മോദിയുടെ പേരിൽ റീചാർജ് ഓഫർ; ലിങ്കിൽ തൊടാൻ വരട്ടെ -ഫാക്ട് ചെക്
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ബി.ജെ.പിയും എല്ലാ ഇന്ത്യന്‍ മൊബൈല്‍ സര്‍വീസ് ഉപഭോക്‌താക്കള്‍ക്കും മൂന്ന് മാസത്തെ ഫ്രീ റീച്ചാര്‍ജ് നല്‍കുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം. വരുന്ന പൊതുതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഓഫർ എന്നാണ് പ്രചരണം നടത്തുന്നവർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് വെബ്‌സൈറ്റിന്‍റെ ലിങ്ക് സഹിതമുള്ള മെസേജ് വാട്‌സ്ആപ്പിലും ട്വിറ്ററിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നുണ്ട്.
ഓഫർ പറയുന്നത്
‘ഫ്രീ റീച്ചാര്‍ജ് യോജന’ എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. പ്രധാനമായും വാട്‌സ്‌ആപ്പില്‍ പ്രചരിക്കുന്ന ഫ്രീ റീച്ചാര്‍ജ് ഓഫര്‍ ട്വിറ്ററിലും ഫേസ്‌ബുക്കിലും കറങ്ങുന്നുണ്ട്. ബി.ജെ.പിക്ക് കൂടുതല്‍ വോട്ട് ചെയ്യാനും 2024 പൊതുതെരഞ്ഞെടുപ്പിലും അധികാരത്തിലെത്തിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യന്‍ മൊബൈല്‍ സര്‍വീസ് യൂസര്‍മാര്‍ക്കും മൂന്ന് മാസത്തെ സൗജന്യ റീച്ചാര്‍ജ് നല്‍കുന്നു എന്നും മെസ്സേജിൽ പറയുന്നു. സൗജന്യ റീച്ചാര്‍ജ് ഓഫര്‍ ലഭിക്കുന്നതിന് ലിങ്കില്‍ ക്ലിക്ക് ചെയ്യാനും പ്രേരിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ 31 ആണ് ഓഫര്‍ ലഭിക്കാനുള്ള അവസാന തീയതിയെന്നും വാട്‌സ്‌ആപ്പ് സന്ദേശത്തില്‍ കാണാം.
ഫാക്ട് ചെക്
നിലവിൽ ലിങ്ക് തുറന്ന് പറിശോധിച്ചാൽ പേജ് നിലവിലില്ല എന്ന അറിയിപ്പാണ് ലഭിക്കുന്നത്. ഇത്തരമൊരു ഓഫര്‍ ബി.ജെ.പിയോ കേന്ദ്ര സര്‍ക്കാരോ നൽകിയിട്ടില്ല എന്നതാണ് വസ്‌തുത. മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുന്നതായി ബി.ജെ.പിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലോ ഔദ്യോഗിക വെബ്‌സൈറ്റിലോ വിവരമില്ല. ഫ്രീ റീച്ചാര്‍ജ് സംബന്ധിച്ച ആധികാരികമായ വാര്‍ത്തകളൊന്നും ഒരു മാധ്യമവും നൽകിയിട്ടും ഇല്ല.
കൂടാതെ ബി.ജെ.പിയുടെ യഥാർഥ വെബ്‌സൈറ്റ് ഡൊമയ്‌നും വൈറൽ സന്ദേശത്തിലെ ഡൊമെയ്‍നും തമ്മിലും വ്യത്യാസമുണ്ട്. യഥാർത്ഥ വെബ്‌സൈറ്റിന്റെ ഡൊമയ്‌ൻ www.bjp.org/home എന്നാണ്. എന്നാൽ വൈറൽ സന്ദേശത്തിലെ ഡൊമയ്ൻ www.bjp.org@bjp2024.crazyoffer.xyz/ എന്നാണ്. ഈ വെബ്‌സൈറ്റിന്‍റെ ഡൊമൈന്‍ കാണിക്കുന്നത് യു.എസിലാണ്. Crazyoffer.xyz എന്ന ഡൊമെയ്‌ൻ പേരിൽ 2023 ഓഗസ്റ്റ് 24-ന് യു.എസ് ലൊക്കേഷനിൽ രജിസ്റ്റർ ചെയ്ത സൈറ്റാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.