കുട്ടി മുഹമ്മദിന്റെ ചായക്ക് അരനൂറ്റാണ്ടിന്റെ കടുപ്പം
text_fieldsപട്ടാമ്പി: ഇവിടെയൊരു മധുരംകമ്മി, ഇവിടെയൊരു കട്ടൻ, എനിക്ക് മധുരംകുറച്ച് വെള്ളം കൂട്ടി ഒന്ന്, ഇവിടെയൊരു മീഡിയം, എനിക്കൊരു വിത്തൗട്ട്.....ചായകൾ ഏതൊക്കെവിധം പറഞ്ഞാലും 72ാം വയസ്സിലും കുട്ടിമുഹമ്മദിന്റെ കണക്കുകൾ പിഴക്കില്ല, ചായയിൽ പാലും തേയിലയും പഞ്ചസാരയുമെല്ലാം ചേരുംപടി ചേരുംപോലെ എല്ലാം എല്ലാവർക്കും കൃത്യമായി കിട്ടും.
ഇരുപതാം വയസ്സിൽ ചായയടിച്ച് തുടങ്ങിയ കുട്ടി മുഹമ്മദ് തന്റെ ജൈത്രയാത്ര തുടരുകയാണ്, അർധ സെഞ്ച്വറിയും പിന്നിട്ട്. സാധാരണക്കാർ തൊട്ട് രാഷ്ട്രീയത്തിലെ അതികായർവരെ ഈ 50 കൊല്ലത്തിനിടക്ക് കുട്ടി മുഹമ്മദിന്റെ ചായയുടെ രുചിയറിഞ്ഞിട്ടുണ്ട്. കൊപ്പം വിയറ്റ്നാംപടി പൂണോത്ത് മുഹമ്മദ് എന്ന കുട്ടി മുഹമ്മദിന്റെ ചായക്കടയാണ് അര നൂറ്റാണ്ടിന്റെ പാരമ്പര്യം പേറി രുചിക്കൂട്ടൊരുക്കുന്നത്. പുലർച്ച നാലിന് കുട്ടിമുഹമ്മദ് കടയിലെത്തും. നേരം വെളുക്കുന്നതോടെ ഭാര്യയുമെത്തും. പിന്നെ എണ്ണക്കടിക്കുപുറമെ പൊറോട്ടയും ബീഫും റെഡിയാകും. ഉച്ചയോടെ ചോറും.
റമദാനിൽ 30 ദിവസമല്ലാതെ കട പൂട്ടിയിടാറില്ല. അസുഖങ്ങൾ വന്നാൽ പോലും കടയടച്ച ചരിത്രമില്ല. എന്നാൽ, മാസങ്ങളോളമാണ് കോവിഡ് കാലത്ത് കട പൂട്ടിയിടേണ്ടി വന്നത്. കുട്ടി മുഹമ്മദിന് നാല് ആൺമക്കളും രണ്ടു പെൺമക്കളുമുണ്ട്. പേരില്ലാത്ത ചായക്കടക്ക് പേരിട്ടത് ആദ്യ പേരക്കുട്ടി പിറന്നപ്പോഴാണ്. മൂത്ത മകന്റെ കുട്ടിക്ക് അജ്മൽ എന്ന് പേര് വിളിച്ചു. പേരില്ലാത്ത ചായക്കട അന്ന് മുതൽ ഹോട്ടൽ അജ്മൽ ആയി. ചായക്കൊപ്പം വർത്തമാനങ്ങളും കടയിൽനിന്ന് അറിയാം. വർത്തമാന പത്രങ്ങളും ആനുകാലികങ്ങളും ഇവിടെ വായിക്കാം.
‘മാധ്യമം’ പത്രത്തിന്റെ തുടക്കം മുതലുള്ള വരിക്കാരനാണ്. മുഴുവൻ സമയ റേഡിയോ പ്രക്ഷേപണവും വ്യത്യസ്തതയാണ്. രാഷ്ട്രീയത്തിലെ അതികായൻമാർ വരെ തന്റെ ചായയുടെ രുചിയറിഞ്ഞവരാണെന്ന് അഭിമാനത്തോടെ ഇദ്ദേഹം പറയുന്നു. മുൻ മുഖ്യമന്ത്രിമാരായ ഇ.എം.എസ്. നമ്പൂതിരിപ്പാട്, സി.എച്ച്. മുഹമ്മദ് കോയ, മുസ്ലിം ലീഗ് നേതാവ് സുലൈമാൻ സേട്ട്, കമ്യൂണിസ്റ്റ് നേതാക്കളായ ഇ.പി. ഗോപാലൻ, എം.എൻ. ഗോവിന്ദൻ നായർ, കോൺഗ്രസ് നേതാക്കളായിരുന്ന വെള്ള ഈച്ചരൻ, കൊളാടി ഗോവിന്ദൻകുട്ടി, മന്ത്രി എം.ബി. രാജേഷ്, മുൻമന്ത്രി കെ.ഇ. ഇസ്മായിൽ അങ്ങനെ ഒട്ടേറെ പേർ ചായക്കടയി വന്നിട്ടുണ്ട്.
മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഒറ്റപ്പാലം പാർലമെന്റ് മണ്ഡലത്തിൽനിന്ന് ആദ്യമായി മത്സരിച്ചപ്പോൾ പ്രചാരണത്തിനിടെ കടയിൽ കയറി ചായ കുടിച്ചതും കുട്ടിമുഹമ്മദ് ഓർക്കുന്നു. കൊപ്പം-വളാഞ്ചേരി റൂട്ടിലാണ് വിയറ്റ്നാം പാടിയും കുട്ടിമുഹമ്മദിന്റെ ഹോട്ടൽ അജ്മലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.