സഹൂലത്ത്: പലിശരഹിത കൂട്ടായ്മ തണലാകുമ്പോൾ...
text_fieldsസഹൂലത് മൈക്രോ ഫിനാൻസിങ് സൊസൈറ്റി. രാജ്യത്തെ നിയമവ്യവസ്ഥകൾക്ക് വിധേയമായി പലിശ രഹിത സാമ്പത്തിക സംവിധാനം നടപ്പാക്കാൻ കഴിയുമെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഇവർ
പണം വേണമെങ്കിൽ പലിശ കൊടുക്കണം. ഇതാണ് ലോകവ്യാപകമായ നടപ്പുരീതി. എന്നാൽ, ഇതിനൊരു പൊളിച്ചെഴുത്താണ് സഹൂലത് മൈക്രോ ഫിനാൻസിങ് സൊസൈറ്റി എന്ന എൻ.ജി.ഒ. രാജ്യത്തെ നിയമവ്യവസ്ഥകൾക്ക് വിധേയമായി പലിശ രഹിത സാമ്പത്തിക സംവിധാനം നടപ്പാക്കാൻ കഴിയുമെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഇവർ. തങ്ങളുടെയും സഹജീവികളുടെയും ഗുണപരമായ വളർച്ചക്ക് പലിശ വാങ്ങാതെ പണം നിക്ഷേപിക്കാൻ ലക്ഷക്കണക്കിന് ആളുകൾ തയാറാണെന്നും ഈ ചെറുകൂട്ടായ്മ ലോകത്തിന് കാണിച്ചുകൊടുത്തു.
സാമ്പത്തിക സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാൻ പലിശയല്ലാത്ത വരുമാനമാർഗങ്ങൾ ലഭ്യമാണ് എന്നതിന് 14വർഷത്തെ ഇവരുടെ പ്രവർത്തനം സാക്ഷി. സഹകരണ സംഘങ്ങൾക്കും സാധാരണക്കാർക്കും പലിശയെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ കഴിയുമെന്ന് ചുരുങ്ങിയകാലംകൊണ്ട് സഹൂലത് ബോധ്യപ്പെടുത്തി. സ്വയംതൊഴിൽ സംരംഭങ്ങൾക്കും കച്ചവട നവീകരണത്തിനും വായ്പ നൽകുമ്പോൾ ലഭിക്കുന്ന ലാഭവിഹിതമാണ് സൊസൈറ്റിയുടെ വരുമാനമാർഗം. സംരംഭങ്ങൾ നഷ്ടത്തിലായാൽ സൊസൈറ്റിയും നഷ്ടം സഹിക്കേണ്ടിവരും. എന്നാൽ, സൂക്ഷ്മമായ വിലയിരുത്തലും കൃത്യമായ മാർഗനിർദേശങ്ങളും നൽകുന്നതിനാൽ നഷ്ടസാധ്യത തുലോം തുച്ഛമാണെന്ന് സഹൂലത് സി.ഇ.ഒ ഒസാമ പറയുന്നു. കേരളത്തിലെ സംഗമം മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ ഓപറേറ്റിവ് സൊസൈറ്റി ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ 61 സൊസൈറ്റികളാണ് ഇവരുടെ മാർഗനിർദേശം അനുസരിച്ച് പ്രവർത്തിക്കുന്നത്.
