തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചോ? വാട്സാപ്പ് പ്രചാരണത്തിന്‍റെ യാഥാർഥ്യമറിയാം
text_fieldsവീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് രാജ്യം. രാഷ്ട്രീയ പാർട്ടികൾ സീറ്റ് വിഭജനവും പ്രചാരണവുമെല്ലാം ഊർജിതമാക്കുകയാണ്. അതിനിടെ, തെരഞ്ഞെടുപ്പിന്‍റെ തിയതി പ്രഖ്യാപിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുകയാണ്. എന്താണ് ഇതിന്‍റെ വാസ്തവമെന്ന് പരിശോധിക്കാം.
പ്രചാരണം ഇങ്ങനെ
ഔദ്യോഗിക വാർത്താക്കുറിപ്പെന്ന പോലെ സർക്കാർ അടയാളങ്ങളോടെയുള്ള ഒരു നോട്ടീസാണ് പ്രചരിക്കുന്നത്. ഏപ്രിൽ 19ന് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇതിൽ പറയുന്നത്. മാർച്ച് 12ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നും പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നും ഇതിൽ പറയുന്നു. മാർച്ച് 28ന് നാമനിർദേശ പത്രിക സമർപ്പിക്കാം. ഏപ്രിൽ 19ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മേയ് 22ന് ഫലപ്രഖ്യാപനവും മേയ് 30ന് പുതിയ സർക്കാർ രൂപവത്കരണവും ഉണ്ടാകുമെന്നാണ് പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത്.
വാസ്തവമെന്ത് ?
രാജ്യത്ത് തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണ്. എന്നാൽ, 2024ലെ പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച് തങ്ങൾ ഒരു സമയക്രമവും പുറത്തിറക്കിയിട്ടില്ലെന്നും പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമാണെന്നും കമീഷൻ തന്നെ വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ കമീഷൻ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് തിയതികൾ വാർത്താസമ്മേളനത്തിലൂടെ കമീഷൻ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്.
പൊതുതെരഞ്ഞെടുപ്പ് സമയക്രമം മാർച്ച് 13ന് ശേഷമേ കമീഷൻ പ്രഖ്യാപിക്കുകയുള്ളൂവെന്ന് റിപ്പോർട്ടുകളുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം കമീഷൻ വിലയിരുത്തി വരികയാണ്. ഇത് പൂർത്തിയാക്കിയ ശേഷമാകും പ്രഖ്യാപനം.
2014ൽ ഒമ്പത് ഘട്ടമായാണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നിരുന്നത്. 2019ലാകട്ടെ ഇത് ഏഴ് ഘട്ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.