Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFact Checkchevron_rightവിദ്വേഷപ്രചാരകരേ, ആ...

വിദ്വേഷപ്രചാരകരേ, ആ ചിത്രം വെറുപ്പിന്റേതല്ല; സ്നേഹം പങ്കുവെക്കുന്നതാണ് -Fact Check

text_fields
bookmark_border
വിദ്വേഷപ്രചാരകരേ, ആ ചിത്രം വെറുപ്പിന്റേതല്ല; സ്നേഹം പങ്കുവെക്കുന്നതാണ് -Fact Check
cancel

യൽരാജ്യമായ ബംഗ്ലാദേശിൽ നടന്ന ജനകീയ വിദ്യാർഥി പ്രക്ഷോഭവും പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിയും പലായനവും തുടർന്ന് നൊബേൽ സമ്മാന ജേതാവ് പ്രഫ. മൂഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറും തന്നെയാണ് ഇപ്പോഴും വാർത്തകളിൽ. സമരം അടിച്ചൊതുക്കാൻ വിദ്യാർഥി കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത അവാമി ലീഗ് നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ പ്രക്ഷോഭകാരികൾ നിയമം ​കൈയിലെടുത്ത് പ്രതികാരം ചെയ്യുന്നതും ചില ഛിദ്രശക്തികൾ നടത്തുന്ന ആക്രമണങ്ങളും പ്രക്ഷോഭത്തിന്റെ ശോഭക്ക് കരിനിഴൽ വീഴ്ത്തുന്നതാണ്. ഇത്തരം ചെയ്തികളിൽനിന്ന് വിട്ടുനിൽക്കണമെന്ന് പ്രഫ. മുഹമ്മദ് യൂനുസും പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന വിദ്യാർഥി സംഘടനയായ ആന്‍റി ഡിസ്ക്രിമിനേഷൻ സ്റ്റുഡന്‍റ് മൂവ്മെന്‍റും ആഹ്വാനം ചെയ്തിരുന്നു. ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് മുസ്‍ലിം പള്ളികളിൽനിന്നടക്കം ആഹ്വാനം ചെയ്യുന്നതിനും ബംഗ്ലാദേശ് സാക്ഷിയായി.


അതിനിടെ, പ്രക്ഷോഭകാരികൾ ബംഗ്ലാദേശി ഹിന്ദുക്കളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്നും ക്ഷേത്രങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിച്ച് കൊള്ളയടിക്കുകയാണെന്നും ഇന്ത്യയിലെ സംഘ് പരിവാർ അനുകൂല ​പ്രൊഫൈലുകൾ വ്യാപകമായി വ്യാജപ്രചാരണം നടത്തുന്നുണ്ട്. മുസ്‍ലിം വ്യാപാരിയുടെ ഷോപ്പ് ​ആക്രമിക്കുന്ന ദൃശ്യം ഉപയോഗിച്ച് ‘ബംഗ്ലാദേശിൽ ഹിന്ദുഷോപ്പ് മുസ്‍ലിംകൾ കൊള്ളയടിക്കുന്നു’ എന്ന വ്യാജപ്രചാരണം, മുസ്‍ലിം ഉടമസ്ഥതയിലുള്ള ഹോട്ടലിന് തീയിട്ട ദൃശ്യം ‘ക്ഷേത്രത്തിന് തീവെച്ചു’ എന്ന രീതിയിൽ പ്രചരിപ്പിച്ചത്, ആത്മഹത്യചെയ്ത മുസ്‍ലിം കുടുംബത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് ബംഗ്ലാദേശിൽ മുസ്‌ലിംകൾ ഹിന്ദു കുടുംബത്തെ കൊലപ്പെടുത്തിയെന്ന വിദ്വേഷപ്രചാരണം, പ്രതിഷേധ നാടകത്തിന്റെ ദൃശ്യങ്ങൾ ‘ഹിന്ദു പെൺകുട്ടിയോട് കൊടുംക്രൂരത’ എന്ന പേരിൽ ദുരുപയോഗം ചെയ്തത് എന്നിവ ഉദാഹരണം.

ഇപ്പോഴിതാ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ മുള്ളുവേലിയുടെ ഇരുവശത്തുമായി നിരവധി പേർ നിൽക്കുന്ന വിഡിയോ പങ്കുവെച്ച് വ്യാജപ്രചാരണം കൊഴുക്കുകയാണ്. പ്രക്ഷോഭത്തെ തുടർന്ന് അഭയം തേടി അസമിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ എത്തിയ ഹിന്ദുകുടുംബങ്ങൾ എന്ന അടിക്കു​റിപ്പോ​ടെയാണ് ഇത് ഷെയർചെയ്യുന്നത്. ‘ഇത്തരമൊരു സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന ബംഗ്ലാദേശിലെ നിരപരാധികളായ ഹിന്ദുക്കൾക്ക് ഉടനടി അഭയവും സുരക്ഷയും ഇന്ത്യൻ സർക്കാർ നൽകണം. ഇതിനാണ് സി.എ.എ നടപ്പാക്കേണ്ടത്’ എന്നും ചിലർ അടിക്കുറിപ്പെഴുതി.

