കടുവ: ഈ കാടിന്‍റെയും നാടിന്‍റെയും നായകൻ
text_fieldsകുമളി: കരുത്തേറിയ ജൈവവൈവിധ്യത്തിന്‍റെ അടയാളമാണ് അവിടെ വസിക്കുന്ന ആരോഗ്യമുള്ള കടുവ എന്നാണ് വിലയിരുത്തൽ. എന്നാൽ പെരിയാർ കടുവ സങ്കേതത്തിൽ, ഇത് നാടിന്‍റെ ആരോഗ്യപരമായ നിലനിൽപ്പിന് കടുവ കൂടി പങ്കാളിയാകുന്ന കാഴ്ചയാണ്. രാജ്യത്തെ പ്രമുഖ കടുവ സങ്കേതങ്ങളിലൊന്നായ പെരിയാർ കടുവ സംരക്ഷണ കേന്ദ്രം പലതുകൊണ്ടും മറ്റ് കടുവ സങ്കേതങ്ങൾക്ക് മാതൃകയാണ്. അതിൽ പ്രധാനമാണ് വനപാലകർക്കൊപ്പം കൈകോർത്തുള്ള നാട്ടുകാരുടെ വന സംരക്ഷണം.
കാടിനു നടുവിലെ കടുവയ്ക്കായി നിലവിൽ വന്ന കടുത്ത നിയന്ത്രണങ്ങൾ, വന സംരക്ഷണത്തിനൊപ്പം ശുദ്ധവായു, ജലം എന്നിവയുടെ സംരക്ഷണത്തിനും വഴിയൊരുക്കി. 925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള കടുവ കാട്ടിൽ നിന്നും ഒഴുകിയെത്തുന്ന ജലം തമിഴ്നാട്ടിലെ 5 ജില്ലകളിൽ ജീവജലമാകുന്നു. കടുവകൾ വാഴുന്ന കാട് കാണാൻ ലോകത്തിന്‍റെ പല ഭാഗത്തു നിന്നും എത്തുന്ന സഞ്ചാരികൾ വഴി ഒഴുകിയെത്തിയ കോടികൾ തേക്കടി, ഹൈറേഞ്ച് മേഖലയുടെ വളർച്ചക്ക് വഴിയൊരുക്കി. കടുവയെ കാണാനായി നടന്ന് ശുദ്ധവായുവും ജലവും നുകർന്ന്, കാടും പച്ചപ്പും മനം നിറച്ച് സഞ്ചാരികൾ മടങ്ങുന്നു. ഇതോടെ കടുവ, കാടിന്‍റെ മാത്രമല്ല നാടിന്‍റെയും നായകനാകുന്നു.
2021ലെ കണക്കെടുപ്പ് പ്രകാരം പെരിയാർ കടുവ സങ്കേതത്തിൽ 35-40 കടുവകളുണ്ടെന്നാണ് കണക്ക്. വനത്തിനുള്ളിൽ പ്രത്യേകമായി തിരിക്കുന്ന സ്ഥലത്ത് ''കാമറ ട്രാപ്പ്'' (രഹസ്യ കാമറ) സ്ഥാപിച്ചാണ് കണക്കെടുപ്പ്. 14-15 വയസ്സുവരെയാണ് കടുവകളുടെ ആയുർദൈർഘ്യം. പ്രധാനമായും ഇര പിടിക്കുന്നതിനിടയിൽ ഏൽക്കുന്ന പരിക്കുകളാണ് മരണത്തിനിടയാക്കുന്നത്. ആനക്കുട്ടി, കാട്ടുപോത്ത്, മുള്ളൻപന്നി എന്നിവയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് പലപ്പോഴും പരിക്കേൽക്കുക.
പുൽമേടുകൾ കേന്ദ്രീകരിച്ചാണ് കടുവകളുടെ ജീവിതം. ഇവിടെ തീറ്റ തേടിയെത്തുന്ന മ്ലാവ്, കേഴ, ആന, പന്നി മറ്റ് ചെറുജീവികൾ എന്നിവയെ വേട്ടയാടുകയാണ് പതിവ്. ഇതിനായി ഓരോ കടുവയും 10-25 ചതുരശ്ര കിലോമീറ്റർ സ്വന്തം അധീനതയിലാക്കി വെക്കുന്നു. കുട്ടികളുടെ സംരക്ഷണം, ഇണചേരൽ കാലം ഈ സന്ദർഭങ്ങളിൽ മാത്രമാണ് ഒന്നിലധികം കടുവകളെ ഒരുമിച്ച് കാണുവാൻ സാധിക്കുക. ഓരോ കടുവയും അവയുടെ പ്രദേശത്ത് മറ്റ് കടുവ പ്രവേശിക്കാതിരിക്കാൻ മരങ്ങളിൽ പ്രത്യേകമായി അടയാളം ഉണ്ടാക്കുന്നതും പതിവാണ്.
ഇരയാകുന്ന മൃഗങ്ങൾ വഴി പകരുന്ന രോഗം, വേട്ട എന്നിവയാണ് കടുവകളുടെ പ്രധാന വെല്ലുവിളികൾ. പെരിയാറിൽ ഇവയെക്കതിരെ വർഷങ്ങൾ നീണ്ട പ്രവർത്തനം വലിയ വിജയമായി. വേട്ട പൂർണമായും ഇല്ലാതായതിനൊപ്പം പകർച്ചവ്യാധികൾക്കെതിരെ ജനപങ്കാളിത്തത്തോടെ ജാഗ്രതയും ശക്തമായി. രാജ്യത്ത് പല ഭാഗത്തും കടുവ സംരക്ഷണം വെല്ലുവിളി നേരിടുമ്പോൾ പെരിയാർ മാതൃകയാകുന്നത്. കടുവയും മനുഷ്യനും ഇഴപിരിയാനാവാത്ത വിധം ഒന്നിച്ചായ സൗഹൃദം ഈ കാട്ടിലും നാട്ടിലും രൂപപ്പെട്ടതിന്‍റെ ഫലം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.