കഴുകന്മാരുടെ സംരക്ഷണത്തിനായി 'വൾച്ചർ റെസ്റ്റോറന്റ്' ആരംഭിച്ച് ഝാർഖണ്ഡ്
text_fieldsറാഞ്ചി: വംശനാശഭീഷണി നേരിടുന്ന കഴുകന്മാരുടെ സംരക്ഷണത്തിനായി 'വള്‍ച്ചര്‍ റെസ്റ്റോറന്റ്' ആരംഭിച്ച് ഝാർഖണ്ഡ്. ഝാർഖണ്ഡിൽ മുൻകാലങ്ങളിൽ കഴുകന്മാരെ ധാരാളമായി കണ്ടിരുന്നതായി വിദഗ്ധർ പറയുന്നു. നിലവില്‍ ഇവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങള്‍ സംസ്ഥാനത്ത് കുറവാണ്. വെറ്ററിനറി മരുന്നുകളുപയോഗിച്ച കന്നുകാലികളുടെയും മറ്റും ജഡങ്ങള്‍ ഭക്ഷിക്കുന്നത് കഴുകന്മാര്‍ക്ക് ഭീഷണിയായി മാറുന്നുവെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ഇത്തരം മരുന്നുകളിലടങ്ങിയിരിക്കുന്ന അപകടകരമായ പദാര്‍ത്ഥങ്ങള്‍ ഇവരുടെ ജീവന് ഭീക്ഷണിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് 'വൾച്ചർ റെസ്റ്റോറന്റ്' എന്ന ആശയത്തിന് തുടക്കമാവുന്നത്.
കോടര്‍മ ജില്ലയിലെ ഒരു ഹെക്ടര്‍ വരുന്ന സ്ഥലത്താകും റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുക. കഴുകന്മാര്‍ക്കായുള്ള ഫീഡിങ് കേന്ദ്രമെന്ന നിലയിലാകും ഇത് പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് കഴുകന്മാരുടെ എണ്ണം കൂട്ടുകയെന്ന ലക്ഷ്യമാണ് ഫീഡിങ് കേന്ദ്രമെന്ന ആശയത്തിന് പിന്നില്‍. വെറ്ററിനറി മരുന്നു സംബന്ധമായ പദാര്‍ത്ഥങ്ങളില്ലാത്ത കന്നുകാലികളുടെ ജഡം ലഭ്യമാകുന്ന പക്ഷം റെസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിക്കും. സമാനമായ കേന്ദ്രങ്ങള്‍ മറ്റിടങ്ങളില്‍ തുടങ്ങാനും വനംവകുപ്പ് അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. ഹാനികരമായ മരുന്നുപദാര്‍ത്ഥങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കന്നുകാലികളെ ചികിത്സിക്കുന്നതിനായി നിരോധിത മരുന്നായ ക്ലോഫെനാക്കിന്റെ അമിത ഉപയോഗം കാരണം കോടർമ, ഹസാരിബാഗ് ജില്ലകളിലെ ചില ഭാഗങ്ങളിൽ കഴുകന്മാരുടെ സാന്നിദ്ധ്യം വലിയ തോതിൽ കുറഞ്ഞിരുന്നു. രണ്ടു ദശാബ്ദത്തോളം കോടര്‍മ ജില്ലയില്‍ കഴുകന്മാരുടെ സാന്നിദ്ധ്യമുണ്ടായിട്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2019-ലാണ് ജില്ലയില്‍ വീണ്ടും കഴുകന്മാര്‍ സാന്നിധ്യമറിയിക്കുന്നത്. 2015-ല്‍ മഹാരാഷ്ട്രയിലെ ഫംസാദ് വന്യജീവി സങ്കേതത്തിലാണ് ഇത്തരത്തില്‍ ആദ്യമായി 'വള്‍ച്ചര്‍ റെസ്റ്റോറന്റ്' സ്ഥാപിതമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.