എന്തുകൊണ്ടാണ് മൃഗങ്ങൾ അവയുടെ കുഞ്ഞുങ്ങളെ കൊല്ലുന്നത്?; അബദ്ധത്തിൽ മാത്രമല്ല, അതിന് പിന്നിൽ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്...
text_fieldsകഴിഞ്ഞയാഴ്ച പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ മൃഗശാലയിൽ ഒരു കടുവ തന്‍റെ മൂന്ന് കുഞ്ഞുങ്ങളെ കടിച്ചുകൊന്ന വാർത്ത വൻതോതിൽ പ്രചരിച്ചിരുന്നു. അത് കുഞ്ഞുങ്ങളെ എടുത്തുമാറ്റുന്നതിനിടയിൽ നടന്ന അപകടമായിരുന്നു. അമ്മക്കടുവയുടെ പല്ലുകൾ രണ്ട് കുഞ്ഞു കടുവകളുടെ ശ്വാസനാളത്തിനും മൂന്നാമത്തേതിന്‍റെ തലയോട്ടിക്കും മുറിവ് വരുത്തിയതായിരുന്നു അപകടകാരണം. എന്നാൽ, അബദ്ധത്തിൽ മാത്രമാണോ മൃഗങ്ങൾ കുഞ്ഞുങ്ങളെ കൊല്ലുന്നത്?. അതിന് മറ്റ് ചില കാരണങ്ങൽ കൂടിയുണ്ട്.
പെൺകടുവകൾ കുഞ്ഞുങ്ങളെ കൊല്ലുന്നത് അത്ര പതിവുള്ളതല്ല. എന്നാൽ, തന്‍റെ ഇണയെയും പ്രദേശത്തെയും കൈക്കലാക്കാൻ നോക്കുന്ന എതിരാളികളുടെ കുഞ്ഞുങ്ങളെ ആൺ കടുവകൾ കൊല്ലാറുണ്ട്. മൃഗങ്ങൾ കഠിനാധ്വാനത്തിലൂടെ നേടുന്ന ഭക്ഷണം ദുർബലരായ കുട്ടികൾക്ക് നൽകാറില്ല. അതിജീവിക്കാൻ സാധ്യത ഇല്ലാത്ത കുഞ്ഞുങ്ങളെ അവ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നു.
2018 സെപ്റ്റംബറിൽ കൊൽക്കത്തയിലെ അലിപൂർ മൃഗശാലയിൽ ഭാരക്കുറവോടെ ജനിച്ച ഒരു സിംഹക്കുട്ടിയെ പ്രസവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം അമ്മ ഉപേക്ഷിച്ചിരുന്നു. ഗ്വാളിയോർ മൃഗശാലയിൽ ഒരു കടുവ ആരോഗ്യമുള്ള ആൺകുഞ്ഞിനെ നിലനിർത്തി പെൺകടുവയെ കൊന്നുകളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. മൃഗങ്ങൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ പുറത്ത് അബദ്ധത്തിൽ കിടന്നു പോകുന്നതും മരണത്തിന് കാരണമാകാറുണ്ട്. അത്തരത്തിൽ മൃഗങ്ങൾ കുഞ്ഞുങ്ങളെ കൊന്ന നിരവധി സംഭവങ്ങളുണ്ട്.
ഗർഭധാരണവും പ്രസവവും മാതൃ സ്വഭാവത്തെ പ്രേരിപ്പിക്കുന്ന പ്രത്യേക ഹോർമോണുകളെ ഉൽപാദിപ്പിക്കാറുണ്ട്. എന്നാൽ, ഹോർമോൺ അസന്തുലിതാവസ്ഥ കുഞ്ഞുങ്ങൾക്ക് നേരെയുള്ള ആക്രമണത്തിന് കാരണമാകും. ആദ്യമായി അമ്മയാകുന്ന മൃഗങ്ങളുടെ പരിചയക്കുറവ് കുഞ്ഞങ്ങളുടെ അനാരോഗ്യത്തിനും മരണത്തിനും ചിലപ്പോഴെങ്കിലും കാരണമാകാറുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.