'ഏക സിവിൽ കോഡിനെതിരെ മെയിൽ അയക്കണം'; വാട്സ് ആപ്പിൽ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ യാഥാർഥ്യമെന്ത് -Fact Check
text_fieldsലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്ത് വിവാദമായ ഏക സിവിൽ കോഡ് (യു.സി.സി) കൊണ്ടുവരാനുള്ള ബി.ജെ.പി സർക്കാറിന്‍റെ നീക്കവും ചർച്ചയാവുകയാണ്. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബ്യത്തിൽ വന്നുകഴിഞ്ഞു. ഇനി ബി.ജെ.പിയുടെ സജീവ അജണ്ട, ഇന്ത്യയുടെ വൈവിധ്യങ്ങളെയാകെ ഇല്ലായ്മ ചെയ്യുന്ന ഏക സിവിൽ കോഡ് നടപ്പാക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കിക്കഴിഞ്ഞു. ഇനി അഖിലേന്ത്യ തലത്തിൽ ഏക സിവിൽ കോഡ് കൊണ്ടുവരാനാണ് ബി.ജെ.പിയുടെ പദ്ധതിയെന്ന് പല നേതാക്കളും പറഞ്ഞുകഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യക്ക് ഏകീകൃത സിവിൽ നിയമം അനിവാര്യമാണെന്നാണ് നേരത്തെ ഭോപ്പാലിൽ സംസാരിക്കവേ പ്രസ്താവിച്ചിരിുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഏക സിവിൽ കോഡിനായി ശക്തമായി വാദിക്കുന്നു. 'ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുമെന്ന് 1950 മുതൽ ഞങ്ങളുടെ പ്രകടന പത്രികയിലുണ്ട്. ഏതൊരു മതേതര രാഷ്ട്രത്തിലും എല്ലാ മതങ്ങളിലെയും പൗരന്മാർക്ക് തുല്യമായ നിയമങ്ങൾ ഉണ്ടായിരിക്കണം. ഇത് ഞങ്ങളുടെ പ്രകടനപത്രികയിലെ വാഗ്ദാനമാണ്. ഞങ്ങൾ അത് നിറവേറ്റും' -എന്നാണ് അമിത് ഷാ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
അതേസമയം, ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. ഏക സിവിൽ കോഡിനെതിരെ ഇ-മെയിൽ വഴി പ്രതികരണമറിയിക്കാമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഇതിനൊപ്പം 'I reject Uniform Civil Code' എന്നൊരു വെബ്സൈറ്റിന്‍റെ ലിങ്കുമുണ്ട്. ഈ വെബ്സൈറ്റിലൂടെ ഏക സിവിൽ കോഡിനെതിരായ നിങ്ങളുടെ അഭിപ്രായമറിയിക്കാമെന്നും അതുവഴി ഏക സിവിൽ കോഡിനെ ചെറുക്കാമെന്നുമാണ് ശബ്ദസന്ദേശത്തിന്‍റെ ഉള്ളടക്കം.
'I reject Uniform Civil Code' എന്ന വെബ്സൈറ്റിൽ ഏക സിവിൽ കോഡിനെ എതിർക്കാനുള്ള അഞ്ച് കാരണങ്ങൾ അക്കമിട്ട് നിരത്തിയുള്ള ഒരു കുറിപ്പാണുള്ളത്. നമ്മുടെ പേര് ഈ വെബ്സൈറ്റിൽ നൽകിക്കഴിഞ്ഞാൽ നമ്മുടെ ഇ-മെയിൽ വഴി ഈ കുറിപ്പ് കേന്ദ്ര നിയമ കമീഷന് അയക്കാൻ സാധിക്കും. ഇതുകൂടാതെ ഒരു ഫോം പൂരിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്. കോടതി രാജ്യത്തുള്ള ജനങ്ങളോടെല്ലാം ഏക സിവിൽ കോഡിനെ കുറിച്ച് അഭിപ്രായം തേടിയിട്ടും ആരും അഭിപ്രായം അറിയിക്കുന്നില്ലെന്നും എത്രയും വേഗം നിങ്ങളുടെ പേര് നൽകി ഏക സിവിൽ കോഡിലുള്ള എതിർപ്പ് അറിയിക്കണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. ഈ സന്ദേശം വാട്സ് ആപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്താണ് യാഥാർഥ്യം? ഇനിയും ഇ-മെയിൽ അയക്കണോ?
ഏക സിവിൽ കോഡ് നിലവിൽ നിയമ കമീഷന്‍റെ പരിഗണനയിലാണുള്ളത്. ഏകസിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാറിന്‍റെ നീക്കത്തിന്‍റെ ഭാഗമായി തന്നെയാണ് ഇക്കാര്യത്തിൽ കേന്ദ്രനിയമകമീഷൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയത്. 2016ൽ ഒന്നാം മോദി സർക്കാർ ഏകസിവിൽ കോഡ് രൂപവത്കരിക്കുന്നതിനെപ്പറ്റി പഠിക്കാൻ നിയമ കമീഷനോട് ആവശ്യപ്പെട്ടിരുന്നു. 2018ൽ കമീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് നിയമകമീഷൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയത്.
2023 ജൂൺ 14നാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് മതപണ്ഡിതന്മാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ ക്ഷണിച്ച് 22ാം നിയമ കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. ആദ്യം 2023 ജൂലൈ 14 വരെയായിരുന്നു അഭിപ്രായങ്ങൾ നൽകാനുള്ള സമയം. ഇത് പിന്നീട് ജൂലൈ 28 വരെ നീട്ടി. നിയമ കമീഷൻ വെബ്സൈറ്റിലൂടെയും കമീഷന് ഇ-മെയിൽ അയച്ചുകൊണ്ടും ആർക്കും അഭിപ്രായം അറിയിക്കാമായിരുന്നു.
പ്രചരിക്കുന്ന സന്ദേശം വ്യാജമാണോ?
ഏക സിവിൽ കോഡിനെ എതിർക്കാനായി അഭിപ്രായം രേഖപ്പെടുത്തണമെന്ന് പറഞ്ഞുകൊണ്ട് പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് പറയാൻ കഴിയില്ല. പക്ഷേ, അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം പൂർത്തിയായിട്ടുണ്ട്. 2023 ജൂൺ 14ലെ വിജ്ഞാപന പ്രകാരം ആദ്യം 2023 ജൂലൈ 14 വരെയും പിന്നീട് 2023 ജൂലൈ 28 വരെയുമായിരുന്നു പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം. അന്ന് പ്രചരിച്ചിരുന്ന സന്ദേശം ഇപ്പോൾ വീണ്ടും പ്രചരിക്കുകയാണെന്ന് മാത്രം.
അന്ന്, 2023 ജൂലൈ 28ന് സമയപരിധി അവസാനിച്ചപ്പോൾ 75 ലക്ഷത്തിലേറെ പ്രതികരണങ്ങൾ തങ്ങൾക്ക് ലഭിച്ചതായാണ് നിയമ കമീഷൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. ഇവ പരിശോധിക്കുകയാണെന്നും കമീഷൻ അറിയിച്ചിരുന്നു. നിലവിൽ നിയമ കമീഷന്‍റെ പരിഗണനയിലാണ് ഏക സിവിൽ കോഡുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.