ജീവിതം വഴിമാറ്റിയ കഥ
ജീവിതപ്രാരാബ്ധത്തിൽ വീർപ്പുമുട്ടുകയായിരുന്നു മൊബൈൽ റിപ്പയർ ഷോപ് ജീവനക്കാരനായ അശോക് കുമാർ. പകലന്തിയോളം ജോലി ചെയ്താൽ കിട്ടുന്നത് തുച്ഛമായ കൂലി. മക്കളുടെ വിദ്യാഭ്യാസച്ചെലവും വീട്ടുവാടകയും ഒന്നും ഒത്തുപോകുന്നില്ല. ഇതിനിടെയാണ്, കടയിൽ മൊബൈൽ നന്നാക്കാൻ വന്ന ഉപഭോക്താവ് വഴി സഹൂലത്തിന്റെ കീഴിലുള്ള ‘ഖിദ്മത്’ മൈക്രോ ഫിനാൻസ് സൊസൈറ്റിയെ കുറിച്ച് അറിയുന്നത്. ‘ഖിദ്മത്തി’ൽ ഓഹരി എടുത്ത് അംഗമായി ദിവസവും ചെറുതുക നിക്ഷേപിച്ചാൽ സ്വന്തമായി ബിസിനസ് സംരംഭം ആരംഭിക്കുന്നതിനും മറ്റും പലിശരഹിത ലോൺ ലഭിക്കുമെന്ന വിവരം അശോകിന്റെ ജീവിതത്തിൽ വഴിത്തിരിവായി. തന്റെ നാടായ തെലങ്കാന സംഗറെഡ്ഡിയിലെ ‘ഖിദ്മത്ത്’ ശാഖയിൽ അംഗമായി. ദിനേന 100 രൂപ നിക്ഷേപിച്ച ഇദ്ദേഹത്തിന് മൂന്ന് മാസത്തിന് ശേഷം സ്വന്തമായി മൊബൈൽ റിപ്പയർ ഷോപ്പ് തുടങ്ങാൻ 30,000 രൂപ പലിശരഹിത ലോൺ ലഭിച്ചു. ഇവിടെനിന്ന് പിന്നീട് വെച്ചടി വെച്ചടി കയറ്റം. കട വിപുലീകരിക്കാൻ പലതവണകളായി നിരവധി വായ്പകൾ ലഭിച്ചു. എല്ലാം പലിശരഹിതം.
“ഖിദ്മത്തിൽ നിന്ന് വായ്പ എടുക്കുന്നത് എളുപ്പമാണ്. സ്വന്തം ബിസിനസ് ആരംഭിക്കാനും സ്വത്ത് സമ്പാദിക്കാനും വഴിയൊരുക്കി. എന്റെ ജീവിതം തന്നെ ഖിദ്മത്തിലൂടെ മെച്ചപ്പെട്ടു. പഴയ ചെറിയ വാടകവീട്ടിൽനിന്ന് മാറി മാന്യവും വൃത്തിയുമുള്ള സ്ഥലത്താണ് ഇപ്പോൾ താമസം. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ കഴിയുന്നുണ്ട്.’’ -അശോക് കുമാർ പറയുന്നു.
തുണയായത് മൂന്നുലക്ഷം പേർക്ക്
രാജ്യത്തുടനീളം മൂന്നുലക്ഷം പേർക്കാണ് സഹൂലത്തിന് കീഴിലുള്ള സൊസൈറ്റികൾ തുണയായത്. തെരുവിൽ തുണിക്കച്ചവടക്കാരനായിരുന്ന ജംഷഡ്പൂരിലെ സുരേന്ദർ സിങ്ങിന് ‘സഹുലത്തി’ന് കീഴിലുള്ള ‘അൽ-ഖൈർ’ ക്രെഡിറ്റ് സൊസൈറ്റിയാണ് ജീവിതപാതയൊരുക്കിയത്. ഇപ്പോൾ തുണി മൊത്തക്കച്ചവടം നടത്തുന്ന കടയുടെ ഉടമയാണ് അദ്ദേഹം. തുണിഫാക്ടറി തൊഴിലാളിയായ ജബൽപൂർ സ്വദേശി ഷബീർ അൻസാരി, ബേക്കറി ഉടമയായി സന്തോഷത്തോടെ കുടുംബം പുലർത്തുന്നു. സഹൂലത്തിന് കീഴിലുള്ള ‘സുവിധ’ ക്രെഡിറ്റ് കോ ഓപറേറ്റീവ് സൊസൈറ്റിയാണ് ഷബീറിന് പിന്തുണയേകിയത്.
കോട്ടയം ഈരാറ്റുപേട്ടയിലെ ബാലകൃഷ്ണൻ തന്റെ സ്വന്തം പഴം-പച്ചക്കറിക്കട നവീകരിച്ച് വ്യാപാരം വിപുലീകരിച്ചു. ‘സംഗമം’ ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റിയാണ് ഇദ്ദേഹത്തിന്റെ വളർച്ചയിൽ സഹായമായത്. കൂലിപ്പണിക്കാരനായ പട്ന ഫുവാരി ഷെരീഫിലെ മുഹമ്മദ് സുബൈർ ഷോപ്പ് പലചരക്ക് കട തുടങ്ങിയതിന് പിന്നിലും സഹൂലത്തിന്റെ ‘അൽ-ഖൈർ’ സൊസൈറ്റിയുടെ കരങ്ങളുണ്ട്.
