ഈ നൂറ്റാണ്ടോടെ കൊച്ചിയും ഇല്ലാതാകും? ഞെട്ടിച്ച് നാസയുടെ റിപ്പോർട്ട്; കടൽ വിഴുങ്ങുക 12 ഇന്ത്യൻ നഗരങ്ങളെ
text_fieldsകോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഐ.പി.സി.സി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സമുദ്രനിരപ്പിൽ രണ്ട് മീറ്ററോളം വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ താപനില പരിധിവിട്ട് വർധിച്ചതായും ദ്രുവങ്ങളിലെ മഞ്ഞുരുക്കത്തിന് വേഗം കൂടിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
12 ഇന്ത്യൻ നഗരങ്ങൾ ഈ നൂറ്റാണ്ട് അവസാനത്തോടെ മൂന്നടി വരെ വെള്ളത്തിലാകുമെന്നാണ് ഐ.പി.സി.സി റിപ്പോർട്ട് അവലോകനം ചെയ്ത് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ 'നാസ' മുന്നറിയിപ്പ് നൽകുന്നത്. കാലാവസ്ഥാ മാറ്റത്തെ നിയന്ത്രിക്കാനായില്ലെങ്കിൽ കൊച്ചിയും മുംബൈയും ഉൾപ്പെടെ നഗരങ്ങളാണ് വൻ പ്രതിസന്ധി നേരിടുക.
കൊച്ചിയും മുംബൈയും കൂടാതെ കാണ്ട്ല, ഒാഖ, ഭാവ്നഗർ, മോർമുഖാവ്, മംഗളൂരു, പാരദ്വീപ്, ഖിദിർപൂർ, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി എന്നീ നഗരങ്ങളിലേക്കാണ് സമുദ്രം കടന്നുകയറുകയെന്ന് നാസ റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം, ഹിമാലയൻ മഞ്ഞുമലകൾ അതിവേഗം ഉരുകുന്നത് ലക്ഷക്കണക്കിനാളുകളെ ബാധിക്കും.
(നാസയുടെ സീ ലെവൽ പ്രൊജക്ഷൻ പേജ് ലിങ്ക്: https://sealevel.nasa.gov/ipcc-ar6-sea-level-projection-tool)
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വിലയിരുത്തലിനായി ഐക്യരാഷ്ട്ര സംഘടനക്ക് കീഴിൽ 1988ൽ സ്ഥാപിതമായ സംഘടനയാണ് ഇന്‍റർ ഗവൺമെന്‍റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (ഐ.പി.സി.സി). ആഗോളതാപന വർധന 1.5 ഡിഗ്രീ സെൽഷ്യസിന് താഴെ നിലനിർത്തുകയെന്ന സ്വപ്നലക്ഷ്യം 2040 ആകുമ്പോഴേക്കും കൈവിട്ടുപോകുമെന്നാണ് മുന്നറിയിപ്പ്. മറ്റ് സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂടേറുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികളിലൂടെ അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞാൽ വരാനിരിക്കുന്ന വിപത്തിനെ തടയാനാവുമെന്ന് റിപ്പോർട്ട് തയാറാക്കിയ ശാസ്ത്രജ്ഞർ പറഞ്ഞു. മാനവരാശിക്കുള്ള അപായ മുന്നറിയിപ്പാണ് റിപ്പോർട്ടെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് പറഞ്ഞു. തീരുമാനമെടുക്കുന്നതിൽ ഇനിയും വൈകിക്കാനാവില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നവംബറിൽ യു.കെയിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച യു.എൻ ഉച്ചകോടി വിജയമാണെന്ന് ഉറപ്പാക്കാൻ ലോകനേതാക്കൾക്ക് കഴിയണമെന്നും ഗുട്ടെറസ് പറഞ്ഞു.
2013ന് ശേഷം വരുന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പ്രധാന റിപ്പോർട്ടാണിത്. മനുഷ്യ സ്വാധീനമാണ് അന്തരീക്ഷം, കടൽ, കര എന്നിവയുടെ താപനില ഉയർത്തുന്നതെന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്രീസിലും വടക്കേ അമേരിക്കയിലുമുണ്ടായ ഉഷ്ണതരംഗങ്ങളും ജർമനിയിലും ചൈനയിലുമുണ്ടായ വെള്ളപ്പൊക്കവുമെല്ലാം കാലാവസ്ഥ വ്യതിയാനത്തിൽ കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ മനുഷ്യർ നടത്തിയ ഇടപെടൽ വ്യക്തമാക്കുന്നതാണെന്നും റിപ്പോർട്ട് തയാറാക്കിയ വിദഗ്ധർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.