കുഞ്ഞിനെയും നെഞ്ചിലേറ്റി ക്ലാെസടുക്കുന്ന വിഭാര്യനായ പ്രഫസറല്ല ഇദ്ദേഹം; വൈറൽ ചിത്രത്തിന് പിന്നിലെ വാസ്തവം ഇതാണ്
text_fieldsന്യൂഡൽഹി: പങ്കാളിയുടെ വേർപാടിന് ശേഷം മക്കളെ പരിപാലിക്കുന്ന മാതാപിതാക്കളുടെ കഥകൾ നാം ഏറെ കണ്ടിട്ടുണ്ട്. പിഞ്ചുകുഞ്ഞിനെ നെഞ്ചിൽ ചേർത്ത് ക്ലാസ് എടുക്കുന്ന അധ്യാപകന്‍റെ ചിത്രം അടുത്തിടെ സോഷ്യൽ മിഡിയയിൽ വൈറലായിരുന്നു. ജനനത്തോടുകൂടി അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിനെയും കൊണ്ട് ക്ലാസ് എടുക്കുന്ന കോളജ് പ്രഫസർക്ക് നിരവധി കൈയ്യടികൾ ലഭിച്ചു.
ഛത്തിസ്ഗഢ് കേഡറിലെ 2009 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അവാനിഷ് ശരൺ അടക്കമുള്ള പ്രമുഖർ ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ' പ്രസവത്തോടെ അദ്ദേഹത്തിന് ഭാര്യയെ നഷ്ടമായി. എന്നിരുന്നാലും കുഞ്ഞിന്‍റെയും കോളജ് ക്ലാസിന്‍റെയും ചുമതല അദ്ദേഹം ഒരുമിച്ച് നിറവേറ്റുന്നു. യഥാർഥ ജീവിതത്തിലെ നായകൻ' -ചിത്രം പങ്കുവെച്ച് അവാനിഷ് ശരൺ ഇങ്ങനെ ട്വിറ്ററിൽ കുറിച്ചു.
എന്നാൽ സംഭവത്തിലെ യഥാർഥ ചിത്രം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. തന്‍റെ വിദ്യാർഥിയുടെ കുഞ്ഞിനെയും കൊണ്ട് ക്ലാസ് എടുക്കുന്ന മെക്സിക്കൻ പ്രഫസറുടെ ചിത്രമായിരുന്നു അത്. വിദ്യാർഥിക്ക് സൗകര്യപൂർവ്വം കുറിപ്പുകൾ എഴുതാൻ കുഞ്ഞിന്‍റെ പരിപാലന ചുമതല കൂടി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. റിവേഴ്സ് ഇമേജ് സെർച്ച് വഴി 2016ൽ ഇദ്ദേഹത്തെ കുറിച്ച് സി.എൻ.എൻ സ്പാനിഷ് പ്രസിദ്ധീകരിച്ച വാർത്ത വഴിയാണ് സത്യാവസ്ഥ പുറത്ത് വന്നത്.
മെക്സിക്കോയിലെ അകാപുൽകോയിലെ ഇൻറർ അമേരിക്കൻ യൂനിവേഴ്സിറ്റി ഫോർ ഡെവലപ്മെന്റിലെ നിയമ വിഭാഗം പ്രഫസറായ മോയ്സസ് റെയ്സ് സാൻഡോവൽ ആണ് കഥയിലെ നായകൻ.
തന്‍റെ 22കാരിയായ വിദ്യാർഥി യെലേന സലാസിന്‍റെ കുഞ്ഞായിരുന്നു പ്രഫസറുടെ കൈയ്യിൽ. 2016 ജൂലൈ ആറിന് തന്‍റെ അനുഭവം ഇദ്ദേഹം ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു. ഉത്തരവാദിത്തങ്ങൾക്കിടയിലും പഠനത്തിനായി സമയം കണ്ടെത്തുന്ന പെൺകുട്ടിയെ സഹായിക്കുന്ന അധ്യാപകന്‍റെ കഥ അക്കാലത്ത് നിരവധി പ്രാദേശിക മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.