വയനാട് കടുവാ ആക്രമണം: കൂടുതല്‍ നടപടിയ്ക്ക് വനം വകുപ്പ്
text_fieldsതിരുവനന്തപുരം : വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. വയനാട് ജില്ലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോര്‍ത്ത് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ദീപയെ നോഡല്‍ ഓഫീസറായി നിയമിച്ചു.
ഇവരുടെ കീഴില്‍ ഇന്‍സിഡെന്റ് കമാന്റ് സ്ട്രക്ചര്‍ ഏര്‍പ്പെടുത്തും. ആരൊക്കെ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന സമയോചിത നിര്‍ദ്ദേശം ഇതുവഴി നല്‍കാന്‍ സാധിക്കുന്നതാണ്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ നയിക്കാന്‍ ഒരോ ടീമിനും ഒരു ഹെഡ് എന്ന നിലയില്‍ സി.സി.എഫ് ചുമതലപ്പെടുത്തുന്നതാണ്.
രാത്രികാലങ്ങളില്‍ ആര്‍.ആര്‍.ടി കളെ കുടൂതല്‍ സജീവമാക്കുന്ന വിധം സമയക്രമീകരണം നടത്തും. വൈകീട്ട് മുതല്‍ വനത്തിനുള്ളില്‍ കാടിളക്കി പരിശോധന നടത്തുന്നതാണ്. ആവശ്യമെങ്കില്‍ നിലവില്‍ സ്ഥാപിച്ചിട്ടുള്ള കൂടുകള്‍ സ്ഥലംമാറ്റി വയ്ക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ (എ.ഐ ക്യാമറ) ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ക്രമീകരിച്ച് കടുവയുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ പരിശ്രമം നടത്തും.
കടുവയെ മയക്ക് വെടി വച്ച് പിടിക്കേണ്ടി വന്നാല്‍ അതിന് അനുവദിച്ചു ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. നഷ്ട പരിഹാരം നല്‍കുന്നതിന് ബജറ്റ് ഹെഡില്‍ നിന്നും വകമാറ്റി ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനും കുടൂതല്‍ തുക ലഭ്യമാക്കണമെന്നും ധനവകുപ്പിനോട് അഭ്യർഥിച്ചു.
വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജയപ്രസാദ്, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ ഷബാബ് എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കാനും നിർദേശം നല്‍കി. വയനാട്ടില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിലയിരുത്തുന്നതിനായി വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.