'പഴയിട'ത്തിന്റെ ജീവിത ഗാഥ
text_fields
35 വര്‍ഷമായി തുടരുന്ന രുചികൂട്ട് ചെറുതും വലുതുമായി 35,000ലേറെ സദ്യകള്‍ ഒരുക്കി. നാട്ടിലെ ഓണാഘോഷങ്ങള്ക്കപ്പുറമാണ് ഗള്‍ഫ് നാടുകളിലെ ആഘോഷപരിപാടികളെന്നതാണ് അനുഭവം
പാചക വിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരിയുടെ ജീവിത വഴിയിലെ രുചികൂട്ടുകളില്‍ ഗള്‍ഫ് പ്രവാസികള്‍ക്കുമുണ്ട് ജീവിത പാഠങ്ങള്‍. കച്ചവടങ്ങളില്‍ അപകടം പിണയുമ്പോള്‍ ജീവിതത്തിന് പൂട്ടിടാന്‍ തുനിയുന്നവര്‍ക്ക് പ്രചോദനവും ആത്മവിശ്വാസം നല്‍കുന്നതാണ് പഴയിടത്തിന്റെ ജീവിത വഴി. ഭൗതിക ശാസ്ത്രത്തിലാണ് പഴയിടം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. പഠനം കഴിഞ്ഞിറങ്ങിയത് ലാബുകളിലേക്ക് മെറ്റീരിയലുകള്‍ എത്തിക്കുന്ന ബിസിനസില്‍.
കച്ചവടം നീണ്ടില്ല, പരാജയം കൂട്ടിനത്തെി. കടുത്ത നിരാശയില്‍ മരണം മാത്രമാണ് പോം വഴിയെന്ന ചിന്ത മനസില്‍ കയറികൂടി. 26ാം വയസ്സില്‍ ഇനി മരണം വരിക്കുകയെന്ന ലക്ഷ്യത്തോടെ വീട്ടില്‍ നിന്നിറങ്ങി ബസ് കയറി. അടുത്ത ജംഗ്ഷനില്‍ ബസ് നിര്‍ത്തിയപ്പോള്‍ പെട്ടികടയില്‍ മാസികയുടെ പുറം ചട്ടയില്‍ എം.ടി. വാസുദേവന്‍ നായരുടെ ചിത്രവും എം.ടിയുടെ പുതിയ നോവല്‍ 'രണ്ടാമൂഴം' തുടങ്ങിയെന്ന അറിയിപ്പും. വായന ജീവിതത്തിന്റെ ഭാഗമായിരുന്നു. എം.ടിയുടെ രചനകളും ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിതകളുമായിരുന്നു ഏറെയിഷ്ടം.
പ്രിയ എഴുത്തുകാരന്റെ പുതിയ നോവല്‍ കൂടി വായിച്ചിട്ടാകാം ഇനി ആത്മഹത്യയെന്ന് മനോഗതം. മാസിക വാങ്ങി കടത്തിണ്ണയില്‍ ഇരുന്നുതന്നെ വായിച്ചു. 'യാത്ര' എന്നായിരുന്നു ആദ്യ ലക്കത്തില്‍ നോവലിന് എം.ടിയുടെ തലക്കെട്ട്, മരണ യാത്രയിലേക്കിറങ്ങിയ തന്നെ എം.ടിയുടെ നോവലിന്റെ തലക്കെട്ട് തന്നെ പിടിച്ചിരുത്തുന്നതായെന്ന് പഴയിടം മോഹനന് നമ്പൂതിരി പറഞ്ഞു. കൊക്കയില്‍ ചാടിയോ വിഷം കഴിച്ചോ ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തകള്‍ വഴി മാറിയത് എം.ടിയുടെ യുധിഷ്ഠിരന് ഇടറുന്ന മനസിനെ സ്വയം ശാസിക്കുന്നിടത്താണ്.
