കാലികൾക്ക് മേയാൻ വെറ്റക്കട പാർക്ക്
text_fieldsവർക്കല: വെറ്റക്കട പാർക്കിനെ ടൂറിസം വകുപ്പും പഞ്ചായത്തും കൈയൊഴിഞ്ഞു. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച പാർക്ക് ഇപ്പോൾ കന്നുകാലികൾക്ക് മേയാനുള്ള ഇടവും മാലിന്യ നിക്ഷേപ കേന്ദ്രവുമായി. കായലോരം ടൂറിസം വികസന പദ്ധതിയുടെ ഭാഗമായാണ് വർഷങ്ങൾക്ക് മുമ്പ് പാർക്ക് സ്ഥാപിച്ചത്. കടലിനും കായലിനും അഭിമുഖമായി സ്ഥിതിചെയ്യുന്ന ഇവിടേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പാകത്തിലാണ് ഇരിപ്പിടങ്ങളും നടപ്പാതയും മറ്റു സൗകര്യങ്ങളും ഉൾപ്പെടെ പാർക്ക് സ്ഥാപിച്ചത്.
മനോഹരമായ പാർക്ക് ഇപ്പോൾ മാലിന്യനിക്ഷേപ കേന്ദ്രമായി മാറി. കാടും വള്ളിപ്പടർപ്പും പിടിച്ചതോടെ നാട്ടുകാർ കന്നുകാലികളെ മേയ്ക്കാനുള്ള ഇടമാക്കി മാറ്റി. ഇടവ-കാപ്പിൽ തീരദേശ പാതയിൽ റോഡിന് സമീപമുള്ള പാർക്കിൽ കാറ്റേറ്റ് കായലും കടലും ഒരേപോലെ ആസ്വദിക്കാനാവും. സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനുള്ള ഇടം എന്ന നിലയിൽക്കൂടിയാണ് പാർക്ക് രൂപകൽപന ചെയ്തത്.
പഞ്ചായത്തിന്റെ ഔദ്യോഗിക പരിശീലന ക്ലാസുകൾക്കും മറ്റും അനുയോജ്യമായിട്ടും പരിപാടികൾ ഇവിടെ നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം രാഷ്ട്രീയ പാർട്ടിയുടെ പരിപാടി ഇവിടെ സംഘടിപ്പിച്ചിരുന്നു. തുടർന്ന് സാംസ്കാരിക പരിപാടികൾ വരുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചതും അസ്ഥാനത്തായി. ഔദ്യോഗിക, സാംസ്കാരിക പരിപാടികളാൽ സജീവമാകേണ്ട പാർക്കിനെ അധികൃതർതന്നെ അവഗണിച്ച് കൈയൊഴിഞ്ഞതോടെ കാടുകയറിയ നിലയിലായി. രാത്രികാലങ്ങളിൽ മദ്യപാന കേന്ദ്രമായി മാറിയിട്ടുണ്ടെന്ന് പ്രദേശവാസികളും പറയുന്നു.
മദ്യക്കുപ്പികളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയുന്നതും പതിവാണ്. വേണ്ടത്ര വൈദ്യുതി വിളക്ക് ഇല്ലാത്തതും സാമൂഹികവിരുദ്ധർ തമ്പടിക്കാൻ കാരണമായെന്നും നാട്ടുകാർ പറയുന്നു. ആഴംകുറഞ്ഞ കായൽ തീരമായതിനാൽ കൊല്ലം ജില്ലയിൽനിന്നുൾപ്പെടെ കുട്ടികളെ നീന്തൽ പരിശീലനത്തിനായി മുൻകാലങ്ങളിൽ ഇവിടെ എത്തിച്ചിരുന്നു.
കുട്ടികൾക്ക് സ്കേറ്റിങ് പരിശീലനത്തിനുള്ള സൗകര്യവും ഇവിടെയുണ്ട്. പ്ലാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും മറ്റ് അവശിഷ്ടങ്ങളും പാർക്കിന്റെ ഭംഗിക്ക് തന്നെ മങ്ങലേറ്റിട്ടുണ്ട്. തീരദേശ മേഖലയിൽ വിനോദസഞ്ചാരത്തിനായി കോടികൾ ചെലവിടുമ്പോഴും ഇത്തരത്തിലുള്ള മനോഹരമായ ഇടങ്ങൾ അനാസ്ഥമൂലം നശിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.