28 ദ്വീപുകൾ മാലദ്വീപ് ഇന്ത്യക്ക് കൈമാറുന്നുണ്ടോ? യാഥാർഥ്യം ഇതാണ്
text_fieldsകഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വിവരമാണ് മാലദ്വീപ് 28 ദ്വീപുകൾ ഇന്ത്യക്ക് കൈമാറുന്നുണ്ടെന്ന്. മാലദ്വീപും ഇന്ത്യയും തമ്മിൽ നയതന്ത്രബന്ധം വഷളായ സാഹചര്യത്തിൽ ഇന്ത്യയെ അനുനയിപ്പിക്കാനാണ് ഈ കൈമാറ്റമെന്നും പ്രചാരണമുണ്ടായി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ മാലദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഇത്.
മാലദ്വീപിലെ 28 ദ്വീപുകൾ ഇന്ത്യ വാങ്ങിയെന്ന് സമൂഹമാധ്യമങ്ങളിൽ ചിലർ വ്യാപകമായി പ്രചരിപ്പിച്ചു. ഇന്ത്യൻ സർക്കാറിന്‍റെ ഭരണനേട്ടമാണെന്നും ചൈന ഇനി വിറക്കുമെന്നും ഇവർ പ്രചരിപ്പിച്ചു. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു ദ്വീപുകൾ കൈമാറിയുള്ള കരാറിൽ ഒപ്പുവെച്ചെന്ന് എക്സിലെ പ്രധാന സംഘ്പരിവാർ ഹാൻഡിലുകളിൽ പോസ്റ്റ് വന്നു. ബംഗ്ലാദേശിലെ അനുഭവം മുൻനിർത്തി ലക്ഷദ്വീപിനെ നിയന്ത്രണത്തിലാക്കുക, വിനോദ സഞ്ചാരത്തിൽ മുന്നേറ്റമുണ്ടാക്കുക, ചൈനീസ് ഭീഷണി നേരിടാൻ മിലിട്ടറി ബേസ് ആരംഭിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് 28 ദ്വീപുകൾ ഇന്ത്യ സ്വന്തമാക്കിയതെന്നും ഇവർ അവകാശപ്പെട്ടു. നിരവധി മാധ്യമങ്ങളും ഇത്തരത്തിൽ വാർത്ത നൽകി. എന്നാൽ, ഇങ്ങനെ 28 ദ്വീപുകൾ മാലദ്വീപ് ഇന്ത്യക്ക് നൽകുകയോ ഇന്ത്യ വാങ്ങുകയോ ചെയ്തിട്ടുണ്ടോ?
ദ്വീപുകൾ ഇന്ത്യക്ക് കൈമാറിയെന്ന പ്രചാരണം പൂർണമായും തെറ്റാണ്. മാലദ്വീപിലെ 28 ദ്വീപുകളിലെ ജലവിതരണ, മലിനജല ശുദ്ധീകരണ ശൃംഖലയുടെ ഇന്ത്യന്‍ സഹായ പദ്ധതിയായ ലൈന്‍ ഓഫ് ക്രെഡിറ്റ് (എല്‍ഒസി) പ്രസിഡന്റ് മുയിസുവിന്റെ സാന്നിധ്യത്തില്‍ ജയശങ്കറും വിദേശകാര്യ മന്ത്രിയും സംയുക്തമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇതിന്‍റെ ഭാഗമായി 28 ദ്വീപുകളിലെ നിരവധി പ്രവർത്തനങ്ങൾക്ക് ഇന്ത്യ സഹായം നൽകും. ഈ ചിത്രവും വിവരങ്ങളും മുൻനിർത്തിയാണ് ഇന്ത്യ മാലദ്വീപിൽ നിന്ന് 28 ദ്വീപുകൾ വാങ്ങിയെന്ന തരത്തിൽ പ്രചാരണമുണ്ടായത്.
ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ധാരണാപത്രങ്ങളില്‍ (എംഒയു) ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ ആറ് ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്റ്റുകളും (എച്ച്‌ഐസിഡിപി) ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ 1,000 മാലിദ്വീപ് സര്‍ക്കാര്‍ ജീവനക്കാരുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള കരാറുകളും മാലദ്വീപില്‍ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) അവതരിപ്പിക്കുന്നതിനുള്ള കരാറുകളും ഒപ്പിട്ടവയില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുകയും ചൈനീസ് അനുകൂല സമീപനം കൈക്കൊള്ളുകയും ചെയ്യുന്ന മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി എത്തിയശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നത്. ബന്ധം വഷളായതിനെത്തുടര്‍ന്ന് ഇത്തവണത്തെ കേന്ദ്രബജറ്റില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാലദ്വീപിനുള്ള സഹായത്തില്‍ 48 ശതമാനം കുറവു വരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.