അംഗത്വമെടുക്കാനുള്ള എളുപ്പം, അധികഭാരമില്ലാത്ത തിരിച്ചടവ്, സൗകര്യപ്രദമായ ദൈനംദിന നിക്ഷേപ സംവിധാനം എന്നിവയാണ് അൽ-ഖൈറിന്റെ മേന്മയായി സുബൈർ എടുത്തുപറയുന്നത്. തന്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ അൽഖൈർ വഴിയൊരുക്കിയതായി അദ്ദേഹം പറയുന്നു. സാധാരണ ആവശ്യങ്ങൾക്ക് ഓഹരിയുടെ 10 ഇരട്ടിയും കച്ചവടത്തിന് 20 ഇരട്ടിയും സ്വയംതൊഴിലിന് 40 ഇരട്ടിയും ലോൺ ആയി നൽകുമെന്ന് ‘സംഗമം’ സി.ഇ.ഒ അഷ്ഫാഖ് പറയുന്നു.
പിന്നിലുണ്ട്, മലയാളി
ഉത്തരേന്ത്യയിലും മറ്റും സമൂഹത്തിൽ താഴെക്കിടയിലുള്ള മനുഷ്യരുടെ ജീവിതം കരളലിയിപ്പിക്കുന്നതാണ്. മോശം നിലവാരത്തിലുള്ള വിദ്യാഭ്യാസവും താമസവും ഭക്ഷണവുമാണ് ഇവർക്ക് തലമുറകളായി ലഭിക്കുന്നത്. രോഗമോ വിവാഹമോ വീടുനിർമാണമോ വന്നാൽ വട്ടിപ്പലിശക്ക് തലവെച്ചുകൊടുത്ത് ജീവിതകാലം മുഴുവൻ പലിശഭാരം പേറേണ്ട അവസ്ഥയിലാണ് ഈ മനുഷ്യർ. ഈ ദുഃസ്ഥിതിക്ക് പരിഹാരം കാണാൻ സമൂഹസേവനരംഗത്ത് നിലയുറപ്പിച്ച സുമനസ്സുകളുടെ വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ പൂർത്തീകരണമാണ് ‘സഹൂലത്’. ഗ്രാമങ്ങളിലും നഗരങ്ങളിലും അവിടെത്തന്നെയുള്ള മനുഷ്യരുടെ കൂട്ടായ്മ രൂപപ്പെടുത്തി അവരുടെ തന്നെ നിക്ഷേപം പലിശയുടെ വിഷം പുരളാതെ പരസ്പരം പങ്കുവെക്കലാണ് സഹൂലത്തിന്റെ അടിസ്ഥാന പ്രവർത്തന തത്വം. സ്വയംതൊഴിലിനും സംരംഭങ്ങൾക്കും അംഗങ്ങളുടെ മറ്റാവശ്യങ്ങൾക്കും ഇതിലൂടെ പരസ്പരം കൈത്താങ്ങാകും. സാമ്പത്തിക ശാസ്ത്രജ്ഞൻരുടെയും ഇസ്ലാമിക് ബാങ്കിങ് വിദഗ്ധരുടെയും നിരന്തരകൂടിയാലോചനകളിലൂടെയാണ് രാജ്യത്തെ സാമ്പത്തിക, ബാങ്കിങ് നിയമങ്ങൾക്ക് അനുസൃതമായ രീതിയിൽ സഹുലത്തിന് രൂപം നൽകിയത്. രാജ്യത്തെ സഹകരണ സൊസൈറ്റി നിയമപ്രകാരമാണ് പ്രവർത്തനം. അതിൽ ഇടപാടുകൾക്ക് പലിശ വാങ്ങുകയോ കൊടുക്കുകയോ ഇല്ല എന്നുമാത്രം. വിവിധ സംസ്ഥാനങ്ങളിൽ രൂപവത്കരിക്കുന്ന മൈക്രോഫിനാൻസ് സഹകരണ സൊസൈറ്റികൾക്ക് മാർഗനിർദേശം നൽകാനും അവയുടെ പ്രവർത്തനം നിയന്ത്രിക്കാനുമുള്ള കേന്ദ്രീകൃത സംവിധാനമായാണ് സഹൂലത് നിലകൊള്ളുന്നത്.
