ഇളംതെന്നലും തണലും പകർന്ന് ഇത്തിമരച്ചുവട്ടിൽ...
text_fieldsകൊയിലാണ്ടി: സ്കൂൾമുറ്റത്ത് കുളിർത്തെന്നലും തണലും പകർന്ന് കുട്ടികളെ ഹൃദയത്തിലേറ്റി പന്തലിച്ചുനിൽക്കുകയാണ് ഇത്തിമരം. കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ കവാടം കടന്നുവരുമ്പോൾ കണ്ണുകൾ ആദ്യം പതിയുക ഈ മരത്തിലാണ്. 2007ലെ പരിസ്ഥിതിദിനത്തിൽ സ്കൂൾമുറ്റത്ത് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അധ്യാപിക ഷീബയാണ് ഈ മരം നട്ടത്.
നിറഞ്ഞ ഇലകൾക്കൊപ്പം തൂങ്ങിക്കിടക്കുന്ന വേരുകളും ആകർഷക ഘടകമാണ്. ഗുജറാത്തുകാരനായ ഉദ്യോഗസ്ഥനാണ് ഈ മരത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് സംരക്ഷിക്കാൻ നിർദേശിച്ചത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നിരീക്ഷകനായി എത്തിയതായിരുന്നു അദ്ദേഹം. തുടർന്ന് കലക്ടറുമായി ചർച്ചചെയ്ത് താലൂക്ക് ഇലക്ഷൻ ചാർജ് ഓഫിസറായ ഡെപ്യൂട്ടി തഹസിൽദാർ പി. പ്രേമൻ മുൻകൈയെടുത്ത് തറ കെട്ടി.
സംരക്ഷണം ലഭിച്ചതോടെ വളരെ വേഗം പടർന്നുപന്തലിച്ചു മരം. ടൈൽ പാകി ഇരിപ്പിടവും ഒരുക്കി. പലപ്പോഴും പഠനം മരച്ചുവട്ടിലായി. മരച്ചുവട്ടിൽ വിശ്രമിക്കാൻ കുട്ടികൾ മത്സരമായി. ഒഴിവുസമയങ്ങളിൽ കുട്ടികൾ കൂടുതലും ഈ മരച്ചുവട്ടിലായിരിക്കും. രക്ഷിതാക്കളും അൽപസമയമെങ്കിലും ഇവിടെ ഇരുന്നേ പോകാറുള്ളൂ.
സ്കൂൾ പഠനം പൂർത്തിയാക്കി കടന്നുപോയവർ സമയം കിട്ടുമ്പോഴൊക്കെ ഇത്തിമരത്തണലിലേക്കു കടന്നുവരാറുണ്ട്. സ്കൂളിനൊപ്പം അവരുടെ ഹൃദയത്തിൽ ചേക്കേറിയിരിക്കുകയാണ് ഈ മരം. തലമുറകൾക്ക് കുളിരും പച്ചപ്പും പകർന്ന് ഒരുപാടു കാലം ഇത്തിമരം സ്കൂൾമുറ്റത്ത് ഉണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.