രാജകീയ അതിഥി മന്ദിരത്തിലെ പാചകക്കാരൻ ജോജി മടങ്ങുന്നു
text_fieldsറിയാദ്: ലോക രാഷ്ട്രനേതാക്കളെയെല്ലാം വിരുന്നൂട്ടുന്ന റിയാദിലെ രാജകീയ അതിഥിമന്ദിരത്തിൽ വച്ചുവിളമ്പാൻ ഇനി ജോജി ഇല്ല. മൂന്ന് പതിറ്റാണ്ട് പാകമായ പ്രവാസം വിളമ്പി തീർത്ത് ജോജി ജോഷ്വ എന്ന ആലുവക്കാരൻ പാചകപ്പുരയിൽനിന്ന് പടിയിറങ്ങുകയാണ്.
വിദേശ രാഷ്ട്രത്തലവന്മാരും ഭരണകർത്താക്കളുമുൾപ്പടെ വിശിഷ്ടരും പ്രമുഖരുമായ അതിഥികളെ റോയൽ പ്രോട്ടോക്കോളോടെ താമസിപ്പിക്കാൻ സൗദി ഗവൺമെൻറിന്‍റെ ഉടമസ്ഥതയിലുള്ള റിയാദ് കോൺഫറൻസ് പാലസിലെ ഈ എക്സിക്യുട്ടീവ് ഷെഫ് മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾ ട്രമ്പിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രണ്ടുതവണ ഉൾപ്പടെ ഒട്ടനവധി ലോകനേതാക്കളെ അവരുടെ അഭി'രുചി'ക്കനുസരിച്ച് വിരുന്നൂട്ടാൻ കഴിഞ്ഞ ഗംഭീരമായ ഓർമകളും ചാരിതാർഥ്യവുമായാണ് ജന്മനാട്ടിലേക്ക് മടങ്ങുന്നത്.
1992-ലാണ് ജോജി ജോഷ്വ റിയാദിലെത്തി കോൺഫറൻസ് പാലസിൽ ഷെഫാകുന്നത്. മസ്ക്കത്തിലെ അൽബുസ്താൻ പാലസിലും ബഹ്റൈൻ ഇൻറർകോണ്ടിനെൻറൽ ഹോട്ടലിലും നാലുവർഷം വീതം 'സെർവ്' ചെയ്ത പരിയവുമായാണ് 30 വർഷം മുമ്പ് റിയാദിലെത്തുന്നത്. മസ്ക്കത്തിലും ഗവൺമെൻറ് അതിഥിമന്ദിരമായതിനാൽ നിരവധി ലോക പ്രശസ്തരായ രാഷ്ട്രത്തലവന്മാർക്കും നേതാക്കൾക്കും വമ്പുവിളമ്പാനും അവരുമായി അടുത്തിടപഴകാനും അവസരം ലഭിച്ചിരുന്നു. റിയാദിലെത്തിയപ്പോഴും ലഭിച്ചത് അതേ അഭിമാനകരമായ അവസരം. രാജകീയ അതിഥികളുടെയെല്ലാം ഭക്ഷണകാര്യങ്ങളുടെ ചുമതല ജോജിക്കായിരുന്നു.
അമേരിക്കൻ പ്രസിഡൻറുമാരായിരുന്ന ജോർജ് ബുഷ്, അദ്ദേഹത്തിന്‍റെ പിതാവ് ബുഷ്, ഡൊണാൾഡ് ട്രമ്പ്, മുൻ പാക് പ്രസിഡൻറ് സിയാവുൽ ഹഖ്, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്, മുൻ പ്രതിരോധമന്ത്രി എ.കെ. ആൻറണി, ധനമന്ത്രിയായിരിക്കെ സൗദിയിലെത്തിയ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങി ലോകത്തെ വമ്പൻ നേതാക്കൾക്കെല്ലാം അവർക്കിഷ്ടപ്പെട്ട ഭക്ഷണങ്ങൾ വച്ചുവിളമ്പാനായി. വിഭവസമൃദ്ധവും ചാരിതാർഥ്യവുമായ പ്രവാസം.
മുപ്പതാണ്ടൊക്കെ വലിയ കാലയളവാണെന്നും ഇനി വയ്യ എന്ന് തോന്നി സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ജോജി ജോഷ്വ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ആദ്യകാലം മുതൽ തന്നെ സഹധർമിണി ലിസ ജോജി റിയാദിൽ ഒപ്പമുണ്ട്. ഏറെ ഫോളോവർമാരുള്ള ഫുഡ് വ്ലോഗറും അറിയപ്പെടുന്ന പാചകവിദഗ്ധയുമാണ് അവർ. സൗദിയിലും കേരളത്തിലും നടന്ന നിരവധി പാചകമത്സരങ്ങളിൽ വിജയിയായിട്ടുണ്ട്. കഴിഞ്ഞ മാസം റിയാദിൽ നടന്ന സൗദി ഭക്ഷ്യമേളയിൽ കേരളീയ വിഭവങ്ങളുമായി പാചക മത്സരത്തിൽ പങ്കെടുത്തിരുന്നു.
മക്കളും ദമ്പതിമാരുടെ പാത പിന്തുടർന്ന് പാചകരംഗവും ഹോട്ടലുമൊക്കെയായി ബന്ധപ്പെട്ട മേഖലയിലാണ് ജോലി ചെയ്യുന്നത്. മകൻ ദീപക് കാറ്ററിങ്ങിൽ ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ റവന്യൂ മാനേജർ ആയി സേവനം അനുഷ്ഠിക്കുന്നു. മകൾ ചെന്നൈ ഗ്രാൻഡ് ചോളൈ ഹോട്ടലിൽ പേസ്ട്രി ഷെഫ് ആണ്. മരുമകൻ സന്ദീപ് കപൂറും ഇതേ ഹോട്ടലിൽ ആണ് ജോലി ചെയ്യുന്നത്. മരുമകൾ ബബിത, തൃശൂരിലെ ഇൻറർനാഷനൽ ജർമോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്യോഗസ്ഥയാണ്. ജോജി ജോഷ്വയും ലിസ ജോജിയും വ്യാഴാഴ്ച രാവിലെ 10-ഓടെ സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.