ആരിഫ് പറയുന്നു; സാരസ കൊക്കിനെ കൂടുതുറന്നുവിടണം...
text_fieldsലഖ്നോ: തന്റെ ‘സുഹൃത്താ’യ സാരസ കൊക്കിനെ കൂട്ടിൽനിന്ന് തുറന്നുവിട്ട് സ്വതന്ത്രയാക്കണമെന്ന് അമേത്തിയിലെ കർഷകനായ മുഹമ്മദ് ആരിഫ്. കഴിഞ്ഞ ദിവസം കാൺപൂർ മൃഗശാലയിൽ കൂട്ടിലാക്കിയ കൊക്കിനെ ആരിഫ് ചെന്നുകണ്ടിരുന്നു. ഇതിനുപിന്നാലെയാണ് പക്ഷിയെ സ്വതന്ത്രമാക്കണമെന്ന് വിവിധ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ആരിഫ് പ്രതികരിച്ചത്. സാരസ കൊക്കിനെ വനംവകുപ്പ് അധികൃതരെത്തി കൊണ്ടുപോയശേഷം രണ്ടാഴ്ചയായി താൻ വീട്ടിലേക്ക് പോയിട്ടില്ലെന്നും ആരിഫ് പറഞ്ഞു. കാൺപൂർ മൃഗശാലയിൽ കൂട്ടിനരികെ ആരിഫിനെ കണ്ടപ്പോഴുള്ള കൊക്കിന്റെ ആഹ്ലാദ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദേശീയ മാധ്യമങ്ങളും ബി.ബി.സി ഉൾപെടെയുള്ള പ്രമുഖ രാജ്യാന്തര മാധ്യമങ്ങളും സംഭവം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
‘നിങ്ങൾ വിഡിയോയിൽ കണ്ടതുപോലെ, കഴിഞ്ഞ ദിവസം ഞാൻ അവളുടെ അടുത്ത് പോയിരുന്നു. എന്നെക്കണ്ടതും ആകെ അസ്വസ്ഥമായിരുന്നു അത്. എന്റെ അടുത്തെത്താനുള്ള വെപ്രാളമായിരുന്നു. എന്നാൽ, ക്വാറന്റീൻ എന്ന പേരു പറഞ്ഞ് കൂട്ടിലടച്ചതിനാൽ അതിന് എന്റെ അടുത്തെത്താൻ കഴിഞ്ഞില്ല. ‘ആരിഫ് വന്നു, എന്നെ കൊണ്ടുപോകും’ എന്ന് അത് ചിന്തിച്ചിട്ടുണ്ടാകും. ഞാൻ അടുത്തുചെല്ലുമെന്നും താലോലിക്കുമെന്നും പ്രതീക്ഷിച്ചിട്ടുണ്ടാകണം. എന്നാൽ, അതാന്നും സംഭവിച്ചില്ല. കാരണം, വന്യജീവി നിയമങ്ങൾ അതിനെതിരാണ്. ഡോക്ടർമാർ നിർദേശിച്ചതുപോലെ ദൂരെനിന്ന് കണ്ട് ഞാൻ തിരിച്ചുപോന്നു.
സാരസ കൊക്ക് ഉത്തർപ്രദേശിന്റെ സംസ്ഥാന പക്ഷിയാണ്. വന്യജീവി നിയമങ്ങൾ ഉള്ളതിനാൽ അതിനെ എന്റെകൂടെ വിടണമെന്നൊന്നും ഞാൻ പറയുന്നില്ല. അതിനെ കൂടുതുറന്ന് പുറത്തുവിടണമെന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളത്. ഏതെങ്കിലുമൊരു പക്ഷിസങ്കേതത്തിൽ മുമ്പത്തേതുപോലെ ജീവിക്കാൻ അതിന് വഴിയൊരുക്കണം. അങ്ങനെയെങ്കിൽ എന്നെക്കാണണമെന്നുതോന്നുമ്പോൾ അതിന് വരാനും കഴിയും.
എന്റെ കൂടെ ജീവിക്കുന്നത് അതിന് സുഖപ്രദമായിരിക്കും. കാരണം, ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. സുഹൃത്തുക്കൾക്കരികിൽ നമ്മൾ എപ്പോഴും കംഫർട്ടബിളായിരിക്കുമല്ലോ. ഒരു േപ്ലറ്റിൽനിന്നാണ് ഞങ്ങൾ ഭക്ഷണം കഴിച്ചിരുന്നത്. അതെല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. അതിനെ കൊണ്ടുപോയശേഷം രണ്ടാഴ്ചയായി ഞാൻ വീട്ടിലേക്ക് പോയിട്ടില്ല.
സാരസ കൊക്കിനെ കൊണ്ടുപോയ വനംവകുപ്പ് അധികൃതർ നിയമം ലംഘിച്ചതിന് എനിക്ക് നോട്ടിസ് നൽകിയിരുന്നു. ഇതുവരെ ഹിയറിങ് നടന്നിട്ടില്ല. ഓഫിസർമാരൊക്കെ തിരക്കിലാണെന്നും മറ്റൊരു തീയതി നൽകാമെന്നും കാട്ടി പിന്നീടൊരു നോട്ടീസ് കൂടി കിട്ടിയിരുന്നു.
എനിക്ക് രാഷ്ട്രീയവുമായോ തെരഞ്ഞെടുപ്പുമായോ ഒരു ബന്ധവുമില്ല. ഒരു കുഴപ്പത്തിൽനിന്ന് മറ്റൊന്നിലേക്ക് പോകാൻ ഉദ്ദേശിക്കുന്നുമില്ല. സാരസ കൊക്കിനെ സ്വതന്ത്രമാക്കണം എന്നതു മാത്രമാണ് എന്റെ ആവശ്യം. വരുൺ ഗാന്ധി എം.പി ഉൾപെടെ ഈ ഘട്ടത്തിൽ പിന്തുണ നൽകിയവരോടൊക്കെ നന്ദിയുണ്ട്. ഒരു കൊച്ചുഗ്രാമത്തിൽനിന്നുള്ള കർഷകൻ മാത്രമാണ് ഞാൻ. ആളുകളുടെ പിന്തുണയില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല.’ -ആരിഫ് പറഞ്ഞു.
അമേത്തിയിലെ മന്ദേഖ ഗ്രാമത്തിലുള്ള തന്റെ കൃഷിയിടത്തിൽനിന്ന് 2022 ഫെബ്രുവരിയിലാണ് 35കാരനായ ആരിഫിന് കാലിന് ഗുരുതര പരിക്കേറ്റ നിലയിൽ സാരസ കൊക്കിനെ ലഭിച്ചത്. പക്ഷിയെ വീട്ടിൽ കൊണ്ടുപോയി നാടൻ മരുന്നുകൾ വെച്ചുകെട്ടി ചികിത്സ നൽകി. പരിക്ക് മാറി ആരോഗ്യം വീണ്ടെടുത്താൽ അത് പറന്നുപോയ്ക്കോളുമെന്നായിരുന്നു ആരിഫിന്റെ കണക്കുകൂട്ടൽ. എന്നാൽ, പരിക്കു മാറിയിട്ടും പക്ഷി ആരിഫിനെ വിട്ടുപോകാൻ കൂട്ടാക്കിയില്ല. ഇരുവരുടെയും സൗഹൃദത്തിന്റെ അതിശയക്കാഴ്ചകൾ പിന്നീട് വൈറലാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.