അനന്തപുരിക്ക് സ്വീഡിഷ് മധുരം വിളമ്പി നിത്യ
text_fieldsവട്ടിയൂര്‍ക്കാവ്: തലസ്ഥാന നഗരിക്ക് സ്വീഡിഷ് മധുരവിഭവങ്ങള്‍ സമ്മാനിച്ച് ഒരു സ്വീഡിഷ്-ഇന്ത്യൻ യുവതി. സ്വീഡനില്‍ ജനിച്ച് കേരളത്തില്‍ വാസമുറപ്പിച്ച പാചകവിദഗ്ധ ഇന്‍ഗ്രിഡിന്റെ മകള്‍ നിത്യയാണ് (29) വഴുതക്കാട് എം.പി. അപ്പന് റോഡില്‍ ‘കസാ ബേക്സ്’ എന്ന സ്വീഡിഷ് ബേക്കറി നടത്തുന്നത്. 1991ലാണ് സ്വീഡിഷ് ഹോട്ടല്‍ ഷെഫായ ഇന്‍ഗ്രിഡ് കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയത്. യോഗയോട് താൽപര്യമുള്ള ഇന്‍ഗ്രിഡ്, വഴുതക്കാട് സ്വദേശിയും യോഗ പരിശീലകനുമായ ശാന്തി പ്രസാദിനെ പരിചയപ്പെട്ടു. പരിചയം പ്രണയത്തിന് വഴിമാറി. ഒരു വര്‍ഷത്തിനകം ഇരുവരും വിവാഹിതരായി.
ഭക്ഷണപ്രിയനായ ശാന്തിപ്രസാദിന് ഇന്‍ഗ്രിഡ് സ്വീഡിഷ് കേക്കുകള്‍ തയാറാക്കി നല്കി. അന്ന് കേരളത്തിലെ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ് യൂറോപ്യന്‍ വിഭവങ്ങള്‍ ലഭിച്ചിരുന്നത്. 2005ല്‍ ‘കസാബിയംഗ’ എന്ന പേരിൽ കഫേ ആരംഭിച്ചു. 2010ല്‍ ഇന്‍ഗ്രിഡ് ഭര്‍ത്താവിനും മകള്‍ നിത്യക്കുമൊപ്പം സ്വീഡനിലേക്ക് പറന്നു. മൂന്ന് വര്‍ഷം മുമ്പാണ് നിത്യ തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. അതോടെ അമ്മ തലസ്ഥാനവാസികള്‍ക്ക് പകര്‍ന്ന സ്വീഡിഷ് രുചി മകള്‍ നിത്യയിലൂടെ വീണ്ടും ലഭ്യമായി.
ഇന്‍ഗ്രിഡ് കഫേ തുടങ്ങിയ അതേസ്ഥലത്താണ് നിത്യ ‘കസാ ബേക്സ്’ ആരംഭിച്ചത്. ഡൈനിങ് സൗകര്യമില്ല. വാട്സ് ആപ്പ്, ഇന്‍സ്റ്റ ഗ്രാം എന്നിവയിലൂടെ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. സ്വീഡിഷ് സിന്നമണ്‍ ബണ്‍, റാസ്ബറി പൈ, ചോക്ലേറ്റ് ചിപ്പ് എന്നിവക്ക് 300 രൂപ മുതല്‍ 1000 രൂപവരെയാണ് വില. നിത്യക്ക് സഹായത്തിനായി സഹോദരന് ആരോണുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.