അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുലിനെ സൻസദ് ടി.വി തഴഞ്ഞോ? പ്രതിപക്ഷ ആരോപണത്തിന്‍റെ നിജസ്ഥിതി ഇതാണ് -ഫാക്ട് ചെക്
text_fieldsനരേന്ദ്ര മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധിയെ സൻസദ് ടി.വി മനപ്പൂർവ്വം അവഗണിച്ചെന്ന ആരോപണം പല പ്രതിപക്ഷ നേതാക്കളും ഉന്നയിച്ചിരുന്നു. മോദി സംസാരിച്ചപ്പോഴാകട്ടെ സമൃദ്ധമായി ദൃശ്യത നൽകുകയും ചെയ്തിരുന്നതായും പലരും ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ് നേതാവ് ജയറാം രമേഷ് ഡിഎംകെ നേതാവ് കനിമൊഴി ശിരോമണി അകാലിദൾ എം.പി ഹർസിമ്രത് കൗർ ബാദലും ഈ ആരോപണം ഉന്നയിച്ചിരുന്നു.
രാഹുലിനെ മാത്രമല്ല പ്രതിപക്ഷ നിരയിലെ മിക്ക പ്രസംഗകരേയും സൻസദ് ടി.വി അവഗണിച്ചതായും ആരോപണമുണ്ട്. ഇതിന്‍റെ നിജസ്ഥിതി പരിശോധിച്ച് ’ദ ക്വിന്‍റ്’ ഫാക്ട് ചെക് നടത്തിയിരിക്കുകയാണ്. കൗതുകമുള്ള കാര്യങ്ങളാണ് ഫാക്ട് ചെക്കിൽ പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രസംഗങ്ങൾ പരിശോധിച്ചാണ് സ്ക്രീൻ ടൈം കണക്കാക്കിയിരിക്കുന്നത്.
മോദി ഏകദേശം രണ്ട് മണിക്കൂറും 12 മിനിറ്റുമാണ് ലോക്സഭയിൽ സംസാരിച്ചത്. ഇതിനിടയിൽ ഒരു മിനിറ്റോളം ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ഇടപെടൽ ഉണ്ടായി. ഇത് ഒഴിവാക്കിയാൽ പ്രധാനമന്ത്രിയുടെ പ്രസംഗം ആകെ 131 മിനിറ്റായിരുന്നു. ഇതിൽ,110 മിനിറ്റും സൻസദ് ടി.വി കാമറ മോദിയെ ഫോക്കസ് ചെയ്യുകയായിരുന്നു. ഏകദേശം 21 മിനിറ്റ് മാത്രമാണ് മോദിയിൽ നിന്ന് കാമറ മാറിനിന്നത്. ആ 21 മിനിറ്റും ബി.ജെ.പി എം.പിമാർ മോദിയെ സന്തോഷിപ്പിക്കാൻ മേശയിൽ തട്ടുന്നതും കയ്യടിക്കുന്നതും കാണിക്കാനാണ് സൻസദ് ടി.വി ഉപയോഗിച്ചത്. ശതമാനക്കണക്കിൽ പറഞ്ഞാൽ, പ്രസംഗത്തിനിടെ 84 ശതമാനം സമയവും ക്യാമറ ഫോക്കസ് ചെയ്തത് പ്രധാനമന്ത്രി മോദിയെയാണെന്ന് ദി ക്വിന്‍റ് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ നേരേ തിരിച്ചായിരുന്നു സൻസദ് ടി.വിയുടെ പ്രവർത്തനം. രാഹുൽ ഗാന്ധിയുടെ പ്രസംഗം 36 മിനിറ്റാണ് നീണ്ടുനിന്നത്. അതിൽ 15 മിനിറ്റും 30 സെക്കൻഡും മാത്രമാണ് കാമറ രാഹുലിനെ ഫോക്കസ് ചെയ്തത്. ശതമാനക്കണക്കിൽ പറഞ്ഞാൽ, കാമറ 42 ശതമാനം സമയം രാഹുൽ ഗാന്ധിയിലും 58 ശതമാനം സമയം മറ്റിടങ്ങളിലും ഫോക്കസ് ചെയ്യുകയായിരുന്നു. സ്പീക്കറിലും ബി.ജെ.പി നിരയിലുമാണ് ഈ സമയം കാമറ ഫോക്കസ് ചെയ്തതെന്നും ക്വിന്‍റ് ഫാക്ട് ചെക് പറയുന്നു. മണിപ്പൂരിനെക്കുറിച്ച് രാഹുൽ സംസാരിക്കുമ്പോൾ ടി.വിയിൽ കണ്ടത് സ്പീക്കറുടെ മുഖമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.