ഭീമൻ കടൽ ചിലന്തികൾ, നീരാളികൾ, പവിഴപ്പുറ്റുകൾ; തെന്നിമാറിയ അന്റാർട്ടിക്ക് മഞ്ഞുമലയുടെ അടിത്തട്ടിലെ ജീവന്റെ കാഴ്ചകളിൽ അമ്പരന്ന് ശാസ്ത്രജ്ഞർ
text_fieldsഅന്റാർട്ടിക്കിലെ ഐസ് പാളിയിൽ നിന്ന് വേർപെട്ട് ഭീമാകാരമായ മഞ്ഞുമല തെന്നിനീങ്ങിയപ്പോൾ അതിനടിയിൽ കണ്ടത് ഭീമൻ കടൽ ചിലന്തികളെയും നീരാളികളെയും പവിഴപ്പുറ്റുകൾ അടക്കമുള്ള ഡസൻ കണക്കിന് പുതിയ ജന്തുജാലങ്ങളെയും! ജനുവരി 13ന് ‘എ 84’ എന്ന മഞ്ഞുമല നീങ്ങിയപ്പോൾ പുതുതായി തുറന്ന കടൽഭാഗത്തെ ജീവന്റെ കാഴ്ചകൾ കണ്ട് അമ്പരന്നിരിക്കുകയാണ് ഗവേഷകർ.
കൊൽക്കത്തയുടെ രണ്ടര ഇരട്ടിയോളം വലുപ്പമുള്ള (510 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള) മഞ്ഞുമലയുടെ വിഘടനം മുമ്പ് മനുഷ്യന് എത്തിച്ചേരാനാകാത്ത ഒരു ജലാന്തർ ഭാഗത്തേക്ക് ലോകത്തിന് പ്രവേശനം നൽകി. ജനുവരി 25ന് ഒരു റിമോട്ട് ഓപ്പറേറ്റിവ് സബ്‌മെർസിബിൾ കടൽത്തീരത്തെത്തി അവിടെനിന്ന് ഫോട്ടോകളും വിഡിയോകളും പകർത്തുകയും മാതൃകകൾ ശേഖരിച്ചു.
ആഴക്കടൽ ഗവേഷണത്തിനായുള്ള യുനെസ്കോയുടെ അംഗീകാരമുള്ള ആഗോള സംരംഭമായ ചലഞ്ചർ 150ന്റെ ഭാഗമായിരുന്നു ഈ ദൗത്യം. വ്യാഴാഴ്ചയാണ് കണ്ടെത്തലുകൾ പ്രഖ്യാപിച്ചത്. അന്റാർട്ടിക്ക് ഹിമത്തിന്റെ പൊങ്ങിക്കിടക്കുന്ന ഭാഗങ്ങൾക്ക് കീഴിൽ ആവാസവ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ ഈ കണ്ടെത്തലുകൾ നൽകുന്നു.
ഹിമത്തിനടിയിലെ ജീവിതം
റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ ആയ ‘സുബാസ്റ്റിയൻ’ ഉപയോഗിച്ച് ശാസ്ത്രജ്ഞർ എട്ടു ദിവസം കടൽത്തീരത്ത് പര്യവേഷണം നടത്തി. അവരവിടെ 1,300 മീറ്റർ വരെ ആഴത്തിൽ തഴച്ചുവളരുന്ന ആവാസവ്യവസ്ഥകൾ കണ്ടെത്തി.
ഐസ് മത്സ്യം, ഭീമൻ കടൽ ചിലന്തികൾ, നീരാളി തുടങ്ങിയ നിരവധി ജന്തുജാലങ്ങളെ പിന്തുണക്കുന്ന വലിയ പവിഴപ്പുറ്റുകളും സ്പോഞ്ചുകളും(ഒരു തരം ജലജീവി) അവരുടെ നിരീക്ഷണ വലയത്തിലായി. ഒരു മീറ്റർ വരെ വീതിയിൽ വളരാൻ കഴിയുന്ന ജെല്ലിഫിഷ്, നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള സ്പോഞ്ച് എന്നിവയും കണ്ടെത്തി. ഇതിനു പുറമെ, നിരവധി പുതിയ ജീവിവർഗങ്ങളെയും കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പറഞ്ഞു.
‘ഇത്രയും മനോഹരവും സമൃദ്ധവുമായ ഒരു ആവാസവ്യവസ്ഥ കണ്ടെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. മൃഗങ്ങളുടെ വലുപ്പത്തെ അടിസ്ഥാനമാക്കി ഞങ്ങൾ നിരീക്ഷിച്ച ജീവി വർഗ സമൂഹങ്ങൾ പതിറ്റാണ്ടുകളായി ഒരുപക്ഷേ നൂറുകണക്കിന് വർഷങ്ങളായി അവിടെയുണ്ട്’ -പോർച്ചുഗലിലെ അവീറോ സർവകലാശാലയിലെ മുഖ്യ ശാസ്ത്രജ്ഞ ഡോ. പട്രീഷ്യ എസ്ക്വെറ്റ് പറഞ്ഞു.
അമ്പരപ്പിന്റെ കാരണം
ഐസ് ഷെൽഫിനടിയിലെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ ശാസ്ത്രജ്ഞർ അത്ഭുതപ്പെടാൻ ഒരു കാരണമുണ്ട്. ആഴക്കടലിലെ ജന്തുജാല സമൂഹങ്ങൾ സാധാരണയായി പോഷകങ്ങൾ വർഷിപ്പിക്കുന്നതിന് ഉപരിതലത്തിലുള്ള പ്രകാശസംശ്ലേഷണ ജീവികളെ ആശ്രയിക്കുകയാണ് ചെയ്യുക. എന്നാൽ, ഈ അന്റാർട്ടിക്ക് ആവാസവ്യവസ്ഥകൾ നൂറ്റാണ്ടുകളായി 150 മീറ്റർ കട്ടിയുള്ള ഐസ് കൊണ്ട് മൂടപ്പെട്ട് ഉപരിതല പോഷകങ്ങളിൽ നിന്ന് പൂർണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയായിരുന്നുവെന്ന് ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ ആവാസവ്യവസ്ഥകൾക്ക് ഇന്ധനം പകരുന്ന കൃത്യമായ സംവിധാനം ഇതുവരെ മനസ്സിലായിട്ടില്ല. സമുദ്ര പ്രവാഹങ്ങൾ, ഉരുകിയ ഹിമാനികൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും അവശ്യ പോഷകങ്ങൾ വഹിച്ചുകൊണ്ട് ഐസ് ഷെൽഫിനടിയിൽ ജീവൻ നിലനിർത്തുന്നുണ്ടാകാമെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
2021ൽ മാത്രമാണ് ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേ ഗവേഷകർ തെക്കൻ വെഡൽ കടലിലെ ഫിൽച്നർ റോൺ ഐസ് ഷെൽഫിനു താഴെ അടിത്തട്ടിൽ ജീവിക്കുന്ന ജീവന്റെ ലക്ഷണങ്ങൾ ആദ്യമായി റിപ്പോർട്ട് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.