താഴ്ന്ന വരുമാനമുള്ള കുടുബങ്ങൾക്ക് തൊഴിൽ, വിദ്യാഭ്യാസ, പാർപ്പിട ആവശ്യങ്ങൾക്ക് ചെറുകിട പലിശരഹിത വായ്പകൾ നൽകുന്ന മൈക്രോ ഫിനാൻസ് സംവിധാനം രാജ്യവ്യാപകമായി സ്ഥാപിക്കുകയാണ് പ്രധാനലക്ഷ്യം. 2010ൽ ന്യൂഡൽഹിയിൽ തുടക്കംകുറിച്ച സഹുലത്തിന്റെ പ്രഥമ പ്രസിഡന്റ് മലയാളിയായ, 2021ൽ വിടപറഞ്ഞ പ്രഫ. കെ.എ. സിദ്ധീഖ് ഹസൻ ആയിരുന്നു. അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതി കൂടിയായിരുന്നു ഇത്. 14 വർഷം കൊണ്ട് സഹൂലത്തിന് കീഴിൽ 61 ക്രെഡിറ്റ് കോ ഓപറേറ്റീവ് സൊസൈറ്റികൾ രൂപവത്കരിച്ചു. 113 ബ്രാഞ്ചുകളിലായി 3 ലക്ഷം ഗുണഭോക്താക്കളാണ് നിലവിലുള്ളത്.
ഇതുവരെ 900 കോടിരൂപ അംഗങ്ങളിൽനിന്ന് നിക്ഷേപമായി സ്വീകരിച്ചു. വാർഷിക കാലാവധി തികഞ്ഞാൽ ഇവ അംഗങ്ങൾക്കു തന്നെ മടക്കിനൽകുകയാണ് ചെയ്യുക. 2023 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 262 കോടി രൂപയായിരുന്നു ഈ സഹകരണ സൊസൈറ്റികളിലെ നിക്ഷേപ ബാക്കിയിരുപ്പ്. 625 കോടി രൂപയാണ് അംഗങ്ങൾക്ക് ഇതുവരെ ലോൺ ആയി നൽകിയത്.
സ്വപ്നലക്ഷ്യങ്ങൾ
അഞ്ചുവർഷത്തിനകം 100 പുതിയ ബ്രാഞ്ചുകൾ തുടങ്ങുക എന്നതാണ് സഹൂലത്തിന്റെ അടുത്തലക്ഷ്യം. നിരവധി പാവപ്പെട്ടവർ വസിക്കുന്ന ഉത്തർ പ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്, അസം, രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമബംഗാൾ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഇക്കാലയളിൽ കൂടുതൽ ഊന്നൽ നൽകും. കോഴിക്കോട് ഹെഡ് ഓഫിസിന് പുറമേ മുക്കം, കുറ്റ്യാടി, ആലുവ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി നാല് ബ്രാഞ്ചുകളാണ് സംഗമത്തിന് കേരളത്തിലുള്ളത്. യു.പി.ഐ ട്രാൻസ്ഫർ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പലിശരഹിത സാമ്പത്തിക സംവിധാനത്തെ മുഖ്യധാര സാമ്പദ് വ്യവസ്ഥയോട് കിടപിടിക്കുന്ന തരത്തിൽ വളർത്താനുള്ള ഒരുക്കങ്ങളും അണിയറയിൽ സജീവമാണ്. എം.ടി.എം സംവിധാനം, ഓൺലൈൻ മണി ട്രാൻസ്ഫർ എന്നിവ സജ്ജമാക്കലും ഇതിന്റെ ഭാഗമാണ്. കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെയും സാമ്പത്തിക മന്ത്രാലയത്തിന്റെയും അനുമതിയോടെ ഇതിനുള്ള നീക്കം ഊർജിതമാക്കും. ബാങ്കുകളെയും പ്രധാന ധനകാര്യ സംവിധാനങ്ങളെയും പോലെ പലിശരഹിത സാമ്പത്തിക സംവിധാനവും രാജ്യത്തെ ‘സിസ്റ്റമിക്കലി ഇംപോർട്ടന്റ് സെക്ടർ’ ആക്കി മാറ്റുക എന്നതാണ് സഹൂലത് സ്വപ്നം കാണുന്ന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.