ഇന്ന് ലോക വനദിനം: രാജ്യത്തെ വനമേഖലയിൽ പത്ത് വർഷത്തിനിടെ 21,762 ച.കി. മീറ്റർ വർധന
text_fieldsകൊച്ചി: രാജ്യത്തെ വനമേഖലയുടെ വിസ്തീർണം രണ്ടു വർഷത്തിനിടെ 0.22 ശതമാനം വർധിച്ചെന്ന് പഠനങ്ങൾ. 2019നും 2021നും ഇടക്ക് 1540 ചതുരശ്ര കി. മീ കാട് വർധിച്ചു. 2011നും 2021നും ഇടയിൽ ആകെ 21,762 ചതുരശ്ര കി.മീ വർധനയുണ്ടായെന്നും കേന്ദ്ര വനംവകുപ്പിന് കീഴിലെ ഫോറസ്റ്റ് സർവേയുടെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ടിൽ (ഐ.എസ്.എഫ്.ആർ) വ്യക്തമാക്കുന്നു. രണ്ടുവർഷം കൂടുമ്പോഴാണ് റിപ്പോർട്ട് പുറത്തുവിടുന്നത്.
2011ലെ ആകെ വനമേഖലയുടെ വിസ്തീർണം 21.05 ശതമാനത്തോടെ 692,027 ചതുരശ്ര കി.മീ ആയിരുന്നു. ഇതിൽ 2.54 ശതമാനത്തോളം ഘോരവനവും (ഡെൻസ് ഫോറസ്റ്റ്) 9.76 ശതമാനം മിവുംതഘോരവനവും (മോഡറേറ്റ്ലി ഡെൻസ് ഫോറസ്റ്റ്) 8.75 ശതമാനം തുറസ്സായ വനവും (ഓപൺ ഫോറസ്റ്റ്) ആണ്. ആകെ ഭൂവിസ്തൃതിയുടെ 2.76 ശതമാനം കാടുകളല്ലാതെ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന ട്രീ കവർ പ്രദേശമായിരുന്നു.
2021ൽ ഇന്ത്യയിലെ ആകെ വനമേഖലയുടെ വിസ്തീർണം 713,789 ചതുരശ്ര കി.മീ. ആണ്; ആകെ രാജ്യവിസ്തൃതിയുടെ (32,87,469) 21.71 ശതമാനം. ഇതിൽ ഘോരവനം 3.04 ശതമാനവും മിതഘോരവനം 9.33 ശതമാനവും തുറസ്സായ വനം 9.34 ശതമാനമാണ്. കഴിഞ്ഞ വർഷം 2.91 ശതമാനമായിരുന്നു ട്രീ കവർ വിസ്തൃതി. 2019ൽ 21.67 ശതമാനമായിരുന്നു ഇന്ത്യയിലെ ആകെ കാടിന്‍റെ വ്യാപ്തി, 712,249 ച.കി.മീ ആണ് വിസ്തൃതി. ഇതിൽ 3.02 ശതമാനം നിബിഡവനവും 9.38 ശതമാനം മിതഘോരവനവും 9.26 ശതമാനം തുറസ്സായ കാടുമായിരുന്നു. ഇതേ വർഷം ട്രീ കവർ വിസ്തൃതി 2.89 ശതമാനമായിരുന്നു. രണ്ടു വർഷത്തിനിടെ വനവിസ്തൃതി വർധനവിൽ മുന്നിലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ല. ആന്ധ്രപ്രദേശ് (647 ച.കി.മീ. വർധന), തെലങ്കാന (632), ഒഡിഷ (537), കർണാടക (155), ഝാർഖണ്ഡ് (110) എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. രാജ്യത്തെ വനമേഖലയുടെ 22.27 ശതമാനം ഭാഗവും പെട്ടെന്ന് തീപിടിക്കാവുന്ന തരത്തിലുള്ളതാണെന്നും 2019ലേതിനേക്കാൾ കണ്ടൽക്കാടുകളുടെ വിസ്തൃതി 0.34 ശതമാനമായി വർധിച്ചുവെന്നും ഐ.എസ്.എഫ്.ആർ റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.