ഷെഫ് പിള്ളയുടെ ഫിഷ് നീർവാണ കഴിച്ചിട്ടുണ്ടോ?
text_fieldsഷാർജ: പോർചുഗലിലെ സിറിയൻ കാത്തലിക് വീടുകളിലെ മുഖ്യ ഐറ്റമാണ് ഫിഷ് നീർവാണ. പൊരിച്ചെടുത്ത മീൻ കുഴിയുള്ള ചീനിച്ചട്ടിയിലിട്ട് തേങ്ങാപ്പാലും കുരുമുളകും മസാലകളും ചേർത്ത് വേവിച്ചെടുത്ത് വാഴയിലയിൽ വിളമ്പുന്ന ഫിഷ് നീർവാണ മലയാളത്തിന് പരിചയപ്പെടുത്തിയത് കൊല്ലംകാരൻ സുരേഷ് പിള്ളയാണ്. ഇങ്ങനെ എത്രയെത്ര പുതുരുചികളാണ് ഷെഫ് പിള്ള മലയാളികളുടെ നാവിൻതുമ്പിലേക്ക് ചാലിച്ചുനൽകിയത്. ഈ രുചികളെല്ലാം നേരിട്ടറിയാനും ആസ്വദിക്കാനും പഠിക്കാനും ഗൾഫ് മാധ്യമം ഷാർജ എക്സ്പോ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു. മേയ് 19, 20, 21 തീയതികളിൽ നടക്കുന്ന കമോൺ കേരളയിൽ സന്ദർശകരുമായി സംവദിക്കാനും പുതുപാഠങ്ങൾ പകർന്നുനൽകാനും ഷെഫ് പിള്ളയെത്തും.
പാചകത്തിനൊപ്പം സ്നേഹത്താൽ പൊതിഞ്ഞ വാചകവുമായാണ് പിള്ള മലയാളികളുടെ മനസ്സിൽ കുടിയേറിയത്. സിനിമ താരങ്ങളും ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം മിസ്റ്റർ പിള്ളയുടെ ആരാധക വൃന്ദത്തിൽപെടും. ലൈവ് കുക്കിങ് ക്ലാസും ടിപ്സുകളുമായി കമോൺ കേരളയിലെത്തുന്ന ഷെഫ് പിള്ള സദസ്സിനെ കൈയിലെടുക്കും. പാചകവുമായി ബന്ധപ്പെട്ട എന്ത് ചോദ്യവും പിള്ളയോട് ചോദിക്കാം. രുചികരമായ ഭക്ഷണമുണ്ടാക്കുന്നതിന്റെ ടിപ്സുകളും അദ്ദേഹം പറഞ്ഞുതരും.
ഭക്ഷണ മേഖലയിൽ ബിസിനസ് നടത്തുന്നവർക്കും പുതുസംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമുള്ള ഉപദേശങ്ങൾ പ്രിയപ്പെട്ട ഷെഫിൽനിന്ന് നേരിട്ട് കേട്ടറിയാം. സമൂഹമാധ്യമങ്ങളിലെ താരം കൂടിയായ ഷെഫ് പിള്ളയുടെ വൈറൽ രുചികൾ ആസ്വദിച്ചറിയാനും അതേക്കുറിച്ച് പഠിക്കാനും പരീക്ഷണം നടത്താനുമുള്ള വഴികൾ കമോൺ കേരളയുടെ ഷെഫ് മാസ്റ്റർ പരിപാടിയിലുണ്ടാകും.തത്സമയ പാചക പരീക്ഷണങ്ങളും നേരിൽ കണ്ടറിയാം. ഫുഡ് േവ്ലാഗർ ബാസിമും പിള്ളക്കൊപ്പം ചേരുന്നതോടെ ഭക്ഷണപ്രേമികൾക്ക് രുചിയുടെ പെരുന്നാളായിരിക്കും ഒരുങ്ങുക. കുടുംബങ്ങളിൽ ഉൾപ്പെടെ നിരവധി ഫോളോവേഴ്സുള്ള താരമാണ് ബാസിം.
മഹാമേളയുടെ ഭാഗമായി നടക്കുന്ന ഡെസർട്ട് മാസ്റ്റർ തത്സമയ പാചക മത്സരം, ടേസ്റ്റ് ഓഫ് ഇന്ത്യ ഭക്ഷ്യമേള എന്നിവക്ക് പുറമെയാണ് ഷെഫ് പിള്ളയുടെ ‘വിളയാട്ടം’. മുൻവർഷങ്ങളെ അപേക്ഷിച്ച് പകൽസമയം കൂടുതൽ ആഘോഷങ്ങളൊരുക്കിയാണ് ഇക്കുറി കമോൺ കേരളയെത്തുന്നത്. ഇതിൽ പ്രധാന ഇനമാണ് ഷെഫ് പിള്ളയുടെയും ബാസിമിന്റെയും ‘ഷെഫ് മാസ്റ്റർ’. www.cokuae.com വെബ്സൈറ്റ് വഴി സൗജന്യമായി പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.