വളയം കാറാടു മലയും ഖനന മാഫിയയുടെ കൈകളിലേക്ക്
text_fieldsനാദാപുരം: പരിസ്ഥിതി ലോലവും സംരക്ഷണ പട്ടികയിലുമുള്ള പ്രദേശങ്ങളടക്കം വ്യാപക കൈയേറ്റത്തിനും നശീകരണത്തിനും വിധേയമാകുന്നു. കണ്ണൂർ ജില്ലയുടെ കിഴക്കും കോഴിക്കോട് ജില്ലയുടെ വടക്ക് ഭാഗത്തും വ്യാപിച്ചുകിടക്കുന്ന, പശ്ചിമഘട്ടത്തിെൻറ ഭാഗമായ കണ്ണവം വനമേഖല അനധികൃത കരിങ്കൽ ഖനനത്തിെൻറ വിളനിലമാവുകയാണ്. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ മാത്രം 132 അനധികൃത ക്വാറികൾ ഉണ്ടെന്നാണ് കണക്ക്.
ചെറുപ്പറമ്പ് എന്ന സ്ഥലത്തുനിന്നും ആരംഭിച്ച് വാഴമലയിൽ അവസാനിക്കുന്ന ഈ പ്രദേശം മുഴുവൻ കരിങ്കൽ ഖനനത്തിെൻറ പ്രധാന കേന്ദ്രങ്ങളാണ്. ഇവിടെ മലകൾ മുഴുവൻ തുരന്ന് അസ്ഥിവാരം വരെ തകർന്ന നിലയിലാണ്. തലശ്ശേരി, ചോമ്പാൽ തുടങ്ങി ഹാർബർ നിർമാണത്തിനാവശ്യമായ കൂറ്റൻ കരിങ്കല്ലുകൾ, സമീപ പ്രദേശങ്ങളിലെ കടൽഭിത്തി നിർമാണത്തിനാവശ്യമായ കരിങ്കല്ലുകൾ എന്നിവ ഈ മലകളുടെ സംഭാവനയായിരുന്നു. തൊട്ടടുത്ത് ചെക്യാട് വളയം പഞ്ചായത്തിലെ കണ്ടിവാതുക്കൽ, ആയോട്, വാളാട് ചിറ്റാരി, പെരുന്ന നിലാവ്, കാറാട്, വള്ള്യാട് തുടങ്ങിയ മലനിരകൾ, കോഴിക്കോട് ജില്ലയോട് ചേർന്നു നിൽക്കുന്നവയാണ്.
വള്ള്യാട് മലയിൽ നൂറേക്കറിലധികം ഭൂമി ഇന്ന് ഖനന സംഘത്തിെൻറ കൈകളിലാണ്. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ഇവിടെ തുടരുകയാണ്. ഖനന സ്ഥലത്തുനിന്നും നീക്കം ചെയ്യുന്ന മണ്ണിെൻറയും പാറകളുടെയും അവശിഷ്ടങ്ങൾ സമീപത്തെ കൃഷിഭൂമിയിൽ കൂട്ടിയിട്ട് കൃത്രിമ കുന്നുകൾ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെനിന്നും രൂപം കൊള്ളുന്ന രണ്ട് അരുവികൾ പൂർണമായും മണ്ണിട്ടു നികത്തിയതായും ആക്ഷേപമുണ്ട്.
കാലവർഷം ആരംഭിക്കാനിരിക്കേ കനത്ത മഴയിൽ ഈ മൺകൂനകൾ വരുത്തുന്ന അപകട ഭീഷണിയും കുറവല്ല. വർഷകാലത്ത് നിരവധി ഉരുൾപൊട്ടലുകൾ മേഖലയിൽ സംഭവിച്ചിരുന്നു.
ഇതേസംഘം തന്നെ തൊട്ടടുത്ത കാറാട് മലയും ലക്ഷ്യമിട്ടുകഴിഞ്ഞു. ഇവിടെ 35 ഏക്കറിലധികം കൃഷിഭൂമി ഏറ്റെടുത്ത് ഖനനത്തിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവിടെയും വൻതോതിൽ മല ഇടിച്ചുനിരത്തിയുള്ള പ്രവർത്തനമാണ് നടക്കുന്നത്. ആദിവാസികൾ അടക്കമുള്ള ആളുകളിൽനിന്നും നാമമാത്ര വില കൊടുത്തുവാങ്ങി താമസസ്ഥലത്തുനിന്നും പുറത്താക്കിയാണ് ഭൂമി സ്വന്തമാക്കിയത്.
ഭൂമി കൈവശപ്പെടുത്തിയവർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല എന്ന പരാതിയുമായി ഭൂമി നഷ്ടമായവർ രംഗത്തുവന്നിട്ടുണ്ട്. ഇവർക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, യന്ത്രസഹായത്തോടെ ഇവിടെയും റോഡ് അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതികൾ, പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് സ്റ്റോപ് മെമ്മോ നൽകിയതായി അറിയിപ്പ് നൽകിയിരുന്നു. എന്നാൽ, നിർമാണ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.