ശൈത്യകാലം തുടങ്ങി; മത്ര കോർണിഷിൽ ദേശാടനപക്ഷികള്‍ വിരുന്നെത്തി
text_fieldsമത്ര: ശൈത്യകാലം ആരംഭിച്ച് അന്തരീക്ഷം കുളിര്ത്തതോടെ ദേശാടനപക്ഷികള്‍ വിരുന്നെത്തി. വിവിധ ദേശങ്ങളില്‍നിന്ന് അതിരുകളുടെ തടസ്സമില്ലാതെ പറന്നെത്തിയ വിരുന്നുകാരുടെ കലപിലകളാല്‍ മുഖരിതമാണ് മത്ര കോര്‍ണിഷിലെ ഓളപ്പരപ്പുകള്‍. ഒരു ദേശത്തനിന്നും മറ്റൊരു ദേശത്തേക്ക് പറന്നെത്തി തമ്പടിക്കുന്ന ദേശാടനപക്ഷികളുടെ മനോഹര കാഴ്ചകള്‍ കാണാന്‍ അതിരാവിലെ മത്ര കോര്‍ണിഷില്‍ നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. പക്ഷികളുടെ ഫോട്ടോ എടുക്കാനും നിരീക്ഷിക്കാനും താല്പര്യമുള്ളവര് വിദൂര ദിക്കുകളില്‍നിന്നുപോലും മത്ര കോർണിഷില്‍ എത്തിച്ചേരാറുണ്ട്. ഋതുക്കളുമായി ബന്ധപ്പെട്ടാണ് പക്ഷികള്‍ ദേശാടനം നടത്തി വരുന്നത്. ഇവക്ക് സ്ഥിരമായ വാസസ്ഥലം ഉണ്ടാകില്ലെന്നാണ് പക്ഷി നിരീക്ഷകരുടെ വിലയിരുത്തല്‍.
തീറ്റ തേടിയും പ്രജനനത്തിനുമൊക്കെയായി അനുയോജ്യമായ ഇടങ്ങള്‍ തേടി നിരന്തരം പറക്കുന്ന വിഭാഗമാണ് ദേശാടനക്കിളികള്‍. പ്രകൃതി പ്രതിഭാസത്തിന്റെ ഭാഗമാണ് ഇവരുടെ ദേശാന്തര യാത്രകള്‍. പക്ഷികള്‍ക്ക് ചേക്കാറാന്‍ അനുയോജ്യമായ ഇഷ്ട ഇടമെന്ന നിലയിലാണ് മുറ തെറ്റാതെ മത്ര കോര്‍ണിഷില്‍ പക്ഷികള്‍ എത്തിച്ചേരാറുള്ളത്.
വിശാലമായ കടല്പരപ്പും മലിനമാകാത്ത തരത്തിലുള്ള കടല്‍ തീരവും കോര്‍ണിഷിലെ നീണ്ടു കിടക്കുന്ന കടല്‍ ഭിത്തികളുമൊക്കെ മത്ര കോർണിഷിലേക്ക് സഞ്ചാരികളായ പക്ഷികളെ ആകര്‍ഷിക്കുന്ന കാരണങ്ങളാണ്. ദേശാടനപക്ഷികളുടെ ആഗമനം കൊണ്ട് ഇനി മുതല്‍ മത്ര കോര്‍ണിഷിലെ പുലര്‍ക്കാലം കൂടുതൽ ആകര്‍ഷകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.