Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFact Checkchevron_rightയെച്ചൂരിയുടെ...

യെച്ചൂരിയുടെ ശവപ്പെട്ടി ചൂണ്ടിക്കാട്ടി വർഗീയ വിദ്വേഷ പ്രചാരണം: ‘അയാൾ ഒരു ക്രിസ്ത്യാനിയായിരുന്നു, ഹിന്ദുമതത്തെ വെറുക്കുന്നു’

text_fields
bookmark_border
യെച്ചൂരിയുടെ ശവപ്പെട്ടി ചൂണ്ടിക്കാട്ടി വർഗീയ വിദ്വേഷ പ്രചാരണം: ‘അയാൾ ഒരു ക്രിസ്ത്യാനിയായിരുന്നു, ഹിന്ദുമതത്തെ വെറുക്കുന്നു’
cancel

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വേർപാടിന്റെ വേദന അകലും മുമ്പ് അ​ദ്ദേഹത്തിനെതിരെ വർഗീയ വിദ്വേഷ പ്രചാരണവുമായി ഹിന്ദുത്വവാദികൾ. അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ ശവ​പ്പെട്ടി ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് വിദ്വേഷത്തിന് തുടക്കമിട്ടത്. ശവപ്പെട്ടി ക്രിസ്ത്യാനികളാണ് ഉപയോഗിക്കുക എന്നും അതിനാൽ സീതാറാം യെച്ചൂരി ക്രിസ്ത്യാനി ആണ് എന്നുമായിരുന്നു ആരോപണം. മൃതദേഹം പൊതുദർശനത്തിന് വെക്കാൻ ശവപ്പെട്ടിയിലാക്കി ജെ.എൻ.യുവിൽ കൊണ്ടുപോയ വിഡിയോയും ചിത്രങ്ങളും ഇവർ തെളിവായി ചൂണ്ടിക്കാട്ടി.

‘സീതാറാം യെച്ചൂരി ക്രിസ്ത്യാനിയായിരുന്നു. അപ്പോൾ എന്തുകൊണ്ടാണ് അദ്ദേഹം ഹിന്ദുമതത്തെ വെറുക്കുന്നത് എന്നതിൽ അദ്ഭുതമില്ല. എന്നാലും എന്തിനാണ് അവർ തങ്ങളുടെ മതസ്വത്വം രാഷ്ട്രീയ ജീവിതത്തിൽ മറച്ചുവെക്കുന്നത് ???’ -എന്നാണ് സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പതിവായി സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്ന ഋഷി ബഗ്രി എന്നയാളുടെ ട്വീറ്റ്. ജെ.എൻ.യുവിൽ മൃതദേഹം എത്തിച്ചതിന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചായിരുന്നു ഇയാളുടെ ആരോപണം.

തീവ്ര വലതുപക്ഷ വാദിയായ വോക് ഫ്ലെക്സും ഇതേ ആരോപണം ട്വീറ്റ് ചെയ്തു. 1.7 മില്യൺ പേർ കണ്ട പ്രസ്തുത ട്വീറ്റ് 7,000 പേർ റീട്വീറ്റ് ചെയ്തു. ഇതുകൂടാതെ മറ്റു നിരവധി സമാന ചിന്താഗതിക്കാരും യെച്ചൂരിക്കെതിരെ സമാന ആരോപണവുമായി രംഗത്തെത്തി.




യെച്ചൂരിയുടെ വിശ്വാസം എന്തായിരുന്നു?

സത്യത്തിൽ യെച്ചൂരി ഏത് മതക്കാരനായിരുന്നു? ആരോടെങ്കിലും അദ്ദേഹം ശത്രുത വെച്ചുപുലർത്തിയിരുന്നോ? ത​ന്റെ ​വിശ്വാസത്തെ കുറിച്ച് അദ്ദേഹം പാർലമെന്റിൽ തന്നെ സ്പഷ്ടമായി വിശദീകരിച്ചിട്ടുണ്ട്. 2017ൽ രാജ്യസഭയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിലാണ് യെച്ചൂരി തന്റെ മതപശ്ചാത്തലത്തെക്കുറിച്ച് പറഞ്ഞത്. അതിങ്ങനെ വായിക്കാം:

