കുഞ്ഞു നിഹാൽ, വലിയ ഷെഫ്
text_fieldsആലുവ: അഞ്ചാം വയസ്സിൽ പാചകത്തിൽ മികവ് തെളിയിച്ച് വലിയ ഷെഫായി മാറിയിരിക്കുകയാണ് മുഹമ്മദ് നിഹാൽ. എടയപ്പുറം പാറപ്പുറംവീട്ടിൽ താഹിറിെൻറ മകനായ നിഹാൽ ഇതിനകംതന്നെ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാണ്. രുചിയേറിയ വിവിധതരം ഭക്ഷണങ്ങൾ നിഹാൽ തയാറാക്കും. മൂന്നരവയസ്സുള്ളപ്പോളാണ് നിഹാൽ പാചകത്തിലുള്ള തെൻറ താൽപര്യം പ്രകടിപ്പിച്ച് തുടങ്ങിയത്.
അന്ന് ഉമ്മ നിഷ, വലിയുമ്മ ബീബു എന്നിവരെ അടുക്കളയിൽ സഹായിക്കലായിരുന്നു പണി. പത്തിരി, പൊറോട്ട തുടങ്ങിയവക്ക് മാവ് കുഴച്ച് കൊടുത്തതാണ് അടുക്കളയിൽ സ്ഥാനം ഉറപ്പിച്ചത്. താമസിയാതെ വിവിധതരം പലഹാരങ്ങളിലേക്കും ശ്രദ്ധതിരിഞ്ഞു. എല്ലാം പെട്ടെന്ന് കണ്ട് മനസ്സിലാക്കി സ്വന്തമായി തയാറാക്കാൻ നിഹാൽ മിടുക്കനാണ്. ഐ.ടി ഉദ്യോഗസ്ഥനായ പിതാവ് താഹിറാണ് നിഹാലിെൻറ കഴിവിനെ പുറംലോകത്ത് എത്തിച്ചത്. അദ്ദേഹം നിഹാലിെൻറ പാചകത്തിെൻറ ചെറിയ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇങ്ങനെയാണ് നിഹാൽ ഹിറ്റായി മാറിയത്. നിലവിൽ 'മെനു ബേക്കേഴ്സ്' പേരിൽ നിഹാലിെൻറ യൂ ട്യൂബ് ചാനലുണ്ട്. അറിയപ്പെടുന്ന ഷെഫുമാരടക്കം നിരവധിയാളുകളാണ് നിഹാലിനെ പ്രശംസിക്കുന്നത്. വിവിധ റസ്റ്റാറൻറുകൾ, റിസോർട്ടുകൾ തുടങ്ങിയവർ അവരുടെ ഭക്ഷണം പരിചയപ്പെടുത്താനും നിഹാലിനെ വിളിക്കാറുണ്ട്. പരസ്യ ചിത്രങ്ങളിലും ഈ കുഞ്ഞു താരം അഭിനയിച്ചിട്ടുണ്ട്.
ആലുവ സെൻറ് ഫ്രാൻസിസ് സ്കൂളിൽ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. അഞ്ചാംക്ലാസ് വിദ്യാർഥിനിയായ സഹോദരി നിദ ഫാത്തിമയും നിഹാലിെൻറ സഹായിയായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.