എന്നാൽ, ഈ ദൃശ്യങ്ങൾ വർഷങ്ങൾ പഴക്കമുള്ളതാണെന്ന് ‘ദി ക്വിന്റ്’ റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ലാദേശിൽ അടുത്തിടെ നടന്ന അക്രമങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല. എന്നുമാത്രമല്ല, ഇന്ത്യ-ബംഗ്ലാദേശ് പൗരന്മാർ തമ്മിലുള്ള സ്നേഹപ്രകടനത്തിന്റെ വിലപ്പെട്ട നിമിഷങ്ങളാണ് ആറ് വർഷം പഴക്കമുള്ള ഈ വിഡിയോയിലുള്ളത്. രാഷ്ട്ര വിഭജനത്തെ തുടർന്ന് ഇന്ത്യയിലും ബംഗ്ലാ​ദേശിലുമായി വേർപ്പെട്ടുപോയ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പരസ്പരം കാണാനും സമ്മാനങ്ങൾ കൈമാറാനും അവസരമൊരുക്കുന്ന ‘മിലൻ മേള’യിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.

വിദ്വേഷ പ്രചാരകർ ഇപ്പോൾ പ്രചരിപ്പിക്കുന്ന വിഡിയോ 2018 ഏപ്രിൽ മുതൽ യൂട്യൂബിൽ ലഭ്യമാണ്. ‘ഇന്ത്യ -ബംഗ്ലാദേശ് മിലൻ മേള 2018 ഏപ്രിൽ 15’ എന്ന തലക്കെട്ടിലാണ് ഇത് നൽകിയിരിക്കുന്നത്. 2018 ജൂൺ 5-നാണ് ഇത് അപ്‌ലോഡ് ചെയ്‌തത്. 2015, 2019, 2021 വർഷങ്ങളിൽ നടന്ന മിലൻമേളയുടെ ദൃശ്യങ്ങളും യൂട്യൂബിലുണ്ട്.

എന്താണ് ഇന്ത്യ-ബംഗ്ലാദേശ് മിലാൻ മേള?

ഇരുരാഷ്ട്രങ്ങളുടെയും അനുമതിയോടെ ചൈത്ര സംക്രാന്തി ദിനത്തിൽ സമ്മാനങ്ങൾ കൈമാറാൻ സൗഹൃദം പുതുക്കാനും ഇന്ത്യക്കാരും ബംഗ്ലാദേശികളും ഒത്തുചേരുന്ന ചടങ്ങാണ് ">മിലൻ മേള. പശ്ചിമ ബംഗാളിലെ രണ്ട് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ഔട്ട്‌പോസ്റ്റുകളിൽ നടക്കുന്ന വാർഷിക പരിപാടിയാണിത്.

ബംഗാളി കലണ്ടറിലെ അവസാന മാസമായ ചൈത്ര മാസത്തിലെ അവസാന ദിവസമാണ് ചൈത്ര സംക്രാന്തി. പശ്ചിമബംഗാൾ സംസ്ഥാനത്തെ ജൽപായ്ഗുഡിയിൽ രാജ്ഗഞ്ച് ഗാഡ്രോക്ക്, ഷുഖാനി, ഭോലപാര കുകുർജൻ പ്രദേശങ്ങളിലാണ് ഈ ദിനത്തിൽ ഇന്ത്യക്കാർ അതിർത്തിയിൽ ഒത്തുകൂടുന്നത്. ഇരുരാജ്യങ്ങളിലുമുള്ള ബന്ധുക്കളെ കണ്ടുമുട്ടാൻ നിരവധി ആളുകൾ എത്തുന്നതിനാൽ ബി.എസ്.എഫ് ജവാൻമാരും ബംഗ്ലാദേശിലെ ബോർഡർ ഗാർഡ് ബംഗ്ലാദേശും (ബി.ജി.ബി) സഹകരിച്ചാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്. നോർത്ത് ബംഗാൾ അതിർത്തിയിലെ ഈ പ്രദേശം ബിഎസ്എഫി​ന്റെ നിയന്ത്രണത്തിലാണ്. കോവിഡ് കാലം മുതൽ ഈ വാർഷിക മേള താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh HasinaFact checkbanglades
News Summary - Old Video Falsely Peddled as Recent Visuals of India-Bangladesh Border in Assam
Next Story