വന്യജീവി പുനരധിവാസം; ഒരു നൂറ്റാണ്ടിനു ശേഷം ഏഷ്യൻ കാട്ടുകഴുതകൾ സൗദിയിൽ
text_fieldsയാംബു: ഒരു നൂറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഏഷ്യൻ കാട്ടുകഴുതകൾ സൗദി അറേബ്യയിൽ. വംശനാശ നിഴലിലായ ഈ ഇനത്തിലെ ഏഴ് കഴുതകളെ ജോർഡനിൽ നിന്നാണ് സൗദിക്ക് കൈമാറി കിട്ടിയത്. സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിൽ സ്ഥിതി ചെയ്യുന്ന കിങ് സൽമാൻ റോയൽ റിസർവിനുള്ളിലെ വനമേഖലയിൽ ഇവയെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
ഇവിടത്തെ ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെട്ടതോടെ പുനരധിവാസം എളുപ്പമായെന്നും വംശനാശ ഭീഷണിയിൽനിന്ന് സംരക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും റിസർവ് അധികൃതർ അറിയിച്ചു. ഈ വർഷം ഏപ്രിലിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ജോർഡനിലെ ‘റോയൽ സൊസൈറ്റി ഫോർ ദ കൺസർവേഷൻ ഓഫ് നാച്വർ റിസർവി’ൽനിന്നാണ് ഏഴ് ഏഷ്യൻ കാട്ടു കഴുതകളെ സൗദി അറേബ്യ ഏറ്റെടുത്തത്.
നൂറ് വർഷത്തിന് മുമ്പായിരുന്നു സൗദിയിൽ ഏഷ്യൻ കാട്ടുകഴുതകൾ ഉണ്ടായിരുന്നത്. എന്നാൽ, പിന്നീട് അവയുടെ വംശം കുറ്റിയറ്റു പോവുകയായിരുന്നു. കിങ് സൽമാൻ റോയൽ റിസർവ് സ്ഥിതി ചെയ്യുന്ന വന്യമേഖല നേരത്തേ സിറിയൻ കാട്ടു കഴുതകളുടെ ആവാസ കേന്ദ്രമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ആഗോളതലത്തിൽ തന്നെ ഇവക്ക് വംശനാശം സംഭവിച്ചതായാണ് റിപ്പോർട്ട്. സിറിയൻ കാട്ടു കഴുതകളോട് ജനിതകപരമായി സാമ്യമുള്ള ഏഷ്യൻ കാട്ടുകഴുതകളുടെ വരവോടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റിസർവ് വനമേഖലയായ കിങ് സൽമാൻ റോയൽ റിസർവ് പുതിയൊരു ഇക്കോസിസ്റ്റം രൂപപ്പെടുന്നതിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്.
ഇതര കാട്ടുകഴുതകളെ അപേക്ഷിച്ച് ഏഷ്യൻ കാട്ടുകഴുതകൾക്ക് പൊതുവെ വലുപ്പം കുറവാണ്. ഇളം ചുവപ്പ് കലർന്ന മണൽ നിറമാണ് രോമങ്ങൾക്കും ശരീരത്തിനും. അതിൽ ഇളം തവിട്ട് വരയുമുണ്ട്.
ചെറിയ വാലാണുള്ളത്. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ കഴിയും. അറേബ്യൻ കുതിരയെയും ആഫ്രിക്കൻ സീബ്രയെയും അപേക്ഷിച്ച് ഏഷ്യൻ കാട്ടുകഴുതകൾക്ക് 40 ലക്ഷം വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് അനുമാനം.
20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വംശനാശം സംഭവിച്ചതിന് ശേഷം രാജ്യത്ത് ആദ്യമായി ഏഷ്യൻ കാട്ടുകഴുത കാണപ്പെടുന്നുവെന്നത് ഏറെ സന്തോഷകരമാണെന്ന് കിങ് സൽമാൻ റോയൽ റിസർവ് സി.ഇ.ഒ ആൻഡ്രൂ സലൂമിസ് പ്രതികരിച്ചു.
പ്രകൃതിദത്ത ആവാസവ്യവസ്ഥ നൽകി സംരക്ഷിക്കാൻ എല്ലാവിധ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ 600ൽ താഴെ ഏഷ്യൻ കാട്ടുകഴുതകളാണ് ഇപ്പോൾ അവശേഷിക്കുന്നതെന്നാണ് റിപ്പോർട്ട്. ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായും സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്, വിഷൻ 2030 എന്നിവയുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാനും ഇതുവഴി കഴിയുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
2022 മുതൽ 60 അറേബ്യൻ ഓറിക്സ്, മരുഭൂമിയിൽ വസിക്കുന്ന ആട് ഇനത്തിൽ പെട്ട 14 നൂബിയൻ ഐബെക്സ്, 125 സ്റ്റാഗോൺ ഗസൽ, 22 ഹ്യൂമൻ ഗസൽ എന്നിവയുൾപ്പെടെ 11 ഇനങ്ങളിൽപെട്ട വിവിധയിനം വന്യജീവികൾ കിങ് സൽമാൻ റോയൽ റിസർവ് വനത്തിൽ ഇതിനകം സംരക്ഷിക്കപ്പെടുന്നുണ്ട്. കൂടാതെ ഗ്രിഫൺ കഴുകൻ, ഫറവോണിക് മൂങ്ങ എന്നിവയുൾപ്പെടെ ആറ് പക്ഷി ഇനങ്ങളെയും പുതുതായി ഇവിടെ ആവാസ വ്യവസ്ഥയൊരുക്കി പരിപാലിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.