‘‘നമ്മുടെ രാജ്യമെന്നത്‌ ഒരു പൂന്തോട്ടമാണ്‌. അതിൽ വിവിധ പുഷ്‌പങ്ങൾ വിടർന്ന്‌ പരിലസിക്കണം. വ്യത്യസ്‌ത സുഗന്ധങ്ങൾ പുറത്തേക്ക്‌ ഒഴുകണം. ഈ പുഷ്‌പങ്ങളിലെല്ലാം ചെന്നിരിക്കുന്ന തേനീച്ചകളും കുരുവികളുമുണ്ടാകണം. അങ്ങനെ ഈ പുഷ്‌പങ്ങളെല്ലാം ഒന്നാകണം. അങ്ങനെയുള്ള ഒരു പൂങ്കാവനമാകണം നമ്മുടെ രാജ്യം. ഇടുങ്ങിയ, സങ്കുചിത ചിന്താഗതികളുടെയും വീക്ഷണങ്ങളുടെയും ഭാഗമായി ഏതെങ്കിലും ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തുന്ന, ബഹിഷ്‌കരിക്കുന്ന, വേട്ടയാടുന്ന നിലപാടുകളും നടപടികളും ഉണ്ടാകരുത്‌. അങ്ങനെ സംഭവിച്ചാൽ നമ്മളെല്ലാം ഒന്നാണെന്ന മഹാബോധത്തിന്റെ അടിത്തറ ഇളകും.

വിവിധ ദർശനങ്ങളിൽനിന്ന് സ്വാംശീകരിച്ചുണ്ടാകുന്നതാണ്‌ നമ്മുടെ സംസ്‌കാരമെന്ന്‌ പറയാറുണ്ട്‌. അതേക്കുറിച്ച്‌ പറയുമ്പോൾ എനിക്ക്‌ ചിലതെല്ലാം പറയാനുണ്ട്‌. 1952ൽ ഞാൻ ജനിച്ചത്‌ മദ്രാസ്‌ ജനറൽ ആശുപത്രിയിലാണ്‌. തെലുഗു സംസാരിക്കുന്ന ബ്രാഹ്മണകുടുംബത്തിലായിരുന്നു ജനനം. എന്റെ മുത്തച്ഛൻ ജഡ്‌ജിയായിരുന്നു. സംസ്ഥാനങ്ങളുടെ പുനഃസംഘടനയുടെ ഭാഗമായി മദ്രാസ്‌ ഹൈക്കോടതിയുടെ ആന്ധ്രാ ബെഞ്ച്‌ ഗുണ്ടൂരിലേക്ക്‌ മാറ്റി. അതുകൊണ്ട്‌ 1954 മുതൽ ഞങ്ങൾ അങ്ങോട്ടേക്ക്‌ മാറി. 1956ൽ ഞങ്ങൾ ഹൈദരാബാദിൽ എത്തി. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളായതുകൊണ്ടുതന്നെ, നിസാം ഭരണത്തിനുകീഴിലുണ്ടായിരുന്ന ഇസ്ലാമികസംസ്‌കാരമായിരുന്നു അവിടെയുണ്ടായിരുന്നത്‌. ആ സംസ്‌കാരത്തിലായിരുന്നു എന്റെ സ്‌കൂൾ വിദ്യാഭ്യാസം. എന്റെ സംസ്‌കാരം അവിടെനിന്ന്‌ ലഭിച്ചതാണ്‌. ആ സംസ്‌കാരം വഹിച്ചാണ്‌ ഞാൻ ഇവിടെ എത്തിയിട്ടുള്ളത്‌. പിന്നീട്‌ ഞാൻ ഡൽഹിയിലെത്തി പഠനം തുടർന്നു. ഞാൻ വിവാഹം ചെയ്‌തിട്ടുള്ള വ്യക്തിയുടെ പിതാവ്‌ ഒരു ചിഷ്‌തി സൂഫിയാണ്‌. അവരുടെ മാതാവാകട്ടെ എട്ടാംനൂറ്റാണ്ടിൽ മൈസൂരുവിലേക്ക്‌ കുടിയേറിയ രജപുത്‌ കുടുംബാംഗമാണ്‌. ഓർത്തുനോക്കൂ–- ദക്ഷിണേന്ത്യയിലെ ബ്രാഹ്മണകുടുംബത്തിൽ ജനിച്ച ഒരാളുടെ വിവാഹം സൂഫി–-രജപുത്‌ കുടുംബത്തിൽ ജനിച്ച ഒരാളുമായാണ്‌ നടന്നത്‌. അങ്ങനെയുള്ള എന്റെ മകൻ ആരാണ്‌? ബ്രാഹ്മണനാണോ? മുസ്ലിമാണോ? ഹിന്ദുവാണോ? ഒരു ഇന്ത്യനെന്നുമാത്രം അവനെ വിശേഷിപ്പിക്കുന്നതാകും ഏറ്റവും ഉചിതം. ഇതാണ്‌ നമ്മുടെ രാജ്യം. ഞാൻ എന്റെ സ്വന്തം ജീവിതത്തെ ഉദാഹരിച്ച്‌ പറയുകയാണ്‌.

