ഇന്ന് ലോക വനദിനം: കാടുവളർത്തുന്ന കാർട്ടൂണിസ്റ്റ്
text_fieldsഅടൂർ: പാറമട മാഫിയ തവിടുപൊടിയാക്കാൻ തക്കംപാർത്ത് കാത്തിരുന്ന ഒരു വലിയ കുന്നിനെ സ്വന്തം സമ്പാദ്യമെല്ലാം ചെലവഴിച്ച് സ്വന്തമാക്കി വ്യത്യസ്ത വൃക്ഷലതാദികൾ നട്ടുവളർത്തി വനമാക്കി മാറ്റിയ ഒരു കാർട്ടൂണിസ്റ്റുണ്ട് പത്തനംതിട്ട ജില്ലയിൽ. അഞ്ച് മിനിറ്റുകൊണ്ട് അമ്പതിലേറെ പ്രശസ്തവ്യക്തികളുടെ ചിത്രം വരച്ചവതരിപ്പിച്ച് വരവേഗത്തിൾ ലോക റെക്കോഡ് സൃഷ്ടിച്ച അതിവേഗചിത്രകാരനും ഭൗമശിൽപിയും എക്കോ ഫിലോസഫറുമായ ജിതേഷ്ജി. ഏക്കറുകണക്കിനു സ്ഥലത്തെ ആയിരക്കണക്കിനു റബർ മരങ്ങൾ മുറിച്ചുനീക്കി നാനൂറിലേറെ വ്യത്യസ്തയിനം മുളകളും അരയാൽ, പേരാൽ, കൃഷ്ണനാൽ, വെള്ളാൽ തുടങ്ങി വേറിട്ടയിനം ഫൈക്കസ് ഇനം വൃക്ഷങ്ങളും ഇലഞ്ഞി, പാല തുടങ്ങി പൂമണം പകരുന്ന വൃക്ഷങ്ങളും വ്യത്യസ്തയിനം കാട്ടുവള്ളിപ്പടർപ്പുകളും ഈറ്റയുമൊക്കെ നട്ടുവളർത്തിയ ഈ സ്വകാര്യവനത്തിന്റെ പേര് 'ഹരിതഗിരി തപോവനം ജീവനം'. കോന്നി എലിയറക്കൽ-അച്ചൻ കോവിൽ റോഡിൽ പുതുവേലിൽ-പത്തേക്കർ ഭാഗത്താണ് ഈ വനം.
പാറമാഫിയ വിലക്കുവാങ്ങാൻ തക്കം പാർത്തിരുന്ന ഭൂമി സ്വന്തമാക്കിയപ്പോൾ പലവിധ ഭീഷണികളും മാനസിക പീഡനങ്ങളും ഏൽക്കേണ്ടിയും വന്നിട്ടുണ്ട്. പക്ഷേ, കോടികൾ മോഹവില പറഞ്ഞിട്ടും കുന്ന് വിറ്റുകളയാതെ പാറക്കുഴികൾ മണ്ണിട്ടുനികത്തി മരംനട്ട ജിതേഷ്ജിക്കു പിന്നിൽ കരുത്തായി നിന്നത് പ്രകൃതിസ്നേഹിയായ ഭാര്യ ഉണ്ണിമായയാണ്.
വനത്തിൽ പ്രകൃതിക്കിണങ്ങിയ മൺ വീടും മുളവീടും നിർമിച്ച് വ്യത്യസ്ത പക്ഷി മൃഗാദികൾക്കും ജീവജാലങ്ങൾക്കുമൊപ്പം വാനപ്രസ്ഥം നയിക്കാനാണു ഇനി ഇരുവരുടെയും ഹൃദയാഭിലാഷം. കൂട്ടിനു മകൾ ശിവാനിയും ആറാം ക്ലാസുകാരൻ മകൻ നിരഞ്ജനുമുണ്ട്.
അടൂർ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് ആസ്ഥാനമാക്കി പക്ഷി മൃഗാദികളെ സംരക്ഷിക്കുന്ന എക്കസഫി ആൻഡ് ബയോ ഡൈവേഴ്സിറ്റി സെന്ററും നടത്തിവരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥ 'ഭൂമിയുടെ അവകാശികളു'ടെ ഇൻസ്റ്റലേഷൻ ആർട്ടാണു ജിതേഷ്ജിയുടെ വാസസ്ഥലം. ഇവിടെ വിവിധ ജന്തുജാലങ്ങൾ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സമഭാവനയോടെ യഥേഷ്ടം വിഹരിക്കുന്നു. ഇവിടെ സൂഫി സംഗീതവും ആസ്വദിക്കാം. കാടുള്ള ഏതുരാജ്യത്തുപോയാലും ആ രാജ്യത്തെ കാടുകൾ കാണാതെ മടങ്ങാറുമില്ല വ്യത്യസ്തനായ ഈ വനമിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.