നോവലില്‍ വരച്ചുകാണിച്ച ഭീമന്റെ ജീവിതം പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കണമെന്ന ചിന്ത മനസിലുണര്ത്തി. വാനപ്രസ്ഥ സമയം യുധിഷ്ഠിരനും അര്‍ജുനനും തളര്‍ന്നുവീണ ദ്രൗപദിയെ ഉപേക്ഷിച്ചുപോകുമ്പോള്‍ യാത്രയില്‍ തിരിച്ചുനടന്ന് ദ്രൗപദിയുടെ അടുക്കലത്തെുന്ന ഭീമന്. വിഷാദത്തോടെ കണ്ണുതുറന്ന് ഭീമനെ നോക്കിയുള്ള ദ്രൗപദിയുടെ മന്ദഹാസം. ഇതോടെ അവസാനിക്കുന്നതായിരുന്നു എം.ടിയുടെ നോവലിന്റെ ആദ്യ ലക്കം. വായനക്കാര്‍ക്ക് എം.ടി സമ്മാനിച്ചത് പുത്തന്‍ വായനാനുഭവവുമായിരുന്നെങ്കില് തനിക്കത് പുതു ജീവിതത്തിലേക്കുള്ള പിടിവള്ളിയായിരുന്നു -യു.എ.ഇയിലെത്തിയ പഴയിടം മോഹനന് നമ്പൂതിരി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
പഠിച്ചത് ഫിസിക്സ് ആയിരുന്നെങ്കിലും പാചക കലയില്‍ തെളിയാനായിരുന്നു ദൈവനിയോഗം. 1987ല്‍ നാട്ടിന്‍പുറത്തെ പരിപാടികളില്‍ ചെറിയ സദ്യകള്‍ ഒരുക്കിയായിരുന്നു തുടക്കം. ജില്ലാ കലോല്‍സവങ്ങള്‍, സംസ്ഥാന കലോല്‍സവങ്ങള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരിപാടികള്‍, നാട്ടിലും മറുനാട്ടിലുമുള്ള ഓണഘോഷങ്ങള്‍ തുടങ്ങിയവയുടെ അജണ്ടകളില്‍ തന്റെ രുചികൂട്ട് സ്ഥാനം പിടിച്ചതോടെ സമയം തെളിഞ്ഞു. 35 വര്‍ഷമായി തുടരുന്ന രുചികൂട്ട് ചെറുതും വലുതുമായി 35,000ലേറെ സദ്യകള്‍ ഒരുക്കി. നാട്ടിലെ ഓണാഘോഷങ്ങള്ക്കപ്പുറമാണ് ഗള്‍ഫ് നാടുകളിലെ ആഘോഷ പരിപാടികളെന്നതാണ് അനുഭവം.
ഗള്‍ഫില്‍ സദ്യ ഒരുക്കിയതില്‍ ബഹ്റൈനിലേത് വേറിട്ട അനുഭവമായിരുന്നു. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന് വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഓണാഘോഷത്തിലാണ് യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കായി താന്‍ ഒരുക്കിയ സദ്യ. ആദ്യമായി ഇസ്രായേലില്‍ ഓണ സദ്യ ഒരുക്കുന്നതിന് ക്ഷണം ലഭിച്ചിട്ടുണ്ട്.
സദ്യ ഒരുക്കുന്നതിനുള്ള പച്ചക്കറികളും മറ്റും നാട്ടില്‍ ലഭിക്കുന്നതിലും ഗുണനിലവാരത്തോടെ ഗള്‍ഫ് നാടുകളില്‍ ലഭിക്കുന്നുണ്ട്. സദ്യക്കാവശ്യമായ അനുബന്ധ ഉല്പന്നങ്ങള് ലഭിക്കുന്നതിനും ഗള്‍ഫില്‍ പ്രയാസമില്ല. എന്നാല്‍, ഇവ പാചകം ചെയ്യുന്നതിനനുസൃതമായ രീതിയിലുള്ള ചെമ്പുകളും പാത്രങ്ങളും ലഭിക്കാറില്ലെന്നും പഴയിടം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.