നമുക്ക്‌ ചുറ്റും നോക്കുക. എന്റേതുപോലെയുള്ള എത്രയധികം ജീവിതങ്ങൾ നമുക്ക്‌ ഉദാഹരിക്കാം. അങ്ങനെയുള്ള ഇന്ത്യയെ സംരക്ഷിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ്‌ നമ്മൾ നിറവേറ്റേണ്ടത്‌.’’

ഒരുമതത്തിലും വിശ്വസിക്കാതിരുന്ന യെച്ചൂരി, താൻ നിരീശവ്ര വാദിയാണെന്ന് തുറന്നുപറഞ്ഞിട്ടുമുണ്ട്. 2017ൽ അന്നത്തെ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്താവനയെ വിമർശിച്ചാണ് യെച്ചൂരി ട്വിറ്ററിൽ ഇക്കാര്യം വ്യക്തമാക്കിയത്. ശവപ്പെട്ടിയുടെ ആകൃതി നോക്കി യെച്ചൂരിയെ ക്രിസ്ത്യൻ വർഗീയവാദിയാക്കാനുള്ള നീക്കത്തെ സി.പി.എം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം രൂക്ഷമായി വിമർശിച്ചു. ‘ശവപ്പെട്ടികൾക്ക് പ്രത്യേക മതമൊന്നുമില്ല, സങ്കുചിതമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാം വിഭജിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിൽ. പുതിയ ഇന്ത്യയിലെ വിഷലിപ്തമായ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തിൽ, എല്ലാം മതവുമായി ബന്ധ​ിപ്പിച്ച് വായിക്കുന്നു. മതവിശ്വാസങ്ങൾ മാനുഷികവും വ്യക്തിപരവുമാണ്. ആരാധകനും ആരാധിക്കപ്പെടുന്നവനും തമ്മിലുള്ള ബന്ധമാണത്. ഇക്കാര്യം സഖാവ് സീതാറാം യെച്ചൂരി തന്നെ തന്റെ രാജ്യസഭാ പ്രസംഗത്തിൽ വിശദീകരിച്ചിട്ടുണ്ട്’ -അദ്ദേഹം വസ്തുതാ പരിശോധന വെബ്സൈറ്റായ ‘ആൾട്ട് ന്യൂസി’നോട് പറഞ്ഞു.

എന്തുകൊണ്ടാണ് ശവപ്പെട്ടി ഉപയോഗിച്ചത്?

സീതാറാം യെച്ചൂരിയുടെ ആഗ്രഹപ്രകാരം അദ്ദേഹ​ത്തിന്റെ മൃതദേഹം ഗവേഷണത്തിനായി കുടുംബം എയിംസിന് കൈമാറിയിരുന്നു. അതിനാൽ മൃതദേഹം കേടുവരാതിരിക്കാൻ മരുന്നുകൾ കുത്തിവെച്ച് എംബാം ചെയ്തിരുന്നു​വെന്നും ഇതേ തുടർന്നാണ് ശവപ്പെട്ടിയിൽ സൂക്ഷിച്ചതെന്നും എയിംസിലെ പ്രഫസർ ഡോ. റിമ ദാദ പറഞ്ഞു. മൃതദേഹം ദാനം ചെയ്തതിനാൽ അന്ത്യകർമങ്ങളൊന്നും നടത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sitaram Yechuryhate campaigncoffin
News Summary - Sitaram Yechury’s body in coffin: Right-wing influencers conclude he was a Christian
Next Story