ഉള്ളി കഴിക്കാത്ത നിർമല സീതാരാമൻ മാർക്കറ്റിൽപ്പോയി സവാള വാങ്ങിയോ?; വൈറൽ ചിത്രത്തിലെ സത്യമിതാണ്
text_fieldsഉള്ളിയുടെ വിലക്കയറ്റത്തെ സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചർച്ചക്കിടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നൽകിയ മറുപടി നേരത്തേ വിവാദമായിരുന്നു. ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും തന്റെ വീട്ടില്‍ അധികം ഉള്ളി ഉപയോഗിക്കാറില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്നും മന്ത്രി അന്ന് ലോക്‌സഭയില്‍ പറഞ്ഞു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം നിർമല സീതാരാമന്റെ ഒരു ചിത്രം വൈറലായി. മാർക്കറ്റിൽ നിന്ന് മന്ത്രി സവാള വാങ്ങുന്നതായാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്.
വിവാദ ചിത്രം
നിർമല സീതാരാമൻ ഉള്ളി വാങ്ങുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത് കഴിഞ്ഞദിവസമാണ്. മഹാരാഷ്ട്ര കോൺഗ്രസ് സേവാദളിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും ചിത്രം പങ്കുവയ്ക്കപ്പെട്ടു. 'വിൽപ്പന' മന്ത്രിയായ നിർമല സീതാരാമൻ എന്തെങ്കിലും വാങ്ങുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നാണ് സർക്കാർ വിമർശകർ ചിത്രങ്ങളെ പരിഹസിച്ചത്. ഇതിനിടെ ചിലർ മന്ത്രി വാങ്ങുന്നത് ഉള്ളിയാണെന്ന തരത്തിലുള്ള ചിത്രങ്ങളുമായും രംഗത്ത് എത്തി.
ചിത്രത്തിലെ വസ്തുത
മന്ത്രി മാർക്കറ്റിൽ നിന്ന് സാധനം വാങ്ങുന്നത് യഥാർഥമാണെന്നാണ് 'ദി ക്വിന്റ്' നടത്തിയ വസ്തുതാന്വേഷണത്തിൽ വെളിപ്പെട്ടത്. നിർമ്മല സീതാരാമന്റെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ അകൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഒക്‌ടോബർ എട്ടിന് പങ്കുവച്ച വിഡിയോയിൽ മന്ത്രി ഒരു കച്ചവടക്കാരനിൽ നിന്ന് പച്ചക്കറി വാങ്ങുന്നതായാണുള്ളത്. ചെന്നൈയിൽ ഒരു ദിവസം നീണ്ടുനിന്ന സന്ദർശനത്തിനിടെയാണ് മന്ത്രി പച്ചക്കറി വാങ്ങാനിറങ്ങിയത്.
50 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ നിന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. എന്നാൽ ഉള്ളി വാങ്ങുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം ഫോട്ടോഷോപ്പിലൂടെ ഉണ്ടാക്കിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറിക്കുപകരം കുട്ടയിൽ സവാളയുടെ ചിത്രം പിടിപ്പിക്കുകയാണ് ഫോട്ടോഷോപ്പ് വീരന്മാർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.