കാലാവസ്ഥ വ്യതിയാനം; ഭൂമിയുടെ ഭ്രമണവേഗം കുറയുന്നു
text_fieldsആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഭൂമിയിലുണ്ടാക്കിയ ചെറുതുംവലുതുമായ മാറ്റങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ് ശാസ്ത്രലോകം. ശരാശരി താപനില കൂടിയതും അതിന്റെ ഫലമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതുമെല്ലാം സമീപകാലത്ത് റിപ്പോർട്ട് ചെയ്ത കാര്യങ്ങളാണ്. എന്നാൽ, കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ കറക്കത്തെത്തന്നെ ബാധിച്ചുവെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി ചൂട് ഉയർന്ന് ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുമലകളും മറ്റും ഉരുകി ഭൂമധ്യ രേഖാ പ്രദേശങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇത് ഭൂമിയുടെ ദ്രവ്യമാന വിതരണത്തിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമായി. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ഭാരം സംബന്ധിച്ച സന്തുലിതത്വം നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി ഭൂമിയുടെ ഭ്രമണവേഗം കുറഞ്ഞുവെന്നാണ് സൂറിച്ചിലെ ഇ.ടി.എച്ച് സർവകലാശാലയിലെ ഗവേഷകരുടെ നിരീക്ഷണം. ഭ്രമണവേഗം കുറയുക എന്നാൽ അതിനർഥം, ദിനദൈർഘ്യം കൂടുക എന്നുകൂടിയാണ്. അതോടൊപ്പം, ഭൂമിയുടെ സാങ്കൽപിക അച്ചുതണ്ടിന്റെ സന്തുലിതത്വവും തകരും. ഇതും സങ്കൽപിക്കാനാവാത്ത തരത്തിലുള്ള പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. പഠന ഫലങ്ങൾ ‘നാച്വർ ജിയോ സയൻസി’ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.