ഇന്ന് ലോക ദേശാടനപക്ഷി ദിനം: വരൾച്ചയുടെ വരവറിയിച്ച് നാടോടി പക്ഷികളുടെ സാന്നിധ്യം
text_fieldsതൃശൂർ: കാലാവസ്ഥ വ്യതിയാനവും വരൾച്ചയുമറിയിച്ച് സംസ്ഥാനത്ത് നാടോടിപക്ഷികളുടെ വരവേറുന്നു. നെൻമണിക്കുരുവികൾ, ചരൽകുരുവികൾ, ബണ്ടിങ്ങുകൾ തുടങ്ങിയ വാഗ്രൻസ് എന്ന വിഭാഗത്തിൽപ്പെടുന്ന അവിചാരിതമായെത്തുന്ന നാടോടി ചെറുപക്ഷികൾ സംസ്ഥാനത്ത് കൂടുതലായെത്തുന്നതായി പക്ഷിനിരീക്ഷകർ പറയുന്നു.
പഞ്ചാബ്, ഹരിയാന, ഗുജറാത്ത് പോലെയുള്ള വരണ്ട പ്രദേശങ്ങളിൽ കാണുന്ന ഇവയുടെ സാന്നിധ്യം സംസ്ഥാനത്ത് വരാനിരിക്കുന്ന വരൾച്ചാകാലത്തിന്റെ സൂചകങ്ങളായാണ് വിലയിരുത്തുന്നതെന്ന് തൃശൂർ വെള്ളാനിക്കര കോളജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റ് ഡീനും ജൈവവൈവിധ്യ ഗവേഷകനുമായ ഡോ. പി.ഒ. നമീർ 'മാധ്യമ'ത്തോട് പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലം മുതൽ 200-250 വർഷങ്ങളായി സംസ്ഥാനത്തെത്തുന്ന ദേശാടനപക്ഷികളുടെ കണക്കിൽ ഉൾപ്പെടാത്ത വിഭാഗമാണിവ.
സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ് ദേശാടനപക്ഷികളെത്തുന്നത്. കൃത്യ ഇടവേളകളിലെത്തുന്ന ഇവയിൽപ്പെടാതെ അപ്രതീക്ഷിതമായെത്തുന്ന അതിഥികളാണ് വാഗ്രൻസ് എന്ന വിഭാഗത്തിൽപ്പെടുന്നവ. 2000ത്തിലാണ് ഇവയെ കണ്ടുതുടങ്ങിയത്. 2010 മുതൽ 2020 വരെ കാലഘട്ടത്തിൽ ഇവയുടെ സാന്നിധ്യമേറിവരുന്നത് ശ്രദ്ധയിൽപ്പെട്ട ഡോ. പി.ഒ നമീറിന്റെ നേതൃത്വത്തിലെ സംഘമാണ് കൂടുതൽ പഠനം നടത്തിയത്. കേരളം വരൾച്ചയെ അഭിമുഖീകരിക്കേണ്ട സാഹചര്യമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ഡോ. നമീർ പറഞ്ഞു. പല ഭാഗങ്ങളിലും ഇവയെ ഗോതമ്പുമണി കുരുവികൾ എന്നും വിളിക്കാറുണ്ട്.
കേരളത്തിൽ മയിലുകളുടെ സാന്നിധ്യം കൂടിവരുന്നതുമായി ബന്ധപ്പെട്ട് ഇതേ സ്വഭാവത്തിലുള്ള പഠനം ഡോ. നമീർ 2019-20 വർഷങ്ങളിൽ നടത്തിയിരുന്നു. കേരളം പോലെ നനവാർന്ന ഇടതൂർന്ന വൃക്ഷലതാദികളുള്ള സ്ഥലത്ത് കാണപ്പെടുന്ന പക്ഷിയല്ല മയിൽ. വരണ്ട വടക്കൻ സംസ്ഥാനങ്ങളിലും തമിഴ്നാട്ടിലെ പല മേഖലകളിലും മയിലുകളെ വ്യാപകമായി കണ്ടുവരുന്നുണ്ട്. പാലക്കാട് ജില്ലയിലെ വരണ്ട പ്രദേശങ്ങളിലും ചിന്നാർ മേഖലയിലുമാണ് ആദ്യമായി ഇവയെ കണ്ടെത്തിയത്. 80കളിലാണ് പ്രമുഖ പക്ഷിനിരീക്ഷകനായ ഇന്ദുചൂഡൻ മയിലുകളെ കണ്ടതായി രേഖപ്പെടുത്തുന്നത്.
കേരളം വരൾച്ചയിലേക്ക് പോകുന്നു എന്നതിന്റെ സൂചനകളാണ് ഈ പഠനവും പുറത്തുവിട്ടത്. 2050 ആകുമ്പോൾ ഭാവി കേരളത്തിന്റെ 50 ശതമാനത്തോളം വരണ്ട പ്രദേശമായി മാറിയേക്കാമെന്ന വിപൽസൂചനകൾ പഠനം വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.