ടൈറ്റന്‍റെ അവശിഷ്ടങ്ങളെന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ യഥാർഥമാണോ? FACT CHECK
text_fieldsടൈറ്റാനിക്കിന്‍റെ കൗതുകം തേടിപ്പോയ ആ അഞ്ചുപേർ കടലിന്‍റെ ആഴങ്ങളിൽ മറഞ്ഞിരിക്കുകയാണ്. ഓഷ്യൻഗേറ്റിന്‍റെ ടൈറ്റൻ അന്തർവാഹിനിയിൽ ടൈറ്റാനിക് കപ്പൽ അവശിഷ്ടങ്ങൾ കാണാൻ പോയ അഞ്ച് പേരും സമുദ്രത്തിനടിയിലെ കനത്ത മർദത്തെ തുടർന്നുള്ള പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരണം. ടൈറ്റന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.
കാനഡയിലെ ന്യൂഫൗണ്ട്‍ലാൻഡ് തീരത്തുനിന്ന് 600 കിലോമീറ്റർ അകലെ കടലിനടിയിലുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ ജൂൺ 18ന് രാവിലെയാണ് അഞ്ചംഗ സംഘം ടൈറ്റനിൽ യാത്ര പുറപ്പെട്ടത്. 45 മിനിറ്റിനുശേഷം പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരൻ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ബ്രിട്ടീഷ് ബിസിനസുകാരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാർഡിങ്, ടൂറിസം പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓഷ്യൻ ഗേറ്റ് ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൺ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൾ ഹെന്റി നർജിയോലെറ്റ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.
അഞ്ച് ദിവസത്തെ തെരച്ചിലിനൊടുവിലാണ് ടൈറ്റാനിക് കപ്പലിന്‍റെ സമീപത്തുനിന്നു പേടകത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. റോബോട്ടുകളെ ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ ഒഡീസിയസ് 6 റോബോട്ടാണ് പൊട്ടിത്തെറിച്ച ടൈറ്റന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതിന് പിന്നാലെ അഞ്ച് പേരും മരിച്ചതായി യു.എസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, പൊട്ടിത്തെറിച്ച ടൈറ്റന്‍റെ അവശിഷ്ടമെന്ന പേരിൽ സമൂഹമാധ്യങ്ങളിൽ നിരവധി ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ, കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ തുടങ്ങിയവയാണ് പ്രചരിക്കുന്നത്. എന്നാൽ ഇവയെല്ലാം വ്യാജമാണെന്നതാണ് യാഥാർഥ്യം. ടൈറ്റന്‍റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ തയാറാക്കിയ ചിത്രങ്ങളാണ് പ്രചരിക്കുന്നവയിലേറെയും. ഇതുകൂടാതെ, സമുദ്രാന്തർഭാഗത്തിന്‍റെ നേരത്തെയുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ട്വിറ്ററിൽ ടൈറ്റന്‍റേതെന്ന പേരിലുള്ള ട്വീറ്റുകൾ പ്രത്യേകം ഫ്ലാഗ് ചെയ്ത് യാഥാർഥ്യമല്ലെന്ന് മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.