സൗദി ഭക്ഷ്യമേളയിൽ അപ്പവും ഫിഷ്മോളിയുമായി മലയാളി മങ്ക
text_fieldsറിയാദ്: സൗദി ഭക്ഷ്യമേളയിൽ കേരളീയ രുചിയായ അപ്പവും ഫിഷ്മോളിയും പാചകം ചെയ്ത് ഒരു മലയാളി മങ്ക. റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ ചൊവ്വാഴ്ച ആരംഭിച്ച 'ഫുഡെക്സ് സൗദി എക്സിബിഷൻ' ഒമ്പതാമത് എഡിഷനിൽ 'തത്സമയ പാചകകലാ മത്സരത്തിൽ' പങ്കെടുക്കുന്ന ഏക മലയാളി വനിതയാണ് ആലുവ സ്വദേശിനിയും യൂട്യൂബറുമായ ലിസ ജോജി.
വെള്ളിയാഴ്ച അവസാനിക്കുന്ന മേളയിൽ എല്ലാദിവസവും വൈകീട്ട് നടക്കുന്ന മത്സരത്തിൽ കേരളീയ തനിമയുടെ രുചിപെരുമ കൊണ്ട് മാറ്റുരക്കുകയാണ് അവർ. തികച്ചും നാടൻ ശൈലിയിൽ അപ്പവും ഫിഷ് മോളിയുമാണ് പാചകം ചെയ്യുന്നത്. മേള നഗരിയിൽ പ്രത്യേക കേരളീയ സ്റ്റാൾ ഒരുക്കിയാണ് മത്സരം. 'ലൈവ് കളിനറി ആർട് കോമ്പറ്റീഷൻ' രണ്ട് നിരയിലുള്ളവർക്ക് വേണ്ടിയാണ് നടക്കുന്നത്. പ്രഫഷനൽ പാചക വിദഗ്ധർക്കും യുവപ്രതിഭകൾക്കും വെവ്വേറെയാണ് മത്സരം.
നിരവധി വർഷങ്ങളായി റിയാദിൽ പ്രവാസിയായ ലിസ ജോജി ഏറെ ഫോളോവർമാരുള്ള ഫുഡ് വ്ലോഗറും അറിയപ്പെടുന്ന പാചകവിദഗ്ധയുമാണ്. സൗദിയിലും കേരളത്തിലും നടന്ന നിരവധി പാചകമത്സരങ്ങളിൽ വിജയിയായിട്ടുണ്ട്. സൗദി ഗവൺമെൻറിെൻറ അതിഥി മന്ദിരമായ റിയാദ് കോൺഫറൻസ് പാലസിൽ ചീഫ് ഷെഫായ ജോജിയാണ് ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.