ഇന്ന് ലോക വനദിനം; അഞ്ചുവർഷം കത്തിനശിച്ചത് 4541.58 ഹെക്ടർ വനം
text_fieldsതൊടുപുഴ: സംസ്ഥാനത്ത് ശേഷിക്കുന്ന വനസമ്പത്തിന് കടുത്ത ഭീഷണിയായി കാട്ടുതീയും കൈയേറ്റവും. ഇതിനെതിരായ പ്രവർത്തനങ്ങൾക്ക് ഓരോ സാമ്പത്തിക വർഷവും കോടികൾ നീക്കിവെക്കുകയും കർശന നടപടികൾ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ വനങ്ങളുടെ നിലനിൽപ് വെല്ലുവിളികൾക്ക് നടുവിൽത്തന്നെയാണെന്ന് വനംവകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു.
2020-21ലെ കണക്കുപ്രകാരം സംസ്ഥാനത്തെ ആകെ വനവിസ്തൃതി 11,524.91 ചതുരശ്ര കിലോമീറ്ററാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 4541.58 ഹെക്ടർ വനഭൂമി കാട്ടുതീയിൽ നശിച്ചതായാണ് ഇക്കോ ഡെവലപ്മെന്റ് ആന്‍ഡ് ട്രൈബൽ വെൽഫെയർ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട്.
പ്രതിവർഷം ശരാശരി 900 ഹെക്ടറിലധികം വനഭൂമി അഗ്നിക്കിരയാകുന്നു. അടിക്കാട് കത്തിക്കരിയുന്ന സർഫസ് ഫയർ, ചെറുമരങ്ങളും അടിക്കാടും കത്തുന്ന മിഡ്ലെവൽ ഫയർ, മരങ്ങളടക്കം കത്തിനശിക്കുന്ന ക്രൗൺ ഫയർ, മണ്ണടക്കം വേകുന്ന ഗ്രൗണ്ട് ഫയർ എന്നിങ്ങനെ കാട്ടുതീ പല തരത്തിലാണ്.
വകുപ്പിന്റെ അനാസ്ഥയും കാട്ടുതീക്ക് കാരണമാണ്. കേന്ദ്രപദ്ധതിയുടെ ഭാഗമായി കാട്ടുതീ തടയലിനും വനസംരക്ഷണത്തിനുമായി 2022-23ലെ ബജറ്റിൽ സംസ്ഥാന സർക്കാർ 8.02 കോടി വകയിരുത്തിയിരുന്നു. ഇതിൽ 4.84 കോടി ചെലവഴിച്ചതായാണ് കണക്ക്. സാമ്പത്തികവർഷം കേന്ദ്ര വിഹിതമടക്കം ആറ് കോടിയാണ് വകയിരുത്തിയിട്ടുള്ളത്.
ഔദ്യോഗിക രേഖകൾ പ്രകാരം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 199.23 ഹെക്ടർ വനഭൂമിയിലെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. ഏറ്റവും കൂടുതൽ ഒഴിപ്പിച്ചത് ഹൈറേഞ്ച് സർക്കിളിലാണ്- 160.02 ഹെക്ടർ. വനം കൈയേറ്റവുമായി ബന്ധപ്പെട്ട 158 കേസുകൾ ഇനിയും തീർപ്പുകൽപിക്കാതെ കെട്ടിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.