ്ങളിൽ ഇലകളുടെ നിറം മാറുന്നതുമായി ബന്ധപ്പെട്ടിരിക്കാമെങ്കിലും ഗൾഫ് രാജ്യങ്ങളിൽ ഇത് സംഭവിക്കുന്നില്ല. സെപ്റ്റംബർ രണ്ടാം വാരം മുതൽ തണുപ്പുകാലം ആവുന്നതുവരെ ഗൾഫ് രാജ്യങ്ങളിൽ പകലിന്റെ നീളം കുറയുകയും താപനില കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുമെന്നും കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.