ഇന്ന് ലോക സമുദ്രദിനം; കടൽ വിഷലിപ്തം; ഉത്തരവാദികൾതന്നെ പരിഹാരവും കാണണം
text_fieldsവലിയതുറ: സമുദ്രങ്ങള്‍ക്ക് നിത്യജീവിതത്തിലുള്ള സ്ഥാനത്തെക്കുറിച്ച ഓർമപ്പെടുത്തലാണ് ഓരോ സമുദ്രദിനവും. എന്നാല്‍, കാലാവസ്ഥ വ്യതിയാനവും യന്ത്രവത്കൃതമത്സ്യബന്ധനവും മലിനീകരണവും മൂലം കടലിന്‍റെ ആവാസ്ഥവ്യവസ്ഥ നാൾക്കുനാൾ നാശോന്മുഖമാകുന്നെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
സമുദ്രോപരിതലത്തിലെ അത്ഭുതവും കോടിക്കണക്കിന് ജനങ്ങളുടെ ജീവിതോപാധിയും മത്സ്യങ്ങളുടെ ആവാസകേന്ദ്രങ്ങളുമായ പവിഴപ്പുറ്റുകളുടെ നാശം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച വിവരങ്ങൾ പുറത്തുവന്നിട്ടും അവ സംരക്ഷിക്കുന്നതിന് നീക്കങ്ങളുണ്ടാകുന്നില്ല. എന്തും ഉപേക്ഷിക്കാനുള്ള ഇടമായി സമുദ്രങ്ങള്‍ മാറി. ഭൂമിക്ക് ആവശ്യമായ ഓക്സിജന്‍റെ 78 ശതമാനവും സമുദ്രത്തിലെ സൂക്ഷ്മ സസ്യങ്ങളില്‍നിന്നാണ് ലഭിക്കുന്നതെന്ന വസ്തുത മറന്നാണ് പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ അജൈവമാലിന്യം വലിച്ചെറിയുന്നത്. കേരളത്തിന്‍റെ കടലിലേക്ക് പ്രതിദിനം ടണ്‍ കണക്കിന് പ്ലാസ്റ്റിക്, രാസമാലിന്യമാണ് ഒഴുകിയെത്തുന്നത്. കഴിഞ്ഞ 100 വര്‍ഷത്തിനിടെ സമുദ്രത്തിലെ ജലനിരപ്പ് 10 മുതല്‍ 25 സെന്‍റീമീറ്റര്‍ വരെ ഉയര്‍ന്നതായാണ് കണക്ക്. 1961 മുതല്‍ 2003 വരെ സമുദ്ര നിരപ്പിലെ വര്‍ധന പ്രതിവര്‍ഷം 1.8 മില്ലീമീറ്ററായിരുന്നു. എന്നാല്‍ 2001ഓടെ ഇത് 3.1 മില്ലി ലിറ്ററായി ഉയര്‍ന്നു. സ്വാഭാവികതക്ക് കോട്ടംതട്ടുമ്പോഴാണ് ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നത്. ഇതു മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെ ബാധിക്കും. കാല്‍ നൂറ്റാണ്ടിനിടെ സംസ്ഥാനത്തിന്‍റെ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞുവരുകയാണെന്ന് കേന്ദ്രസമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിന്‍റെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സി.എം.എഫ്.ആര്‍.ഐയുടെ കണക്കനുസരിച്ച് 2020നു ശേഷം കേരള തീരത്ത് മത്സ്യലഭ്യതയില്‍ കാര്യമായ കുറവുണ്ടായി. വരുംവര്‍ഷങ്ങളില്‍ മത്സ്യലഭ്യത ഇനിയും കുറയുമെന്ന് വിദഗ്ധര്‍ പറയുന്നു.
മനുഷ്യന്‍റെ ദുരമൂത്ത വികസന പദ്ധതികളും പരിസ്ഥിതിയെ മറന്നുള്ള ഉപഭോഗ ആസക്തിയും സമുദ്രത്തെ വിഷലിപ്തവും പ്രക്ഷുബ്ധവുമാക്കുന്നെന്നാണ് ഈ മേഖലയിലെ ഗവേഷകർ പറയുന്നത്. സമുദ്രത്തിലെ ജീവനാശവും തീരംകവർന്നുള്ള കടൽകയറ്റവും ഭാവി മനുഷ്യജീവിതത്തെ ദുസ്സഹമാക്കുമെന്നതിൽ സംശയമില്ല. കടലിന്‍റെ ആവാസവ്യവസ്ഥ തകർക്കുകയും മലീമസമാക്കുകയും ചെയ്തവർതന്നെ അതിനുള്ള പ്രതിവിധിയും കാണുകയെന്നതല്ലാതെ വരാനിരിക്കുന്ന ദുരന്തങ്ങളെ തടുക്കാൻ മാർഗങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.