മരുഭൂമിയിലെ പാമ്പുകളെ അടയാളപ്പെടുത്തുന്ന യു.എ.ഇ സ്റ്റാമ്പുകൾ
text_fieldsയുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥയിൽ ജന്തുജാലങ്ങൾക്ക് പ്രത്യേക പരിഗണനയുണ്ട്. മരുഭൂമിയുടെ ആഴങ്ങളിലും മണ്ണരടുകളുടെ വിടവുകളിലും കഴിയുന്ന പാമ്പുകളെ അടയാളപ്പെടുത്തുന്ന നിരവധി സ്റ്റാമ്പുകളാണ് രാജ്യം പുറത്തിറക്കിയിരിക്കുന്നത്. മരുഭൂമിയിലുള്ള പാമ്പുകളിലധികവും ഉഗ്രവിഷം ഉള്ളവയാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറും പ്രമുഖ ഗവേഷകനുമായ ഡോ.സുബൈർ മേടമ്മലും പാമ്പുപിടിത്തക്കാരനായ ഷംസുദ്ദീൻ ചെർപ്പുളശ്ശേരിയും ചേർന്ന് യു.എ.ഇ മരുഭൂമിയിലെ പാമ്പുകളെ കുറിച്ച് നടത്തിയ പഠനത്തിൽ ഇതിനെ കുറിച്ച് സമഗ്രമായി വിശദീകരിക്കുന്നുണ്ട്. മരുഭൂമിയിലെ വിഷപാമ്പുകളിൽ മുൻനിരയിലുള്ള കൊമ്പൻ അണലിക്ക് മണലിന്റെ നിറമാണ്.
പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. അണലികളിൽ ഏറ്റവും വലുതും ഭാരമേറിയതും സാൻഡ് വൈപ്പറാണ്, ഇതിനെ കൊമ്പുള്ള അണലിയെന്നും വിളിക്കുന്നു, എന്നിരുന്നാലും മിക്ക ഇനങ്ങൾക്കും കൊമ്പുകൾ ഇല്ല. കാർപെറ്റ് വൈപ്പർ യു.എ.ഇയിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണിത്. ഏകദേശം 80 മുതൽ 90 സെന്റീമീറ്റർ വരെ വലിപ്പമുണ്ട്. കൂടുതൽ വ്യക്തമായ തലയും ഇടുങ്ങിയ കഴുത്തും വർണ്ണാഭമായ ശരീരവുമുണ്ട്. ഈ ഇനത്തെ കുന്നുകളിലും താഴ്വരകളിലും മാത്രമാണ് കണ്ടുവരുന്നത്. വാദികളിലെ ജലാശയങ്ങൾക്ക് അടുത്തായി കാണുന്ന ഒരേയൊരു പാമ്പാണിത്. ഇവക്ക് മാരകമായ വിഷവുമാണ്. അതുകൊണ്ടുതന്നെ വാദികളിൽ ഇറങ്ങുന്നവർ ജാഗ്രതപാലിക്കുന്നത് നല്ലതാണ്.
അറേബ്യൻ റിയർഫാങ് യു.എ.ഇ.യിലെ കുറ്റിച്ചെടികൾ നിറഞ്ഞ മരുഭൂമികളിൽ കാണപ്പെടുന്ന പാമ്പാണിത്. ഇവ പകൽസമയത്ത് സജീവമാണ്, ചെറിയ എലികൾ, പല്ലികൾ, പക്ഷിക്കുഞ്ഞുങ്ങൾ, ചെറിയ പാമ്പുകൾ എന്നിവയാണ് ആഹാരം. തലയും ശരീരത്തിന്റെ മുൻഭാഗവും ഒരേ സമയം ഉയർത്താൻ കഴിയും, കഴുത്ത് ഭാഗം പരന്നതാണ്. ‘ഗരാജാവിന്’ സമാനമായ രൂപമായതിനാൽ കള്ള നാഗം എന്ന വിളിപ്പേരുമുണ്ട്.
നേരിയ വിഷമുള്ളവയാണ്. അപകടകാരിയല്ല. സ്കെയിൽഡ് വൈപ്പർ യു.എ.ഇയിലെ ഏറ്റവും സാധാരണമായ വിഷപ്പാമ്പാണിത്. വാസത്തിന് അർധ മരുഭൂമിയാണ് ഇഷ്ടപ്പെടുന്നത്. വർണ്ണാഭമായതും ഭാരമുള്ളതും ഉയരം കുറഞ്ഞതുമായ വർഗമാണിത്. ഇതിന്റെ തീറ്റ സാൻഡ് വൈപ്പറിന് സമാനമാണ്. മനുഷ്യവാസ കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്നതിനാൽ ഇവ തോട്ടങ്ങളിലെയും വീട്ടിലെയും എലികളെ ഭക്ഷിക്കുന്നു. പ്രസവിക്കുന്ന പാമ്പാണിത്. രാജ്യത്തെ വിഷപ്പാമ്പുകളിൽ ഏറ്റവും മാരകമായ പാമ്പാണിത്.
സാൻഡ് ബോവ മരുഭൂമിയിലെ പാമ്പുകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സാൻഡ് ബോവയാണ്. തീർത്തും നിരുപദ്രവകാരിയായ, വിഷരഹിതമായ, കുഴിയെടുക്കുന്ന, രാത്രിയിൽ സഞ്ചരിക്കുന്ന പാമ്പാണ്. മറ്റെല്ലാ ബോവകളെയും പോലെ, ഇതും ഇരയെ ഞെരുക്കി കൊല്ലുന്നു, കുഞ്ഞുങ്ങൾക്ക് ഏകദേശം 60 സെന്റീമീറ്റർ നീളമുണ്ടാകും. പാമ്പ് എന്നർത്തം വരുന്ന തോബാൻ എന്ന ഒരു പ്രദേശം തന്നെ ഫുജൈറയിലുണ്ട്. മസാഫിയിലെ ഫ്രൈഡേ മാർക്കറ്റിൽ നിന്ന് ദൈദിലേക്ക് പോകുന്ന പാതയിലാണ് ഈ പ്രദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.