ഫുഡ്ലാൻഡ്സ് പാചക മത്സരം; റുക്സാന ഹർഷാദ്, അംബ്രീൻ ജഹാംഗീർ, ഹർഷിദ ജാസം വിജയികൾ
text_fieldsമസ്കത്ത്: രാജ്യത്തെ പ്രമുഖ റസ്റ്റാറന്റുകളിലൊന്നായ ഫുഡ്ലാൻഡ്സ് നടത്തിയ പാചക മത്സരത്തിൽ റുക്സാന ഹർഷാദ് ഒന്നാം സ്ഥാനം നേടി. അംബ്രീൻ ജഹാംഗീർ ഒന്നാം റണ്ണറപ്പും ഹർഷിദ ജാസം രണ്ടാം റണ്ണറപ്പുമായി. വിജയികൾക്ക് സ്വർണ നാണയങ്ങളും സർട്ടിഫിക്കറ്റുകളും ഗിഫ്റ്റ് ഹാമ്പറുകളും നൽകി. അൽ ഖൂദിലെ ഫുഡ്ലാൻഡ്സ് കമേഴ്സ്യൽ കിച്ചണിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ അഞ്ചു മത്സരാർഥികളായിരുന്നു മാറ്റുരച്ചിരുന്നത്.
രണ്ടു മണിക്കൂറിനുള്ളിൽ തത്സമയം പാചകം ചെയ്ത് വിധികർത്താക്കൾക്കു മുന്നിൽ അവതരിപ്പിക്കുന്ന രീതിയിലായിരുന്നു മത്സരം. അഭിരുചി, നൂതനത്വം, സംഘടനാപരമായ കഴിവുകൾ, സമയ മാനേജ്മെന്റ്, അവതരണം, പാഴാക്കൽ, ശുചിത്വം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്. കോളമിസ്റ്റും ജനപ്രിയ ഫേസ്ബുക്ക് ഗ്രൂപ്പായ ‘വാട്സ് കുക്കിങ് ഒമാന്റെ’ ഉടമയുമായ ഒനേസ തബിഷ്, ഫുഡ്ലാൻഡ്സ് ഇന്ത്യൻ ഷെഫ് രാംസിങ് കുന്ദൻ സിങ്, ഫുഡ്ലാൻഡ്സ് കോണ്ടിനെന്റൽ ഷെഫ് ആര്യ വിജയ് ലാൽ, ഫുഡ്ലാൻഡ്സ് എക്സിക്യൂട്ടിവ് ഷെഫ് ലിബിൻ തോമസ് എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
പ്രാഥമിക റൗണ്ടിൽ മാത്രം ലഭിച്ച 300ലധികം പാചകക്കുറിപ്പുകളിൽനിന്ന് 75 പേരെയായിരുന്നു സെമി ഫൈനലിലേക്ക് തിരഞ്ഞെടുത്തിരുന്നത്. ഇവർക്കായി കഴിഞ്ഞ ഒക്ടോബറിൽ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടത്തിയ മത്സരത്തിൽനിന്നാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് അഞ്ചുപേർ യോഗ്യത നേടിയത്.
മത്സരാർഥികൾക്ക് തങ്ങളുടെ പാചക മികവുകളും വൈദഗ്ധ്യവും പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി മത്സരം മാറി. മികച്ച പാചക വിദഗ്ധരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി ഒമാനിൽ പാചക മത്സരങ്ങൾ നടത്തുന്ന സ്ഥാപനമാണ് ഫുഡ്ലാൻഡ്സ് റസ്റ്റാറന്റ്. ഭാവിയിലും ഇത്തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.